Kerala

എം.ടിയുടെ ലോകം വളരെ വിശാലമാണ്, എന്‍റേത് ഒരു ചെറിയ ലോകവും; വികാരാധീനനായി ടി. പത്മനാഭന്‍

Published by

കണ്ണൂര്‍: എം.ടിയുടെ സർഗലോകം തന്‍റേതിനേക്കാള്‍ വലുതെന്നും അത് വെറുതെ പറയുന്നതല്ലെന്നും വലിയ ലോകത്ത് പറന്ന് നടന്ന എം.ടിയുടെ വിയോഗം ഇത്ര വേഗമാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും വികാരാധീനനായി ടി.പത്മനാഭൻ.

“അദ്ദേഹത്തിന്റെ ലോകം വളരം വിശാലമാണ്. വളരെ വിശാലമാണ്. എന്‍റേത് ഒരു ചെറിയ ലോകമാണ്. ഞാനവിടെ ഒതുങ്ങിക്കൂടുകയാണ് ചെയ്തത്. ഒതുങ്ങിക്കൂടിയത് എന്റെ സന്മമസ് കൊണ്ടൊന്നുമല്ല. എനിക്കത്രയുമേ കഴിയുകയുള്ളൂ. അദ്ദേഹത്തിന്റെ വിയോഗം നികത്താനാകാത്ത നഷ്ടമാണ്. ഇത് ക്ലീഷേയായി പറയുന്നതല്ല. സത്യമാണ്. അദ്ദേഹത്തിന്‍റേത് വളരെ വലിയ നഷ്ടമാണ്. ഈ നഷ്ടം എളുപ്പം നികത്താന്‍ കഴിയില്ല”, ടി.പത്മനാഭന്‍ പറഞ്ഞു.

‘ഒരാള്‍ മരിച്ചാല്‍ ആര്‍ക്കും ദുഃഖമുണ്ടാവില്ലേ. എനിക്കും ദുഃഖമുണ്ട്. വളരെ കാലത്തെ പരിചയമാണ്. 1950 മുതലുള്ള പരിചയമാണ്. 75 കൊല്ലമായില്ലേ. ധാരാളം അനുഭവങ്ങളുണ്ട്. നല്ലതും ചീത്തയുമായ… സമ്മിശ്ര അനുഭവങ്ങളാണ്. അദ്ദേഹം കഴിഞ്ഞ ഒന്നു രണ്ട് ആഴ്ചയായി പ്രായാധിക്യത്തിന്റെ വിഷമങ്ങളായി ബുദ്ധിമുട്ടുകയായിരുന്നു. എനിക്ക് പോകാനോ കാണാനോ കഴിഞ്ഞിട്ടില്ല. ഒരു വീഴ്ചയുണ്ടായതിനാല്‍ മൂന്നാഴ്ചയായി ചികിത്സയിലാണ്. അല്ലെങ്കില്‍ കൃത്യമായി എം ടിയെ കാണാന്‍ പോകുമായിരുന്നു. ഏറ്റവുമൊടുവില്‍ കണ്ടത് രണ്ട് വര്‍ഷം മുമ്പാണ് തിരുവനന്തപുരത്തുവെച്ച്. അദ്ദേഹത്തിനും എനിക്കും വിഷമമുണ്ട്. അന്ത്യം ഇത്രയും വേഗത്തില്‍ വരുമെന്ന് വിചാരിച്ചില്ല. എന്നെപ്പോലെയല്ല അദ്ദേഹം. ഞാന്‍ ചെറിയ മേഖലയില്‍ ഒതുങ്ങികൂടിയവനാ. എം ടി അങ്ങനെയല്ല. കഥകളെഴുതി, നോവല്‍ എഴുതി, നാടകം, സിനിമാ തിരക്കഥ, സംവിധാനം എന്നിവ നിർവഹിച്ചു.  ടി പത്മനാഭന്‍ പ്രതികരിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക