കോട്ടയം: ഏതുവിധേനയും സഹകരണ ബാങ്കുകള്‍ പിടിച്ചടക്കി ഭരണ നേതൃത്വം കൈയാളുകയും പാര്‍ട്ടി ബന്ധുക്കളെ മാത്രം ജീവനക്കാരായി നിയമിക്കുകയും ചെയ്ത് എക്കാലവും കെടുകാര്യസ്ഥതയും അഴിമതിയും മൂടിവയ്ക്കാമെന്ന സിപിഎം ഗൂഢതന്ത്രമാണ് ഒന്നൊന്നായി പൊളിയുന്നത്. വസ്തുവിന്റെ മൂല്യം നോക്കാതെ പാര്‍ട്ടി നേതാക്കള്‍ക്ക് ദശലക്ഷങ്ങള്‍ വായ്പ നല്‍കിയതാണ് പല സഹകരണ സംഘസ്ഥാപനങ്ങളെയും പ്രതിസന്ധിയിലാക്കിയത്. എക്കാലവും നമ്മള് തന്നെ ഭരിക്കും എന്ന അമിതവിശ്വാസത്തില്‍ വായ്പ തിരിച്ചടക്കാറുമില്ല. ഇടതു പക്ഷത്തിന് സംസ്ഥാന ഭരണത്തില്‍ രണ്ടാമൂഴം ലഭിച്ചതോടെ ആത്മവിശ്വാസമേറുകയും ചെയ്തു. സഹകരണവകുപ്പ് സിപി എം തന്നെ കൈയാളുന്നതും ഇത്തരക്കാര്‍ക്ക് സംരക്ഷണ കവചം തീര്‍ക്കാനാണ്.
കട്ടപ്പന റൂറല്‍ ഡെവലപ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തതിനാല്‍ വ്യാപാരിയായ സാബു തോമസ് ജീവനൊടുക്കിയതോടെ സിപിഎം ഭരിക്കുന്ന ഈ സഹകരണ സ്ഥാപനത്തിന്റെ ക്രമക്കേടുകളും പുറത്തുവരുകയാണ്. 2023ലെ ഓഡിറ്റ് പ്രകാരം 4.38 കോടി രൂപയുടെ നഷ്ടത്തിലാണ് സൊസൈറ്റി പ്രവര്‍ത്തിക്കുന്നത്. അംഗത്വം പോലും നല്‍കാതെ വായ്പ അനുവദിച്ചതായുള്ള വിവരവും പുറത്തുവന്നു. 5 ലക്ഷം രൂപ മാത്രം വായ്പ അനുവദിക്കാന്‍ അനുമതിയുള്ള സൊസൈറ്റി പത്ത് ലക്ഷം രൂപയ്ക്കു മുകളില്‍ പലര്‍ക്കും വായ്പ നല്‍കിയിട്ടുണ്ട്. അനുമതിയില്ലാതെ രണ്ട് ശാഖകള്‍ ആരംഭിക്കുകയും പാര്‍ട്ടി ബന്ധുക്കളെ നിയമിക്കുകയും ചെയ്തതും പ്രതിസന്ധിക്ക് ആക്കം കൂട്ടി. ഈ സാഹചര്യത്തിലാണ് നിക്ഷേപകര്‍ക്ക് പണം തിരിച്ചുകൊടുക്കാന്‍ കഴിയാതെ പോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: