നരേന്ദ്ര മോദി
പ്രധാനമന്ത്രി
ഇന്ന്, ഡിസംബര്‍ 25, നമുക്കു വളരെ സവിശേഷമായ ദിവസമാണ്. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിജിയുടെ നൂറാം ജന്മവാര്‍ഷികം രാഷ്ട്രം ആഘോഷിക്കുകയാണ്. എണ്ണമറ്റ വ്യക്തികളെ പ്രചോദിപ്പിക്കുന്ന രാഷ്ട്രതന്ത്രജ്ഞനായി അദ്ദേഹം ഇന്നും നിറഞ്ഞു നില്ക്കുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്കുള്ള ഇന്ത്യയുടെ പരിവര്‍ത്തനത്തിന്റെ ശില്പിയായതിന് നമ്മുടെ രാജ്യം, എപ്പോഴും അടല്‍ജിയോട് കടപ്പെട്ടിരിക്കും. 1998 ല്‍ അദ്ദേഹം പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ രാജ്യം രാഷ്ട്രീയ അസ്ഥിരതയുടെ കാലഘട്ടത്തിലൂടെ കടന്നുപോവുകയായിരുന്നു. ഏകദേശം 9 വര്‍ഷത്തിനിടെ നാം നാല് ലോക്സഭാ തെരഞ്ഞെടുപ്പുകള്‍ക്ക് സാക്ഷിയായി. ഇന്ത്യയിലെ ജനങ്ങള്‍ അക്ഷമരാവുകയും ഗവണ്മെന്റുകളുടെ പ്രകടനങ്ങളെക്കുറിച്ച് സംശയിക്കുകയും ചെയ്തു. സുസ്ഥിരവും ഫലപ്രദവുമായ ഭരണം നല്കി ഈ ചാഞ്ചാട്ടം അവസാനിപ്പിച്ചത് അടല്‍ജിയാണ്.
എളിയ പശ്ചാത്തലത്തില്‍ നിന്ന് വന്ന അദ്ദേഹം സാധാരണ പൗരന്റെ പോരാട്ടങ്ങളും ഫലപ്രദമായ ഭരണത്തിന്റെ പരിവര്‍ത്തന ശക്തിയും തിരിച്ചറിഞ്ഞു.
നമുക്ക് ചുറ്റുമുള്ള പല മേഖലകളിലും അടല്‍ജിയുടെ നേതൃത്വത്തിന്റെ ദീര്‍ഘകാല സ്വാധീനം കാണാം. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ടെലികോം, കമ്മ്യൂണിക്കേഷന്‍സ് എന്നീ രംഗങ്ങളില്‍ അദ്ദേഹത്തിന്റെ കാലഘട്ടത്തില്‍ വന്‍ കുതിച്ചുചാട്ടം തന്നെയുണ്ടായി. വളരെ ചലനാത്മകമായ യുവശക്തിയാല്‍ അനുഗൃഹീതമായ, നമ്മുടേതുപോലുള്ള ഒരു രാജ്യത്തിന് ഇത് വളരെ പ്രധാനപ്പെട്ടതായിരുന്നു. അടല്‍ജിയുടെ കീഴിലുള്ള എന്‍ഡിഎ ഗവണ്മെന്റ്, സാധാരണ പൗരന്മാര്ക്ക് സാങ്കേതിക വിദ്യ ലഭ്യമാക്കാനുള്ള ഗൗരവമായ ശ്രമങ്ങള്‍ ആദ്യമായി നടത്തി. അതേസമയം, ഇന്ത്യയിലെ കണക്റ്റിവിറ്റിയുമായി ബന്ധപ്പെട്ട പദ്ധതികളില്‍ അദ്ദേഹത്തിന് ദീര്‍ഘവീക്ഷണമുണ്ടായിരുന്നു. ഇന്ത്യയെ അങ്ങോളമിങ്ങോളം ബന്ധിപ്പിച്ച ഗോള്‍ഡന്‍ ക്വാഡ്രിലാറ്ററല്‍ പദ്ധതി ഇന്നും മിക്കവരും ഓര്‍ക്കുന്നു. പ്രധാന്‍മന്ത്രി ഗ്രാമ സഡക് യോജന പോലുള്ള സംരംഭങ്ങളിലൂടെ പ്രാദേശിക കണക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കാനുള്ള വാജ്പേയി ഗവണ്മെന്റിന്റെ ശ്രമങ്ങളും ശ്രദ്ധേയമാണ്. അതുപോലെ, ലോകോത്തര അടിസ്ഥാനസൗകര്യ പദ്ധതിയായി വേറിട്ടുനില്‍ക്കുന്ന ഡല്‍ഹി മെട്രോയ്ക്കായി വിപുലമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തുകൊണ്ട് അദ്ദേഹത്തിന്റെ ഗവണ്മെന്റ് മെട്രോ കണക്റ്റിവിറ്റിക്ക് പ്രോത്സാഹനം നല്കി. സാമ്പത്തിക വളര്‍ച്ചയെ ഉത്തേജിപ്പിക്കുക മാത്രമല്ല, വിദൂര പ്രദേശങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുകയും സമൂഹത്തില്‍ ഐക്യവും സംയോജനവും വളര്‍ത്തുകയും ചെയ്തു.
സാമൂഹിക മേഖലയുടെ കാര്യം വരുമ്പോള്‍, രാജ്യത്തുടനീളമുള്ള ജനങ്ങള്‍ക്ക്, പ്രത്യേകിച്ച് ദരിദ്രര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും, ആധുനിക വിദ്യാഭ്യാസം പ്രാപ്യമായ ഭാരതം കെട്ടിപ്പടുക്കാന്‍ അടല്‍ജി സ്വപ്നം കണ്ടതെങ്ങനെയെന്ന് സര്‍വ്വശിക്ഷാ അഭിയാന് പോലുള്ള സംരംഭം എടുത്തുകാണിക്കുന്നു. അദ്ദേഹത്തിന്റെ ഗവണ്മെന്റ് നിരവധി സാമ്പത്തിക പരിഷ്കാരങ്ങള്‍ക്ക് നേതൃത്വം നല്കി. അത് പതിറ്റാണ്ടുകള്‍ നീണ്ട സ്വജനപക്ഷപാതത്തെയും സാമ്പത്തിക സ്തംഭനാവസ്ഥയെയും തകര്‍ത്ത് സാമ്പത്തിക കുതിച്ചുചാട്ടത്തിന് കളമൊരുക്കി.
1998-ലെ വേനല്‍ക്കാലം വാജ്പേയിജിയുടെ നേതൃത്വത്തിന്റെ അത്ഭുതകരമായ ഉദാഹരണമാണ്. അദ്ദേഹത്തിന്റെ ഗവണ്മെന്റ് അധികാരമേറ്റപ്പോള്‍ മെയ് 11-ന് ഓപ്പറേഷന് ശക്തി എന്നറിയപ്പെടുന്ന പൊഖ്റാന്‍ പരീക്ഷണം ഇന്ത്യ നടത്തി. ഈ പരീക്ഷണം, ഇന്ത്യയുടെ ശാസ്ത്ര സമൂഹത്തിന്റെ മികവിന് ഉദാഹരണമായിരുന്നു. ഇന്ത്യ പരീക്ഷണങ്ങള്‍ നടത്തിയതോടെ ലോകം ആശ്ചര്യപ്പെടുകയും അനിശ്ചിതത്വത്തിന്റെ രോഷം പ്രകടിപ്പിക്കുകയും ചെയ്തു. ഏതൊരു സാധാരണ നേതാവും ആ സാഹചര്യത്തില്‍ പ്രതിസന്ധി നേരിടുമായിരുന്നു. എന്നാല്‍ അടല്‍ജി വ്യത്യസ്തമായി പ്രതികരിച്ചു. പിന്നെ എന്താണ് സംഭവിച്ചത്? രണ്ട് ദിവസത്തിന് ശേഷം, മെയ് 13 ന് മറ്റൊരു സെറ്റ് പരീക്ഷണത്തിന് ഗവണ്മെന്റ് ആഹ്വാനം ചെയ്യുകയും രാജ്യം അതില്‍ ഉറച്ചു നില്‍ക്കുകയും ചെയ്തു. 11-ലെ ആണവ പരീക്ഷണം ശാസ്ത്രീയ വൈദഗ്ധ്യം പ്രകടമാക്കിയെങ്കില്‍, 13-ലെ പരീക്ഷണം യഥാര്‍ത്ഥ നേതൃപാടവം പ്രതിഫലിപ്പിച്ചു. ഭീഷണികള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കും വഴങ്ങി ഇന്ത്യ അടിയറവ് പറയുന്ന നാളുകള്‍ കഴിഞ്ഞുപോയതായി ലോകത്തിനുള്ള സന്ദേശമായിരുന്നു അത്. അന്താരാഷ്ട്ര ഉപരോധങ്ങള്‍ നേരിടേണ്ടി വന്നിട്ടും, വാജ്പേയിജിയുടെ ഗവണ്മെന്റ് ഉറച്ചുനിന്നു. പരമാധികാരം സംരക്ഷിക്കാനുള്ള ഇന്ത്യയുടെ അവകാശം വ്യക്തമാക്കിക്കൊണ്ട്, ലോകസമാധാനത്തിന്റെ ഏറ്റവും ശക്തമായ വക്താവായി ഇന്ത്യ നിലകൊണ്ടു.
അടല്‍ജി, ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ചും അതിനെ കൂടുതല്‍ ശക്തമാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും മനസ്സിലാക്കിയിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സഖ്യങ്ങളെ പുനര്‍നിര്‍മിച്ച എന്‍ഡിഎ രൂപീകരണത്തിന് അടല്‍ജി അധ്യക്ഷത വഹിച്ചു. അദ്ദേഹം ജനങ്ങളെ ഒരുമിച്ച് കൊണ്ടുവന്ന് എന്‍ഡിഎയെ വികസനത്തിനും ദേശീയ പുരോഗതിക്കും പ്രാദേശിക അഭിലാഷങ്ങള്‍ക്കുമുള്ള ശക്തിയാക്കി. രാഷ്ട്രീയ യാത്രയിലുടനീളം അദ്ദേഹത്തിന്റെ പാര്‍ലമെന്ററി പ്രഭാവം പ്രകടമായിരുന്നു. വിരലിലെണ്ണാവുന്ന എംപിമാരുള്ള ഒരു പാര്‍ട്ടിയില്‍ പെട്ടയാളായിരുന്നു അദ്ദേഹം. എന്നാല്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ അക്കാലത്തെ സര്‍വശക്തിയുമായിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കരുത്തിനെ ഉലയ്ക്കാന്‍ പര്യാപ്തമായിരുന്നു. പ്രധാനമന്ത്രി എന്ന നിലയില്‍ പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങളെ അദ്ദേഹം സ്വതസിദ്ധമായ ശൈലിയും പ്രവര്‍ത്തനരീതിയും കൊണ്ട് നേരിട്ടു. ഏറെക്കുറെ പ്രതിപക്ഷ ബഞ്ചുകളില്‍ ചെലവഴിക്കപ്പെട്ട സേവന കാലമായിരുന്നു അടല്‍ജിയുടേത്. അദ്ദേഹത്തെ രാജ്യദ്രോഹി എന്ന് വിളിക്കുന്ന അധഃപതന തലത്തിലേക്ക് കോണ്‍ഗ്രസ് കൂപ്പുകുത്തിയെങ്കിലും, ആരോടും അദ്ദേഹത്തിന് നീരസം ഉണ്ടായിരുന്നില്ല.
അവസരവാദ മാര്‍ഗങ്ങളിലൂടെ അധികാരത്തില്‍ മുറുകെ പിടിക്കുന്ന ആളായിരുന്നില്ല അദ്ദേഹം. കുതിരക്കച്ചവടത്തിന്റെയും തരംതാഴ്ന്ന രാഷ്ട്രീയത്തിന്റെയും പാത പിന്തുടരുന്നതിനു പകരം 1996 ല്‍ രാജിവയ്ക്കാന്‍ അദ്ദേഹം തീരുമാനിച്ചു. 1999-ല്‍ അദ്ദേഹത്തിന്റെ ഗവണ്മെന്റ് ഒരു വോട്ടിന് പരാജയപ്പെട്ടു. അന്ന് നടക്കുന്ന അധാര്‍മ്മിക രാഷ്ട്രീയത്തെ വെല്ലുവിളിക്കാന്‍ പലരും അദ്ദേഹത്തോട് ആവശ്യപ്പെട്ടെങ്കിലും നിയമങ്ങള്‍ക്കനുസൃതമായി പോകാന്‍ അദ്ദേഹം താല്പര്യം കാണിച്ചു. ഒടുവില്‍, ശക്തമായ ജനവിധിയുമായാണ് അദ്ദേഹം തിരിച്ചെത്തിയത്.
നമ്മുടെ ഭരണഘടന സംരക്ഷിക്കാനുള്ള പ്രതിബദ്ധതയുടെ കാര്യത്തിലും അടല്‍ജി തലയുയര്‍ത്തി നിന്നു. ഡോ. ശ്യാമ പ്രസാദ് മുഖര്‍ജിയുടെ രക്തസാക്ഷിത്വം അദ്ദേഹത്തെ ആഴത്തില്‍ സ്വാധീനിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷം, അദ്ദേഹം അടിയന്തരാവസ്ഥാ വിരുദ്ധ പ്രസ്ഥാനത്തിന്റെ നെടുംതൂണായി. അടിയന്തരാവസ്ഥയ്ക്കു ശേഷമുള്ള 1977ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി, സ്വന്തം പാര്‍ട്ടിയെ (ജനസംഘം) ജനതാ പാര്‍ട്ടിയില്‍ ലയിപ്പിക്കാന്‍ അദ്ദേഹം സമ്മതിച്ചു. അത് വേദനാജനകമായ തീരുമാനമായിരുന്നിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. പക്ഷേ ഭരണഘടന സംരക്ഷിക്കുക എന്നതിന് മാത്രമായിരുന്നു അദ്ദേഹം പ്രാധാന്യം നല്‍കിയത് .
ഇന്ത്യന്‍ സംസ്കാരത്തില്‍ അദ്ദേഹം എത്രമാത്രം ആഴത്തില്‍ വേരൂന്നിയിരുന്നു എന്നതും ശ്രദ്ധേയമാണ്. ജനതാപാര്‍ട്ടിയുടെ ഭരണകാലത്ത് വിദേശകാര്യ മന്ത്രിയായിരുന്ന അദ്ദേഹരം, ഐക്യരാഷ്ട്രസഭയില്‍ ഹിന്ദിയില്‍ സംസാരിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ നേതാവായി മാറി. ഇത് ഇന്ത്യയുടെ പൈതൃകത്തിലും സ്വത്വത്തിലും ഉള്ള അദ്ദേഹത്തിന്റെ അപാരമായ അഭിമാനം പ്രകടമാക്കി. ആഗോള വേദിയില്‍ മായാത്ത മുദ്ര പതിപ്പിച്ചു.
അടല്‍ജിയുടെ വ്യക്തിത്വം കാന്തിക സ്വഭാവമുള്ളതായിരുന്നു. അദ്ദേഹത്തിന്റെ ജീവിതം സാഹിത്യത്തോടും കലകളോടുമുള്ള അഭിനിവേശത്താല്‍ സമ്പന്നമായിരുന്നു. പ്രഗത്ഭനാ
യ എഴുത്തുകാരനും കവിയുമായിരുന്ന അദ്ദേഹം, പ്രചോദനം പകരാനും ചിന്തയെ ഉണര്‍ത്താനും, ആശ്വാസം നല്‍കാനും എല്ലാം വാക്കുകള്‍ ഉപയോഗിച്ചു. രാഷ്ട്രത്തിനായുള്ള ആന്തരിക പോരാട്ടങ്ങളുടെയും പ്രതീക്ഷകളുടെയും പ്രതിഫലനമായ അദ്ദേഹത്തിന്റെ കവിത, പ്രായഭേദമന്യേ ജനങ്ങളെ എന്നും പ്രചോദിപ്പിക്കും.
എന്നെപ്പോലുള്ള നിരവധി ഭാരതീയ ജനതാ പാര്‍ട്ടി പ്രവര്‍ത്തകര്‍, അടല്ജിയെപ്പോലെയുള്ള ഒരാളെ പഠിക്കാനും അദ്ദേഹവുമായി ഇടപഴകാനും കഴിഞ്ഞതു ഭാഗ്യമായി കരുതുന്നു. ബിജെപിക്ക് അദ്ദേഹം നല്കിയ സംഭാവന അടിസ്ഥാനപരമായിരുന്നു. ആ കാലത്ത് പ്രബലമായിരുന്ന കോണ്‍ഗ്രസിന് ബദല്‍ ആഖ്യാനത്തിന് നേതൃത്വം നല്‍കിയത് അദ്ദേഹത്തിന്റെ മഹത്വത്തെ പ്രകടമാക്കുന്നു. എല്‍.കെ. അദ്വാനിജി, ഡോ. മുരളി മനോഹര്‍ ജോഷിജി തുടങ്ങിയ അതികായര്‍ക്കൊപ്പം പാര്‍ട്ടിയെ അതിന്റെ രൂപീകരണ കാലം മുതല്‍ അദ്ദേഹം, വെല്ലുവിളികളിലൂടെയും തിരിച്ചടികളിലൂടെയും വിജയങ്ങളിലൂടെയും വളര്‍ത്തിയെടുത്തു. പ്രത്യയശാസ്ത്രമോ അധികാരമോ എന്ന തെരഞ്ഞെടുപ്പ് വരുമ്പോഴെല്ലാം പ്രത്യശാസ്ത്രത്തിനൊപ്പം നിന്നു. കോണ്‍ഗ്രസ് അല്ലാതെ ഒരു ബദല്‍ ലോകവീക്ഷണം സാധ്യമാണെന്നും അത്തരമൊരു വീക്ഷണം യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുമെന്നും രാജ്യത്തെ ബോധ്യപ്പെടുത്താന്‍ അടല്‍ജിക്കു കഴിഞ്ഞു.
നൂറാം ജയന്തി ദിനത്തില്‍, അടല്‍ജിയുടെ ആദര്‍ശങ്ങള്‍ സാക്ഷാത്കരിക്കാനും ഇന്ത്യയെക്കുറിച്ചുള്ള കാഴ്ചപ്പാട് നിറവേറ്റാനും നമുക്ക് സ്വയം സമര്‍പ്പിക്കാം. അദ്ദേഹത്തിന്റെ സദ്ഭരണം, ഐക്യം, പുരോഗതി എന്നീ തത്വങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഇന്ത്യ കെട്ടിപ്പടുക്കാന്‍ പരിശ്രമിക്കാം. രാജ്യത്തിന്റെ സാധ്യതകളില്‍ അടല്ജിയ്ക്കുണ്ടായിരുന്ന അചഞ്ചലമായ വിശ്വാസം, ഉയര്‍ന്ന ലക്ഷ്യങ്ങള്‍ നേടാനും കഠിനാധ്വാനം ചെയ്യാനും നമ്മെ പ്രചോദിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: