Kerala

ജീവിതത്തിലെ ഏറ്റവും വലിയ മോഹം നടക്കാത്തതിന്റെ വേദന…ഭീമന്റെ ദു:ഖമായ രണ്ടാമൂഴം സിനിമയായി കാണാന്‍ കഴിയാതെ എംടി യാത്രയായി

എംടിയുടെ ജീവിതത്തിലെ അന്ത്യഘട്ടത്തിലെ ഏറ്റവും വലിയ മോഹം ഒന്നുമാത്രമായിരുന്നു. താന്‍ വര്‍ഷങ്ങളായി തപസ്സുചെയ്തെടുത്ത ഭീമന്‍റെ ദു:ഖമായ രണ്ടാമൂഴം എന്ന നോവല്‍ സിനിമയായി കാണണം എന്ന മോഹം. മറ്റാര്‍ക്കം അതിന് കഴിയില്ലെന്ന് അറിയുന്നതിനാല്‍ എംടി തന്നെ രണ്ടാമൂഴത്തിന്‍റെ തിരക്കഥയും രചിച്ചു. എന്നിട്ടും അത് സിനിമയായി കാണാന്‍ കഴിയാതെ മഹാഭാരതത്തെ പുനസൃഷ്ടിച്ച കഥാകാരന്‍ വിടവാങ്ങി.

തിരുവനന്തപുരം: എംടിയുടെ ജീവിതത്തിലെ അന്ത്യഘട്ടത്തിലെ ഏറ്റവും വലിയ മോഹം ഒന്നുമാത്രമായിരുന്നു. വര്‍ഷങ്ങളുടെ തപം കൊണ്ട് പുനസൃഷ്ടിച്ച മഹാഭാരത ഇതിഹാസമായ രണ്ടാമൂഴം  എന്ന നോവല്‍ സിനിമയായി കാണണം എന്ന മോഹം. മറ്റാര്‍ക്കം അതിന് കഴിയില്ലെന്ന് അറിയുന്നതിനാല്‍ എംടി തന്നെ രണ്ടാമൂഴത്തിന്റെ തിരക്കഥയും രചിച്ചു. എന്നിട്ടും അത് സിനിമയായി കാണാന്‍ കഴിയാതെ മഹാഭാരതത്തെ പുനസൃഷ്ടിച്ച കഥാകാരന്‍ വിടവാങ്ങി.

അവസാനനാളുകളില്‍ ഈ മോഹം ഒരു മുറിവായി എംടിയെ വേദനിപ്പിച്ചുകൊണ്ടേയിരുന്നു. അഡ്വാന്‍സായി രണ്ടു കോടി രൂപ വാങ്ങി തിരക്കഥ സിനിമയാക്കാന്‍ ഒരാളെ ഏല്‍പിച്ചതാണ്.യുഎഇയിലെ ബിസിനസ് ഭീമനായ ഡോ.ബി.ആര്‍. ഷെട്ടി ആയിരം കോടി രൂപ ചെലവില്‍ രണ്ടാമൂഴം സിനിമയാക്കാമെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോനുമായി ധാരണയായതാണ്. മോഹന്‍ലാലിനെ ഭീമന്‍ എന്ന കഥാപാത്രമായി ഉറപ്പിക്കുകയും ചെയ്തു.ഭീമന്റെ ദുഖം അഭ്രപാളികളില്‍ വൈകാതെ കാണാന്‍ കഴിയുമെന്ന് എംടി മോഹിച്ചു. പക്ഷെ  ഒരു പിടി കാരണങ്ങളാല്‍ അദ്ദേഹത്തിന്റെ ബിസിനസ് പ്രതിസന്ധിയില്‍ അകപ്പെട്ടതോടെ രണ്ടാമൂഴം എന്ന സ്വപ്നവും കൈവിട്ടു. പക്ഷെ കാത്തിരിപ്പ് രണ്ട് വര്‍ഷം നീണ്ടുപോയപ്പോള്‍ എംടി അസ്വസ്ഥനായി. ഒടുവില്‍ തിരക്കഥ തിരിച്ചുകിട്ടാന്‍ കോടതി കയറേണ്ടിയും വന്നു. അങ്ങിനെയാണ് തിരക്കഥ തിരിച്ചുകിട്ടിയത്. ഒരു മലയാളതിരക്കഥയ്‌ക്ക് സ്വപ്നം കാണാന്‍ മാത്രം കഴിഞ്ഞിരുന്ന അത്രയും വലിയ അഡ്വാന്‍സ് തുക തിരിച്ചേല്‍പിക്കുകയും ചെയ്തു. അത്രയ്‌ക്കായിരുന്നു എംടിയുടെ തിരക്കഥയുടെ ജനപ്രീതി.

രണ്ടാമൂഴം ഒരു ബ്രഹ്മാണ്ഡസിനിമയാണ്. അത് യാഥാര്‍ത്ഥ്യമാക്കാന്‍ വേണ്ടിയിരുന്നത് റിസ്കെടുക്കാന്‍ തയ്യാറുള്ള സാഹസികനായ ഒരു നിര്‍മ്മാതാവായിരുന്നു. അങ്ങിനെ ഒരാള്‍ വന്നില്ല. അഡ്വാന്‍സ് തിരികെക്കൊടുത്ത് കോടതി വഴി തിരക്കഥ കയ്യില്‍ വന്നെങ്കിലും അത് വെളിച്ചം കാണാതെ ഇരുന്ന ഓരോ നിമിഷവും  ആത്മനൊമ്പരമായി ഈ ജ്ഞാനപീഠജേതാവിനെ ഉള്ളില്‍ കാര്‍ന്നു തിന്നിരുന്നു. ഏതൊരു എഴുത്തുകാരനെയും പോലെ തന്റെ സൃഷ്ടി അതിന്റെ പരിപൂര്‍ണ്ണതയില്‍ കാണണമെന്ന മോഹം സഫലീകരിക്കാനാകാത്തതിന്റെ ദുഖം അത്രയ്‌ക്കായിരുന്നു.

തന്റെ മോഹം സഫലമാക്കാന്‍ ആരെങ്കിലും  വരുമെന്ന് കഥാകാരാന്‍ പ്രാര്‍ത്ഥനാപൂര്‍വ്വം കാത്തുകാത്തിരുന്നു. ഭീമനാകാന്‍ നടന്‍ മോഹന്‍ലാല്‍ വരെ ഒരുക്കവുമായിരുന്നു. പക്ഷെ ആ സ്വപ്നം നീണ്ടുനീണ്ടുപോയി. കാരണം 1000 കോടിയോ അതിനു മുകളിലോ വേണ്ടിവരും മഹാഭാരതമെന്ന ഇതിഹാസത്തെ ഉപജീവിച്ചെഴുതിയ ആ നോവലിനെ അഭ്രപാളിയിലാക്കാന്‍. അതിനിടയില്‍ ഹൃദ്രോഗത്തിന്റെ രൂപത്തില്‍ എല്ലാ സ്വപ്നങ്ങളും തകര്‍ത്ത് മരണം കഥാകാരനെ തട്ടിയെടുത്തു.

രണ്ടാമൂഴം എന്ന നോവല്‍ വാര്‍ന്നുവീണിട്ട് ഇപ്പോള്‍  40 വര്‍ഷം കഴിഞ്ഞിരിക്കുന്നു.  ഇതിനിടെ 64 പതിപ്പുകളും ഒട്ടേറെ ഭാഷകളിലേക്കുള്ള മൊഴിമാറ്റവും വഴി രണ്ടാമൂഴം അതിന്റെ സാഹിതീയമായ ജൈത്രയാത്ര തുടരുക തന്നെയാണ്. ലോകസാഹിത്യത്തില്‍ ഇംഗ്ലീഷല്ലാത്ത ഒരു ഭാഷയില്‍  ഇങ്ങിനെ സാഹിത്യകൃതിയുടെ വിജയം അത്യപൂര്‍വ്വം. അത് മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ എംടിയ്‌ക്ക് മാത്രം അവകാശപ്പെട്ടതാണ്.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക