മുട്ടയാണോ കോഴിയാണോ ആദ്യം ഉണ്ടായത് എന്നത് നാട്ടിന്‍പുറത്തെ കുസൃതിച്ചോദ്യമായി ഗണിക്കാം, എന്നാല്‍ അത്യുന്നതമായ, അതേസമയം, അത്യഗാധമായ അന്വേഷണത്തിന് നയിക്കുന്ന, തത്ത്വചിന്തയിലെത്തിക്കുന്ന സംശയമായും പരിഗണിക്കാം. ഉത്തരം കിട്ടുംവരെ അന്വേഷണം തുടരുക. പക്ഷേ, ”ആദ്യം ഫാന്‍ കറങ്ങും, അതിനു ശേഷം കറന്റ് വരും” എന്ന്, ഒരു കുഞ്ഞിന്റെ സംശയത്തിന് അച്ഛന്‍ നല്‍കുന്ന മറുപടി എങ്ങനെയാണ് യുക്തിഭദ്രമാകുന്നതെന്ന് നോക്കിയിട്ടുണ്ടോ?
കറന്റ് വന്നാലല്ലേ ഫാന്‍ കറങ്ങൂ. ഫാന്‍ കറങ്ങിയിട്ട് എങ്ങനെ കറന്റ് വരും എന്ന സംശയത്തിന് ഉത്തരം കിട്ടാന്‍ ആ പരസ്യചിത്രത്തിന്റെ അവസാനംവരെ കാത്തിരിക്കും. ഒരിക്കല്‍ കണ്ടാല്‍, അല്ല പലവട്ടം കണ്ടാലും വീണ്ടും മടുപ്പില്ലാതെ കാണും.
പറയുന്നത് രാജ്യത്തെ പ്രമുഖ നിര്‍മാണ വികസന പ്രവര്‍ത്തനങ്ങളിലെ നിര്‍മാണ സംരംഭകരായ അദാനിഗ്രൂപ്പ് കമ്പനിയുടെ പരസ്യത്തെക്കുറിച്ചാണ്.
അദാനി ഗ്രൂപ്പ് എന്ന് കേള്‍ക്കുമ്പോള്‍ മൂക്ക് വിയര്‍ക്കുന്നവരുടെ കാര്യം പോകട്ടെ. നിയമപരമായി രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ഒരു നിര്‍മാണക്കമ്പനിയാണ് അദാനി. അവര്‍ ഇടപാടുകളില്‍ കൃത്രിമം കാട്ടുകയോ, അങ്ങനെ കൃത്രിമമുണ്ടെന്ന് സംശയം ഉണ്ടാക്കുകയോ ചെയ്യുമ്പോള്‍ രാജ്യത്തെ നിയമങ്ങള്‍ പ്രകാരം ഇവിടെയും, ഇതര രാജ്യങ്ങളുടെ കാര്യത്തില്‍ ‘അങ്ങനെ’യും പ്രവര്‍ത്തിക്കുന്ന കമ്പനി. അവര്‍ പണം, ബുദ്ധി, ശക്തി, ഘടന തുടങ്ങിയ പല ഘടകങ്ങളിലൂടെ മറ്റ് കമ്പനികളെ അധികരിച്ച് അവര്‍ പ്രവര്‍ത്തന വിജയം നേടുന്നു. അതില്‍ പങ്കാളിയാകാന്‍ അവരുടെ ഓഹരി പൊതുജനങ്ങള്‍ക്ക് നല്‍കുന്നു. അത് വാങ്ങുന്നവര്‍ അദാനിയുടെ സംരംഭത്തില്‍ പങ്കാളിയാകുന്നു. അല്ലാത്തവര്‍ അസൂയയാല്‍, രാഷ്‌ട്രീയ വിരോധത്താല്‍ അദാനിയെ എതിര്‍ക്കുന്നു. അദാനി എന്നാല്‍ ‘അദ്വാനി’യാണെന്നും ‘അദ്വാനി’ ബിജെപിയാണെന്നും ബിജെപി എന്നാല്‍ മോദി സര്‍ക്കാരാണെന്നും സമവാക്യം സൃഷ്ടിച്ച് അദാനിയും കേന്ദ്ര സര്‍ക്കാരും ഒന്നാണെന്ന് പ്രചരിപ്പിക്കുന്നവരും അത് വിശ്വസിക്കുന്നവരുമാണ് മൂക്കു വിയര്‍ക്കുന്നവരില്‍ മുഖ്യര്‍. എന്നാല്‍, കേരളത്തില്‍ സര്‍ക്കാരിന്റെ പ്രധാന നിര്‍മാണ സംരംഭങ്ങളില്‍ അധികവും, എന്നല്ല 90 ശതമാനവും ചെയ്യുന്നത് ഒരു കമ്പനിയോ സൊസൈറ്റിയോ ആയിരിക്കുന്നത്, സംസ്ഥാന സര്‍ക്കാരോ സര്‍ക്കാരിനെ നയിക്കുന്ന മുന്നണിയോ, അതിലെ പ്രമുഖ പാര്‍ട്ടിയോ പ്രത്യേക പക്ഷഭേദം കാണിച്ചിട്ടാണെന്ന് ആരും പറയുന്നില്ല എന്നത് അങ്ങനെ പറയാത്തവരുടെ സ്വബോധംകൊണ്ടാണെന്ന് ധരിച്ചാല്‍ മതി.
അദാനി ഗ്രൂപ്പിന്റെ ആ പരസ്യത്തെക്കുറിച്ച് പറഞ്ഞുവരികയായിരുന്നു. ആ പരസ്യം ചില പതിവ് ധാരണകളുടെ തിരുത്താണ്. പുതിയ വഴികളുടെ തുടക്കമാണ്. അതിനെ പല തലത്തില്‍, തരത്തില്‍ വ്യാഖ്യാനിക്കാം. മുട്ടയും കോഴിയും പോലെ താത്ത്വികമായും പ്രയോഗപരമായും. ഊര്‍ജ്ജത്തിന് വേണ്ടി പ്രകൃതിയിലേക്കുള്ള മടക്കം, പഞ്ചഭൂതങ്ങളുടെ ഊര്‍ജശക്തി വിനിയോഗം, പരിസ്ഥിതി സന്തുലനം തുടങ്ങി വിവിധ തലത്തില്‍. ഒരുതരം ‘റിവേഴ്‌സ് പ്രോസസ്’ആണിത്. കറന്റില്‍നിന്ന് കറക്കത്തിലേക്കായിരുന്നതിനെ കറക്കത്തില്‍ നിന്ന് കറന്റിലേക്ക് കൊണ്ടുപോകുന്ന വേറിട്ട ചിന്താപദ്ധതി. കാറ്റില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന പദ്ധതിയെക്കുറിച്ചാണ് ആ പരസ്യം.
പരസ്യത്തെക്കുറിച്ച് പറയാന്‍ മാത്രമല്ല ഇത്രയും വിശദീകരിച്ചത്. ആ പരസ്യത്തിന്റെ ആശയത്തിന് എത്ര വയസ്സുണ്ടാകും? കാറ്റിനും ആകാശത്തിനും അഗ്നിക്കും ജലത്തിനും ഭൂമിക്കുമുള്ള ഊര്‍ജ്ജശേഷി തിരിച്ചറിഞ്ഞതിന്റെ ചരിത്രമാണ് ഭാരതീയ പുരാണ ഇതിഹാസ വിവരണമെന്നൊക്കെ പറഞ്ഞാല്‍ പഴഞ്ചന്‍ പൈതൃക പ്രകീര്‍ത്തനമെന്നൊക്കെ പുച്ഛിക്കുന്നവരുണ്ടാകും. എങ്കിലും പറയട്ടെ പഞ്ചഭൂതങ്ങളെന്നും അവയ്‌ക്ക് അധിപരെന്നും അവയ്‌ക്ക് അമാനുഷിക ദിവ്യതയെന്നുമൊക്കെ കല്‍പ്പിച്ചതും അത് തെളിയിക്കുന്ന വിവരണങ്ങള്‍ രേഖപ്പെടുത്തിയതുമൊക്കെ പുച്ഛിക്കപ്പെടേണ്ടതെന്നു കരുതുന്നവര്‍ക്ക് അങ്ങനെയാകാം. വഴക്കില്ല, ഈ വിഷയങ്ങളില്‍ പണ്ട് ഉണ്ടായിരുന്ന എതിര്‍പ്പുകള്‍ കുറഞ്ഞു കുറഞ്ഞുവരുന്നുവെന്നതുതന്നെ മതി വഴക്കടിക്കുന്നതിനു പകരം സമാധാനിക്കാന്‍. ഏത് ‘സമ്പൂര്‍ണ വിപ്ലവ’ങ്ങള്‍ക്കും സമയമെടുക്കുമല്ലോ. ഈ വിഷയത്തിലും കാത്തിരിക്കുക.
തല്‍ക്കാലം ഭാരതീയ പൈതൃകത്തിന്റെ സങ്കീര്‍ത്തനത്തിലേക്ക് തിരിയുന്നില്ല. പകരം പതിവ് പാശ്ചാത്യലോക പ്രചാരണത്തിലേക്ക് പോകാം. ഗ്രീക്കുകാരും റോമാക്കാരും കൃഷിയിടങ്ങളില്‍ ജലസേചനത്തിന് പണ്ടുപണ്ടുകാലത്തേ കാറ്റിനെ ഉപയോഗിച്ചിരുന്നവത്രേ. ചൈനക്കാരും അവരിലുണ്ട്. എന്നാല്‍ ‘തൃണാവര്‍ത്തന്‍’ എന്നൊരസുരന്‍, കംസനെന്ന രാജാവിനുവേണ്ടി ശ്രീകൃഷ്ണന്‍ ‘കൊച്ചുണ്ണി’യായിരിക്കെ കൊലപ്പെടുത്താന്‍ ചുഴലിക്കാറ്റായി വന്ന വിവരണം മഹാഭാഗവതത്തിലുണ്ട്. കാറ്റിന്റെ കരുത്തും ആ ഉച്ഛ്യംഖലമായ കാറ്റിനെ ‘കൊച്ചുണ്ണി’ നിയന്ത്രിച്ചതും ചിലപ്പോള്‍ ‘ഗുരുവായൂര്‍ തന്ത്രി’ക്ക് മിത്തായിരിക്കാമെങ്കിലും പുരാണ-ഇതിഹാസ വിവരണപ്രകാരം സാധിച്ചത് അല്ലെങ്കില്‍ സാധ്യതയെങ്കിലുമായിരുന്നല്ലോ. പക്ഷേ നമുക്ക് നമ്മുടേതില്‍ അഭിമാനിക്കാന്‍ മടിയാണ്, ആത്മവിശ്വാസമില്ലാത്തതാണ്, അന്ധവിശ്വാസമാണെന്ന തോന്നല്‍കൊണ്ടു മാത്രമല്ല. കാറ്റിനെ കരുത്താക്കി മാറ്റി ഉപയോഗിച്ചത് രേഖപ്പെടുത്തിയ ചരിത്രപ്രകാരം സ്‌കോട്ടിഷ് എന്‍ജിനീയറായ ജെയിംസ് ബ്ലിത്തായിരുന്നുവത്രെ; 1887 ല്‍. വൈദ്യുതി ഉണ്ടാക്കി ബ്ലിത്ത്. അതിനും മുമ്പ് ഒരു പ്രദര്‍ശനത്തില്‍ 1883 ല്‍ ഓസ്ട്രിയക്കാരനായ ജോസഫ് ഫ്രീഡ്‌ലാന്‍ഡര്‍ ഈ മോഡല്‍ പ്രദര്‍ശിപ്പിച്ചു. എന്നാല്‍ ഇന്നത്തെപ്പോലെ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന സംവിധാനം വന്നത് 1980 കളിലാണ്. ചൈനയാണ് ഏറ്റവും കൂടുതല്‍ വൈദ്യുതി കാറ്റില്‍നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന രാജ്യം; അവിശ്വനീയമായിത്തോന്നാം, 4,41,895 മെഗാവാട്ട് വൈദ്യുതി! ബ്രിട്ടണാണ് രണ്ടാം സ്ഥാനത്ത്. 2024 ആഗസ്ത് വരെയുള്ള കണക്കുപ്രകാരം ഭാരതം കാറ്റില്‍നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി 47,200 മെഗാവാട്ടു മാത്രം നമ്മുടെ വിഷയം അതല്ലാത്തതിനാല്‍ കൂടുതല്‍ സാങ്കേതികതയിലേക്ക് പോകുന്നില്ല. പക്ഷേ ‘തൃണാവര്‍ത്ത’ന്റെ കരുത്ത് വര്‍ണിക്കാന്‍ കഴിഞ്ഞ (സങ്കല്‍പ്പിക്കാനെങ്കിലും എന്ന് സമ്മതിക്കാന്‍ സന്മനസ്സുണ്ടാവണം എന്നപേക്ഷ) നമുക്ക് എന്തുകൊണ്ട് ഇക്കാലത്തിനിടെ കാറ്റില്‍നിന്ന് വൈദ്യുതി ഉണ്ടാക്കുന്നതില്‍ വേണ്ടത്ര പുരോഗമിക്കാനായില്ല എന്നത് ചിന്തിക്കണം. അവിടെയാണ് അദാനിയുടെ പരസ്യത്തിന്റെ പ്രസക്തി.
അതായത്, മാറിച്ചിന്തിക്കുന്ന അന്തരീക്ഷം രാജ്യത്തുണ്ടായിരിക്കുന്നു. ഒരു വസ്തു ഉല്‍പ്പാദിപ്പിച്ച് അതിന് മാര്‍ക്കറ്റ് കണ്ടുപിടിക്കുന്ന രീതിക്കു പകരം മാര്‍ക്കറ്റിന്റെ ആവശ്യമനുസരിച്ച് ഉല്‍പ്പാദിപ്പിക്കുന്ന രീതി. ഇതിന് വിജയസാധ്യതയും ഏറെയാണ്. ഒരു കമ്പനിക്ക്, ബിസിനസ് സ്ഥാപനത്തിന് അങ്ങനെ തോന്നാല്‍ ഇടയാക്കുന്നത് രാജ്യത്തിന്റെ, രാജ്യം ഭരിക്കുന്ന ഭരണകൂടത്തിന്റെ ചിന്ത അങ്ങനെയാകുന്നതുകൊണ്ടാണ്. അത് കാലത്തിന്റെ ആവശ്യമായതിനാലാണ് ഭരണകൂടം അത് ചെയ്യുന്നത്.
ഇവിടെയാണ് മറ്റൊരു ‘റിവേഴ്‌സ് പ്രോസ’സിനെക്കുറിച്ച് പറയേണ്ടത്. ‘അദാനി’യെ അപരാധിയായി കാണുന്നതാണ് രാജ്യത്തെ പ്രതിപക്ഷത്തിന്റെ ഈ ‘ജീവിതശൈലീ രോഗം’. എന്നാല്‍ ഈ പ്രതിപക്ഷം ഭരണപക്ഷത്തായിരിക്കെ, അംബാനിയുടെ ബിസിനസ് ലോകമായിരുന്നു മുമ്പന്തിയില്‍. അവര്‍ സര്‍ക്കാരിന്റെ ‘വലംകൈ’യായിരുന്നു. ഒരു പൊതു തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പു കഴിഞ്ഞപ്പോള്‍, ഫലംവരും മുമ്പ്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ വസതിയിലേക്ക് നെഞ്ചുവിരിച്ച് നടന്നുപോകുന്ന മുകേഷ് അംബാനിയുടെ ചിത്രം ഒരു ഇംഗ്ലീഷ് ദിനപത്രത്തില്‍ ഒന്നാം പേജില്‍ അച്ചടിച്ചു വന്നത് ഇന്നും ഓര്‍ക്കുന്നു. ഇന്നത്തെ ഭരണപക്ഷം അന്നത്തെ പ്രതിപക്ഷത്തിരുന്ന് അംബാനിയെ പഴിച്ചില്ല എന്നത് ശ്രദ്ധിക്കണം. എന്നാല്‍, അദാനിയെ ആക്ഷേപിക്കുന്ന ഇന്നത്തെ പ്രതിപക്ഷത്തിന്റെ, അതിനെ നയിക്കുന്ന കോണ്‍ഗ്രസിന്റെ പിന്നോട്ടുള്ള നടത്തം നോക്കുക: അവര്‍ ആദ്യം എന്തെങ്കിലും ഒരു തീരുമാനമെടുക്കുന്നു. ഈ തീരുമാനം ശരിയാണെന്ന് സ്ഥാപിക്കാന്‍ അവര്‍ എതിര്‍ക്കുന്നവരുടെയെല്ലാം നടപടികളെ തെറ്റായി വ്യാഖ്യാനിക്കുന്നു, പ്രചരിപ്പിക്കുന്നു, പ്രക്ഷോഭങ്ങള്‍ നയിക്കുന്നു. നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് ഉയര്‍ത്തി, വളര്‍ത്തി, വിജയിപ്പിക്കാന്‍ ശ്രമിക്കുന്ന തന്ത്രം അതാണ്; അവ ഓരോ ഘട്ടത്തിലും പരാജയപ്പെടുന്നെങ്കില്‍പ്പോലും.
കോണ്‍ഗ്രസ് ആദ്യം തീരുമാനിച്ചത്, ‘നരേന്ദ്ര മോദിയുടെ ബിജെപി സര്‍ക്കാര്‍ ഭരണഘടന ഇല്ലാതാക്കാന്‍ പോകുന്നു’വെന്നാണ്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഇന്ദിരാഗാന്ധിയും സുപ്രീംകോടതിയെ തോല്‍പ്പിക്കാന്‍ ഷാബാനു കേസിലൂടെ രാജീവ് ഗാന്ധിയും ഭരണഘടനയെ നിര്‍വീര്യമാക്കാന്‍ ശ്രമിച്ചിട്ട് സാധിക്കാഞ്ഞത് ഭാരത ഭരണഘടനയുടെയും- ജനാധിപത്യത്തിന്റെയും ശക്തിയാണെന്ന് മനസ്സിലാക്കാന്‍പോലും കഴിയാത്ത കോണ്‍ഗ്രസിന്റെ പെരും നുണയായിരുന്നു ആ പ്രചാരണം. എന്നാല്‍ ആ തീരുമാനത്തിന് അനുസൃതമായ പ്രചാരണങ്ങള്‍ ആവര്‍ത്തിച്ച് നടത്തി, സംഭവങ്ങളെ, നടപടികളെ ദുര്‍വ്യാഖ്യാനിച്ചു. മറ്റൊന്ന് മോദി ഭരണം ദളിത് പിന്നാക്ക വിഭാഗങ്ങളെ ഇല്ലാതാക്കാന്‍ പോകുന്നു, അവരുടെ സംവരണാവകാശങ്ങള്‍ റദ്ദാക്കാന്‍ പോകുന്നു എന്നായിരുന്നു. അതൊരു ‘റിവേഴ്‌സ് പ്രോപ്പഗാണ്ട’ ആയിരുന്നു. എന്നാല്‍ വിവിധ തെരഞ്ഞെടുപ്പുകളില്‍ ബിജെപിയുടെ പ്രതിനിധികളായി ജയിച്ച ജനപ്രതിനിധികളായ ദളിത- പിന്നാക്ക വിഭാഗക്കാരുടെ തലയെണ്ണിയപ്പോഴേ കോണ്‍ഗ്രസ് തളര്‍ന്നു. അവസാനത്തെ ആയുധമായിരുന്നു ഡോ.ബി.ആര്‍. അംബേദ്കറെ ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റ് പ്രസംഗത്തില്‍ അപമാനിച്ചുവെന്ന കുപ്രചാരണം ഡോ. അംബേദ്കറോടുള്ള ആദര്‍ശംകൊണ്ടല്ല, അദ്ദേഹത്തെ ആയുധമോ കവചമോ ആക്കിയാല്‍ രാജ്യത്ത് ഉണ്ടാക്കാവുന്ന സാമൂഹിക അരാജകത്വമായിരുന്നു അതിന് അവര്‍ക്ക് പ്രേരണ. ഏറ്റവും ഒടുവില്‍ മഹാരാഷ്‌ട്രയിലെ തെരഞ്ഞെടുപ്പു തോല്‍വി കൂടിയായപ്പോള്‍ അത്തരമൊരു കടശ്ശിക്കൈയുടെ ആവശ്യകതയും അവര്‍ക്ക് കൂടി. പണ്ട് മഹാരാഷ്‌ട്രയില്‍ അംബേദ്കര്‍ പ്രതിമയ്‌ക്ക് ആരോ ചെരുപ്പുമാലയണിയിച്ച സംഭവങ്ങളും അത് സവര്‍ണ്ണ- അവര്‍ണ്ണ വിഭാഗങ്ങളെന്ന് രണ്ടു വിഭാഗങ്ങളുടെ തര്‍ക്കമായതും തുടര്‍ന്നുണ്ടായ കലഹങ്ങളും കോണ്‍ഗ്രസിന് പ്രചോദനമായിക്കാണണം. എന്നാല്‍, പാര്‍ലമെന്റ് കവാടത്തിലും അകത്തും കോണ്‍ഗ്രസ് കസര്‍ത്ത് നടന്നതല്ലാതെ വിഷയം ബഹുജനം ഏറ്റെടുത്തില്ല, കാരണം വാസ്തവം അവര്‍ക്ക് മനസ്സിലായിരുന്നു.
രാഹുല്‍ ഗാന്ധിയുടേതല്ല ഈ ‘റിവേഴ്‌സ് പ്രൊജക്ട്’ ഒന്നും. മറ്റാരൊക്കെയോ തയ്യാറാക്കുന്നത് തൊണ്ട തൊടാതെ അദ്ദേഹം വിഴുങ്ങുകയാണ്. പാര്‍ലമെന്റ് പ്രസംഗത്തിനുശേഷം പ്രധാനമന്ത്രിയെപ്പോയി കെട്ടിപ്പിടിച്ച, അതിനുശേഷം ഒക്കെ ഒരു തമാശയല്ലേ എന്ന് കണ്ണിറുകിയ, ലോക്‌സഭാ സ്പീക്കര്‍ ചെയറിലായിരുന്ന പി.വേണുഗോപാല്‍ എംപിയെ ‘മാഡം’ എന്ന് വിളിച്ച, മഹാത്മാഗാന്ധി നാഷണല്‍ എംപ്ലോയ്‌മെന്റ് ഗാരണ്ടി ആക്ടിനെ ‘നെഹ്‌റു’ ആക്ട് എന്ന് പരാമര്‍ശിച്ച, തന്റെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭത്തിനിടെ പരിക്കേറ്റ് കിടക്കുന്ന എംപിയോട്, ”ഹും, എങ്ങനെയുണ്ട് എന്റെ കൈപ്രയോഗം” എന്ന് ചോദിക്കുന്ന എതിരാളിയുടെ ശരീരഭാഷ പ്രകടിപ്പിച്ച രാഹുലിന്റേതല്ല ഈ ‘റിവേഴ്‌സ് ചിന്ത’കള്‍. അതിനൊന്നു പോലും അദ്ദേഹത്തിനാകില്ല. അത് കോണ്‍ഗ്രസിന്റെയും അവര്‍ നയിക്കുന്ന മുന്നണിയുടേയും മനോനിലയാണ്. അത് ഒരിക്കലും കറന്റുണ്ടാക്കാന്‍ ഫാന്‍ ഉപയോഗിക്കാമെന്ന് ചിന്തിക്കുന്നതല്ല. മറിച്ച് ഉള്ള കറന്റും ഇല്ലാതാക്കി എന്നേക്കുമായി രാജ്യത്ത് കുറ്റാക്കൂരിരുട്ടാക്കുന്നത് എങ്ങനെയെന്ന് തലപുകയ്‌ക്കുന്നതിന്റേതാണ്. ശരിയാണ്, ചിലര്‍ക്ക് ആവിഷ്‌കരിക്കാനാവില്ലായിരിക്കാം, പക്ഷേ ആശയമെങ്കിലും കുറ്റമറ്റതാക്കാമല്ലോ? രാഹുലിനും കൂട്ടര്‍ക്കും അതുമാകില്ല. അതിന് പ്രിയങ്കയ്‌ക്കും കഴിയില്ലെന്ന് അവരുടെ പാര്‍ലമെന്റിലെ കന്നി പ്രസംഗമെന്ന ‘റിവേഴ്‌സ് സ്പീച്ച്’ തെളിയിച്ചുവല്ലോ.
പിന്‍കുറിപ്പ്: രാഹുലിനെതിരേ വധശ്രമത്തിന് കേസെടുത്തതാണ് ഇപ്പോള്‍ വിഷയം. പുഷ്പ 2 സിനിമയുടെ പ്രചാരണ പരിപാടിക്കിടെ യുവതി തിക്കിലും തിരക്കിലും പെട്ട് മരിച്ചതിന് നടന്‍ അല്ലു അര്‍ജുനെതിരേ കൊലക്കേസ് എടുത്തില്ലേ. തള്ളിയിട്ടത് ഞാനാണ് എന്നു പറഞ്ഞ രാഹുലിനെതിരേ വധശ്രമത്തിന് കേസെടുത്തത് തികച്ചും യുക്തിപൂര്‍വംതന്നെയെന്ന് ആര്‍ക്കും തോന്നും.
പ്രതികരിക്കാൻ ഇവിടെ എഴുതുക