India

പുറമേയ്‌ക്ക് സനാതനധര്‍മ്മത്തെ പുച്ഛിക്കുന്ന ഉദയനിധി സ്റ്റാലിന് ബ്രാഹ്മണശാപത്തെ പേടിയോ? ബ്രാഹ്മണദോഷത്തിന് പൂജ ചെയ്തുവെന്ന് ആരോപണം

ജ്യോത്സ്യന്‍ നിര്‍ദേശിച്ചതനുസരിച്ച് ബ്രാഹ്മണദോഷം മാറ്റാന്‍ തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍ പൂജ ചെയ്തുവെന്ന് ആരോപിച്ച ക്ഷേത്രസംരക്ഷണവാദി രംഗരാജന്‍ നരസിംഹനെ ചെന്നൈ ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തു. 2026ല്‍ നടക്കുന്ന തമിഴ്നാട് നിയമസഭയില്‍ മുഖ്യമന്ത്രിയാകാന്‍ വേണ്ടിയാണ് ബ്രാഹ്മണര്‍ക്ക് അതീവ രഹസ്യമായി ഉദയനിധി സ്റ്റാലിന്‍ പൂജ ചെയ്തത് എന്നാണ് ആരോപണം.

Published by

ചെന്നൈ: സനാതനധര്‍മ്മത്തെ ഡെങ്കിപ്പനിയും മലേറിയയും പോലെ ഉന്മൂലനം ചെയ്യണമെന്ന് പ്രസംഗിച്ച ഉദയനിധി സ്റ്റാലിന്‍ വീട്ടില്‍ ബ്രാഹ്മണശാപത്തിന് രഹസ്യമായി പൂജ ചെയ്തുവെന്ന് ആരോപണം. ജ്യോത്സ്യന്‍ നിര്‍ദേശിച്ചതനുസരിച്ചാണ് ബ്രാഹ്മണദോഷം മാറ്റാന്‍ തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍ പൂജ ചെയ്തതെന്ന് ആരോപിച്ച ക്ഷേത്രസംരക്ഷണവാദി രംഗരാജന്‍ നരസിംഹനെ ചെന്നൈ ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തു. 14 ദിവസം ഇദ്ദേഹത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വെയ്‌ക്കാന്‍ കോടതി ഉത്തരവിട്ടു. 2026ല്‍ നടക്കുന്ന തമിഴ്നാട് നിയമസഭയില്‍ മുഖ്യമന്ത്രിയാകാന്‍ വേണ്ടിയാണ് ബ്രാഹ്മണര്‍ക്ക് അതീവ രഹസ്യമായി ഉദയനിധി സ്റ്റാലിന്‍ പൂജ ചെയ്തത് എന്നാണ് ആരോപണം.

ക്ഷേത്രങ്ങളെ അവഗണിക്കുന്ന ഡിഎംകെയ്‌ക്കെതിരെ ശക്തമായി സമരം ചെയ്യുന്ന ക്ഷേത്രസംരക്ഷണ പ്രവര്‍ത്തകനാണ് രംഗരാജന്‍ നരസിംഹന്‍. സ്വന്തം യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോ ആണ് രംഗരാജന്‍ നരസിംഹന് വിനയായത്. ഇദ്ദേഹവും ശ്രീപെരുമ്പതൂര്‍ എംബാര്‍ ജീയാര്‍ എന്ന വൈഷ്ണവസന്യാസിയും തമ്മില്‍ നടന്ന സംഭാഷണത്തിന്റെ വീഡിയോ ആണ് യൂട്യൂബില്‍ വന്നത്. ഇതില്‍ ഉദയനിധി സ്റ്റാലിന്‍ ബ്രാഹ്മണശാപത്തിന് പൂജ ചെയ്ത കാര്യം എംബാര്‍ ജിയാര്‍ പറയുന്നുണ്ട്. താന്‍ ഉദയനിധി സ്റ്റാലിന്റെ വീട് സന്ദര്‍ശിച്ച കാര്യവും ശ്രീപെരുമ്പതൂര്‍ എംബാര്‍ ജീയാര്‍ സ്വാമികള്‍ പറയുന്നുണ്ട്. ഇതാണ് വിനയായത്. തന്റെ ശബ്ദം അനാവശ്യമായി ഉപയോഗിച്ചു എന്ന് ആരോപിച്ച് ശ്രീപെരുമ്പതൂര്‍ എംബാര്‍ ജീയാര്‍ സ്വാമികള്‍ തന്നെ രംഗരാജന്‍ നരസിംഹനെതിരെ കേസ് കൊടുക്കുകയായിരുന്നു.

ജീയാര്‍ എന്നത് വൈഷ്ണവസന്യാസിമാരെ വിശേഷിപ്പിക്കുന്ന പദമാണ്. ഇവര്‍ പൊതുവേ ബ്രാഹ്മണരാണ്. ഡെങ്കിപ്പനിയും മലേറിയയും പോലെ സനാതന ധര്‍മ്മത്തെ നശിപ്പിക്കണമെന്ന് പ്രസ്താവിച്ച വ്യക്തിയാണ് ഉദയനിധി സ്റ്റാലിന്‍. പക്ഷെ ജ്യോത്സ്യന്‍ നടത്തിയ ഒരു പ്രവചനമാണ് ഉദയനിധി സ്റ്റാലിനെ ബ്രാഹ്മണശാപത്തിന് പൂജ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് പറയുന്നു. 2026ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയാകണമെങ്കില്‍ ബ്രാഹ്മണശാപം ഇല്ലാതാക്കാന്‍ പൂജ ചെയ്യണമെന്ന് ജ്യോത്സ്യന്‍ പ്രവചിച്ചുവെന്ന് രംഗരാജന്‍ നരസിംഹന്‍ പറയുന്നു.

ബ്രാഹ്മണരായ മൂന്ന് വൈഷ്ണവസന്യാസിമാരായ ശ്രീപെരുമ്പതൂര്‍ എംബാര്‍ ജീയാര്‍, ശ്രീവില്ലിപുതൂര്‍ ജീയാര്‍, ആള്‍വാര്‍ തിരുനഗരി ജീയാര്‍ എന്നീ മൂന്നുപേരെയും വീട്ടില്‍ വിളിച്ചുവരുത്തി പാദപൂജ ചെയ്തുവെന്നാണ് രംഗരാജന്‍ നരസിംഹന്‍ ആരോപിച്ചത്. പാദ പൂജയ്‌ക്ക് പുറമെ മൂന്ന് ബ്രാഹ്മണസന്യാസിമാര്‍ക്കും ഭക്ഷണം നല്‍കുകയും ചെയ്തുവത്രെ. കലാപമുണ്ടാക്കാന്‍ ഉദ്ദേശിച്ച് മനപൂര്‍വ്വം പ്രകോപനം സൃഷ്ടിച്ചു (ഐപിസി192), സമധാനം നഷ്ടപ്പെടുത്താന്‍ വേണ്ടി മനപൂര്‍വ്വം കളിയാക്കി (ഐപിസി 352,353) എന്നീ ഭാരതീയന്യായ് സംഹിതയിലെ വകുപ്പുകള്‍, ഐടി നിയമത്തിലെ 67ാം വകുപ്പ് എന്നിവ പ്രകാരമാണ് കേസെടുത്തത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക