Kerala

സ്വകാര്യ നഴ്‌സിംഗ് കോളേജുകള്‍ പരിധി വിട്ടു, സര്‍വകലാശാലയ്‌ക്കും നഴ്‌സിംഗ് കൗണ്‍സിലും മൂക്കുകയറിട്ട് സര്‍ക്കാര്‍

Published by

തിരുവനന്തപുരം: വാളകത്തെ മേഴ്‌സി കോളേജും വടശ്ശേരിക്കരയിലെ ശ്രീഅയ്യപ്പ നഴ്‌സിംഗ് കോളേജും ചട്ടം ലംഘിച്ച് മുഴുവന്‍ സീറ്റിലും മാനേജ്‌മെന്റ് ക്വാട്ടയില്‍ പ്രവേശനം നല്‍കിയ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കി സംസ്ഥാന സര്‍ക്കാര്‍. ചട്ടങ്ങള്‍ മറികടന്ന് സ്വന്തം നിലയ്‌ക്ക് തീരുമാനങ്ങളെടുക്കാന്‍ വരെ ചില സ്വകാര്യ നഴ്‌സിംഗ് കോളേജുകള്‍ തയ്യാറായതോടെ അതിനു തടയിടാന്‍ ഒടുവില്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാവുകയായിരുന്നു. നഴ്‌സിംഗ് സീറ്റ് അലോട്ട്‌മെന്‌റ് മുതല്‍ പ്രവേശന തിയതി വരെയുള്ള കാര്യങ്ങളില്‍ കര്‍ശന വ്യവസ്ഥകളാണ് ഏര്‍പ്പെടുത്തിയത്. പല കാര്യങ്ങളിലും ആരോഗ്യ സര്‍വകലാശാലയുടെയും കേരള നഴ്‌സിംഗ് കൗണ്‍സിലിന്റെയും അധികാരങ്ങള്‍ കുറച്ച് സര്‍ക്കാര്‍ നേരിട്ടു നിയന്ത്രിക്കും വിധമാണ് പുതിയ മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. മാനേജ്‌മെന്റ് , മെരിറ്റ് എന്നിവ വേര്‍തിരിച്ച് സീറ്റ് മെട്രിക്‌സ് എന്ന പേരില്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ച ശേഷമേ മാനേജ്‌മെന്റ് പ്രവേശനം നടത്താന്‍ കോളേജുകള്‍ക്ക് പ്രവേശന മേല്‍നോട്ട സമിതി അനുമതി നല്‍കാന്‍ പാടുള്ളൂ എന്ന് വ്യവസ്ഥ ചെയ്തു.ഇതിനു വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ പ്രവേശനം റദ്ദാക്കും. എല്‍ബിഎസ് മുഖേനയുള്ള പ്രവേശനവും തീയതിയും സര്‍ക്കാര്‍ തന്നെ നിശ്ചയിക്കും. ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സില്‍ പ്രവേശനം അവസാനിപ്പിക്കാനുള്ള തീയതി ദീര്‍ഘിപ്പിക്കുന്ന പശ്ചാത്തലത്തില്‍ അന്തിമ നടപടി സംസ്ഥാന സര്‍ക്കാര്‍ നേരിട്ടു തീരുമാനിക്കും.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക