ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫി മത്സരപട്ടിക തയ്യാറായി. ഫെബ്രുവരി 19ന് ആരംഭിക്കുന്ന മത്സരങ്ങള്‍ മാര്‍ച്ച് ഒമ്പതിന് ഫൈനലോടെ സമാപിക്കും. പാകിസ്ഥാനിലെ മൂന്ന് വേദികളിലും ദുബായിലെ ഒരു വേദിയിലുമായാണ് മത്സരങ്ങള്‍ നടക്കുക. ഭാരതത്തിന്റെ മത്സരങ്ങള്‍ മാത്രമേ ദുബായില്‍ ഷെഡ്യൂള്‍ ചെയ്തിട്ടുള്ളൂ. ആകെ എട്ട് ടീമുകളാണ് ഇക്കുറി ലോക ക്രിക്കറ്റിലെ രണ്ടാമത്തെ വലിയ കിരീടത്തിനായി പോരാടുക.
ഭാരതത്തിന്റെ ആദ്യ മത്സരം ബംഗ്ലാദേശിനെതിര ഫെബ്രുവരി 20ന് ദുബായില്‍ നടക്കും. പാകിസ്ഥാനെതിരായ പോരാട്ടം ഫെബ്രുവരി 23നാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ ഭാരതത്തിന്റെ അവസാന പോരാട്ടം മാര്‍ച്ച് രണ്ടിന് ന്യൂസിലന്‍ഡിനെതിരെയാണ്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന കളിയും ഇതായിരിക്കും.
നാല് ടീമുകള്‍ വീതമുള്ള രണ്ട് ഗ്രൂപ്പുകളിലായി എട്ട് ടീമുകളെ വിന്യസിച്ചിരിക്കുന്നു. ഭാരതം ഗ്രൂപ്പ് എയില്‍ ആതിഥേയരായ പാകിസ്ഥാനൊപ്പമാണുള്ളത്. ന്യൂസിലന്‍ഡും ബംഗ്ലാദേശുമാണ് മറ്റ് രണ്ട് ടീമുകള്‍. ഇംഗ്ലണ്ട്, അഫ്ഗാനിസ്ഥാന്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവരടങ്ങുന്നതാണ് ഗ്രൂപ്പ് ബി.
ഫെബ്രുവരി 19ന് പാകിസ്ഥാന്-ന്യൂസിലന്‍ഡ് പോരാട്ടത്തോടുകൂടി കറാച്ചിയിലാണ് മത്സരങ്ങള്‍ക്ക് തുടക്കം. ഓരോ ഗ്രൂപ്പിലെയും ടീമുകള്‍ പരസ്പരം ഏറ്റുമുട്ടി പോയിന്റ് അടിസ്ഥാനത്തില്‍ മുന്നിലെത്തുന്ന രണ്ട് ടീമുകള്‍ സെമിയിലേക്ക് തെരഞ്ഞെടുക്കപ്പെടും. മാര്‍ച്ച് നാല്, അഞ്ച് തീയതികളിലായാണ് സെമി മത്സരങ്ങള്‍ നടക്കുക. ഒന്നാം സെമി ദുബായിലാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഭാരതം ഏത് സെമിക്കാണോ അര്‍ഹരാകുന്നത് അതനുസരിച്ച് വേദിയില്‍ മാറ്റമുണ്ടായേക്കാം. ടീം ഫൈനലിലേക്ക് മുന്നേറിയാല്‍ കലാശപ്പോരിന് വേദിയാകുക ദുബായി ആയിരിക്കും. നിലവില്‍ ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയം ആണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
ഗ്രൂപ്പ് എ
ഭാരതം
പാകിസ്ഥാന്
ബംഗ്ലാദേശ്
ന്യൂസിലന്‍ഡ്
ഗ്രൂപ്പ് ബി
ഓസ്ട്രേലിയ
ദക്ഷിണാഫ്രിക്ക
അഫ്ഗാനിസ്ഥാന്
ഇംഗ്ലണ്ട്
കിരീടനേട്ടത്തില്‍ മുന്നില്‍ ഭാരതവും ഓസ്ട്രേലിയയും
എട്ട് വര്‍ഷത്തെ ഇടവേള്ക്ക് ശേഷമാണ് ഐസിസി ചാമ്പ്യന്‍ ട്രോഫി വീണ്ടും വിരുന്നെത്തുന്നത്. ഇതിന് മുമ്പ് 2017ല്‍ ഇംഗ്ലണ്ട് ആതിഥേയരായ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഭാരതത്തെ തോല്‍പ്പിച്ച് പാകിസ്ഥാന് ആണ് ജേതാക്കളായത്. ഈ ടൂര്‍ണമെന്റില്‍ ഇത്രയും വലിയ ഇടവേള വരുന്നത് ഇതാദ്യം.
ഭാരതവും ഓസ്ട്രേലിയയും ആണ് ഏറ്റവും കൂടുതല്‍ തവണ ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ മുത്തമിട്ടിട്ടുള്ളത്. 2006ലും 2009ലും ഓസീസ് തുടര്‍ച്ചയായി ജേതാക്കളായി. 2002ല്‍ ശ്രീലങ്കയ്ക്കൊപ്പം സംയുക്ത ജേതാക്കളായ ഭാരതം 2013ല്‍ ബിര്‍മിങ്ഹാമില്‍ നടന്ന ഫൈനലില്‍ ആതിഥേയരായ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചാണ് രണ്ടാം കിരീടം നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: