മുംബൈ ; മഹാരാഷ്‌ട്രയിൽ താമസിക്കുന്ന അനധികൃത ബംഗ്ലാദേശി പൗരന്മാരെ അറസ്റ്റ് ചെയ്ത് അവരുടെ രാജ്യത്തേക്ക് തിരിച്ചയക്കുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് . ഇതിനായി ഭരണതലത്തിൽ ശക്തമായ നീക്കങ്ങളാണ് നടക്കുന്നത്. ഹിന്ദുക്കൾ ഒഴികെയുള്ള സമുദായങ്ങളുടെ ആരാധനാലയങ്ങൾ സംസ്ഥാന നിയന്ത്രണത്തിൽ കൊണ്ടുവരണമെന്ന ആവശ്യം സർക്കാർ പഠിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുംബൈയിൽ അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശി കുടിയേറ്റക്കാർക്കെതിരെ നടപടിയെടുക്കുന്നതിൽ സംസ്ഥാന സർക്കാർ ഉറച്ചുനിൽക്കുകയാണെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. ‘ ഞങ്ങൾ അവർക്കെതിരെ നടപടി ആരംഭിച്ചു, അവരെ നാടുകടത്തും. ഹിന്ദുക്കൾ ഒഴികെയുള്ള മതങ്ങളുടെ ആരാധനാലയങ്ങൾ സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിൽ കൊണ്ടുവരേണ്ടതിന്റെ ആവശ്യകത നിയമസഭാ സ്പീക്കർ രാഹുൽ നർവേക്കറാണ് സൂചിപ്പിച്ചത്. ഹിന്ദു ക്ഷേത്രങ്ങൾ മാത്രമല്ല, മറ്റ് മതങ്ങളുടെ ആരാധനാലയങ്ങളും സർക്കാർ നിയന്ത്രണത്തിൽ കൊണ്ടുവരണമെന്നത് പൊതു ആവശ്യമാണെന്നും ‘ ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.
മുതിർന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ പ്രചാരണത്തിന് നക്‌സൽ പ്രസ്ഥാനത്തിന്റെ നിരോധിത സംഘടനകളുടെ പിന്തുണയുണ്ടായിരുന്നതായി ഫഡ്നാവിസ് രണ്ട് ദിവസം മുമ്പ് നിയമസഭയിൽ പറഞ്ഞിരുന്നു. ഈ സംഘടനകളുടെ പേരുകൾ പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ നാനാ പടോലെ ദേവേന്ദ്ര ഫഡ്‌നാവിസിന് കത്തെഴുതിയിരുന്നു. ഈ സംഘടനകൾക്കെതിരെ യുഎപിഎയും മറ്റ് നിയമങ്ങളും പ്രകാരവും നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: