ലഡാക്ക്: കാണാതായ യാക്കിനെ തേടിയുള്ള യാത്രയ്ക്കിടയില്‍ കണ്ട പഠാണികള്‍ പാകിസ്ഥാന്കാരാണെന്ന താഷി നാംഗ്യാലിന്റെ തോന്നല്‍ അന്ന് രക്ഷിച്ചത് ഭാരതത്തെയാണ്. അത് ദേശസ്നേഹിയായ ആ സാധാരണക്കാരന്റെ പൗര ബോധത്തെയാണ് ഉണര്‍ത്തിയത്. നാംഗ്യാലിന് നാട് അന്ത്യാഞ്ജലി അര്‍പ്പിക്കുമ്പോള്‍ കാര്‍ഗില്‍ യുദ്ധവിജയത്തിലേക്ക് നയിച്ച ഒരു ഭാരതീയ പൗരന്റെ ധാര്‍മ്മിക ബോധമാണ് ലോകം അറിയുന്നത്.
അന്ന് ശ്രീനഗര്‍- ലേ ഹൈവേ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ നുഴഞ്ഞുകയറി ബങ്കറുകള്‍ നിര്‍മിക്കുകയായിരുന്നു പാക് സൈനികര്‍. നംഗ്യാല്‍ ആ വിവരം ഭാരത സൈനികരെ അറിയിച്ചതോടെ കാര്‍ഗിലിലെ പടനീക്കത്തിന് തുടക്കമായി. കാര്‍ഗില്‍ യുദ്ധവിജയത്തിന്റെ കാരണക്കാരനായി ലഡാക്ക് ഗാര്ഖോണിലെ ആ ആട്ടിടയന് മാറി. സമാനതകളില്ലാത്ത ജാഗ്രതയും ധൈര്യവുമാണ് നാംഗ്യാലിനെ വീരനായകനാക്കുന്നതെന്ന് സൈന്യം അടിവരയിടുന്നു. പലരും ഭയപ്പെട്ടുപോകുന്നിടത്ത് നാംഗ്യാല്‍ വ്യത്യസ്തനായി. നുഴഞ്ഞുകയറിയ ശത്രുക്കളുടെ നീക്കം തിരിച്ചറിഞ്ഞു. ഭാരത ചരിത്രത്തില്‍ ദേശസ്നേഹത്തിന്റെയും നിസ്വാര്‍ത്ഥതയുടെയും അടയാളമായി നാംഗ്യാല്‍ മാറി.
ആര്യന് താഴ്വരയില് ആട് മേച്ചും പച്ചക്കറി വിറ്റുമാണ് നാംഗ്യാല്‍ ജീവിതം നയിച്ചത്. ഭാര്യയും നാല് മക്കളുമടങ്ങുന്നതാണ് കുടുംബം. കാര്‍ഗില്‍ യുദ്ധ വിജയത്തിന് പിന്നാലെ അന്നത്തെ ബിജെപി സര്‍ക്കാര്‍ നാംഗ്യാലിനെ അനുമോദിച്ചു. കേന്ദ്ര പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് അദ്ദേഹത്തെ കാണാനെത്തി. പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയ് ഫോണ്‍വഴി സംസാരിച്ചു. ഓരോ കാര്‍ഗില്‍ വിജയദിനത്തിലും നാംഗ്യാലിന്റെ ജാഗ്രതയെ സൈന്യം ആദരിച്ചു.
താഷി നംഗ്യാല്‍ കാരണമാണ് ദ്രാസ്, തുര്‍തുക്ക് മുതല്‍ ത്യക്ഷി താങ് വരെയുള്ള പ്രദേശങ്ങള്‍ സംരക്ഷിക്കപ്പെട്ടത്. യുദ്ധം ചെയ്യാതെ യുദ്ധവീരനായ സാധാരണക്കാരനെന്നാണ് കാര്‍ഗില്‍ കൗണ്‍സിലര്‍ റിഗ്സിന് ഗുര്മെത് നാംഗ്യാലിനെ വിശേഷിപ്പിച്ചത്. ദേശസ്നേഹത്തിന്റെയും പൗരബോധത്തിന്റെയും ഉജ്ജ്വലമായ ഏടുകളിലൊന്നാണ് നാംഗ്യാലിന്റെ വിയോഗത്തിലൂടെ ചരിത്രമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: