പൂനെ: വിദ്യാഭ്യാസത്തെ നിയന്ത്രിക്കാനല്ല, സഹായിക്കാനാകണം പുതിയ സംവിധാനങ്ങള്‍ രൂപപ്പെടുത്തേണ്ടതെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ഏതെങ്കിലും ഒരു വിഷയത്തില്‍ പരിമിതപ്പെടേണ്ടതല്ല വിദ്യാഭ്യാസം. അത് സമാജത്തിന് ആവശ്യമായതെല്ലാം നല്‍കുന്നതിനാവണം, അദ്ദേഹം പറഞ്ഞു. പൂനെ പാഷാണിലെ ലോക് സേവാ ഇ-സ്കൂളിന്റെ പുതിയ കെട്ടിടം സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു സര്‍സംഘചാലക്.
സാക്ഷരതയും വിദ്യാഭ്യാസവും തമ്മില്‍ വ്യത്യാസമുണ്ട്. വിദ്യാഭ്യാസം വയറു നിറയ്ക്കാനുള്ളതല്ല, നല്ല മനുഷ്യനെ സൃഷ്ടിക്കാനാണ്. അത് ഒരു കച്ചവടമല്ല, സമര്‍പ്പണമാണ്, സേവനമാണ്. പുതിയ ദേശീയ വിദ്യാഭ്യാസ നയം ഫലപ്രദമായി നടപ്പാക്കുന്നതിലൂടെ രാഷ്ട്രത്തിന് അനിവാര്യരായ വ്യക്തികളെ സൃഷ്ടിക്കാന്‍ കഴിയും, മോഹന്‍ ഭാഗവത് പറഞ്ഞു.
സ്വാതന്ത്ര്യത്തിന് ശേഷം ഇതാദ്യമായാണ് ഭാരതം ഒരു മികച്ച വിദ്യാഭ്യാസ നയം രൂപീകരിക്കുന്നതെന്ന് ഭാരതീയ ജൈന്‍ സംഘടന് സ്ഥാപകന്‍ ശാന്തിലാല്‍ മുത്ത പറഞ്ഞു. അത് ഒരു പുതിയ ഭാരതത്തെ സൃഷ്ടിക്കും. എന്നാലത് ഫലപ്രദമായി നടപ്പിലാക്കേണ്ടതുണ്ട്, കാരണം പാശ്ചാത്യ സംസ്കാരത്തിന്റെ അധിനിവേശം മൂലം മൂല്യങ്ങള്‍ക്കും വിദ്യാഭ്യാസത്തിനും കുടുംബ വ്യവസ്ഥക്കും നേരെ ഉയരുന്ന നിരവധി വെല്ലുവിളികളുടെ പരിഹാരമാണതെന്ന് അദ്ദേഹം പറഞ്ഞു.
പരിപാടിയില്‍ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന് അവിനാഷ് ധര്‍മാധികാരി, സംഗീതജ്ഞന് മഹേഷ് കാലെ, കോസ്മോസ് ബാങ്ക് ചെയര്മാന് മിലിന്ദ് കാലെ, വ്യവസായി പുനിത് ബാലന്, ലോക്സേവാ പ്രതിഷ്ഠാന്‍ ഡയറക്ടര്‍ എ.ഡി. വൈദിക് പയ്ഗുഡെ, മുന്‍ ഡയറക്ടര്‍ നിവേദിത തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: