India

പ്രാണപ്രതിഷ്ഠാ വാര്‍ഷികത്തിന് അയോദ്ധ്യ ഒരുങ്ങുന്നു; പ്രതിഷ്ഠാ ദ്വാദശി ജനുവരി 11ന്

Published by

അയോദ്ധ്യ: ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ വാര്‍ഷികാഘോഷങ്ങള്‍ ജനുവരി 11 ന് തുടങ്ങുമെന്ന് തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ്.

ഭാരതീയ പാരമ്പര്യമനുസരിച്ചാണ് പ്രാണപ്രതിഷ്ഠാ വാര്‍ഷികത്തിന്റെ തീയതി കണക്കാക്കുന്നത്. അത് പ്രകാരം പ്രാണപ്രതിഷ്ഠ നടന്ന പൗഷമാസത്തിലെ ശുക്ലപക്ഷ ദ്വാദശി ഇക്കുറി ജനുവരി 11നാണ് എത്തുക. അന്ന് മുതല്‍ മൂന്ന് ദിവസം പ്രാണപ്രതിഷ്ഠാ വാര്‍ഷിക പരിപാടികള്‍ നടക്കും, ചമ്പത് റായ് പറഞ്ഞു. വിവാഹ പഞ്ചമി, മൗനി അമാവാസി, ശിവരാത്രി അമാവാസി, ഏകാദശി തുടങ്ങിയവ പോലെ പ്രതിഷ്ഠാ ദ്വാദശി എന്ന പേരില്‍ ഈ ദിവസം എല്ലാ വര്‍ഷവും കൊണ്ടാടുമെന്ന് ചമ്പത് റായ് പറഞ്ഞു.

ശ്രീരാമക്ഷേത്രാങ്കണത്തില്‍ പൂര്‍ത്തിയാകുന്ന 18 ക്ഷേത്രങ്ങളുടെ പ്രാണപ്രതിഷ്ഠാ കര്‍മം അതിന് മുമ്പ് പൂര്‍ത്തിയാകും. 15 ലക്ഷം ഘനയടി കല്ലുകളാണ് ഇതുവരെയുള്ള നിര്‍മാണത്തിന് ഉപയോഗിച്ചത്. 15 ലക്ഷം മില്യന്‍ മണിക്കൂറിലധികം മനുഷ്യാധ്വാനമാണ് ഇതിന് വേണ്ടിവന്നത്.

392 തൂണുകളും 44 വാതിലുകളുമുള്ള ശ്രീരാമ ക്ഷേത്രത്തിന് കിഴക്കോട്ടും ദര്‍ശനമുണ്ട്. പ്രധാന സിംഹദ്വാറില്‍ 32 പടികള്‍ ഉണ്ട്. നൃത്തമണ്ഡപം, രംഗമണ്ഡപം, സഭാമണ്ഡപം, പ്രാര്‍ത്ഥനാ മണ്ഡപം, കീര്‍ത്തനമണ്ഡപം എന്നിങ്ങനെ അഞ്ച് മണ്ഡപങ്ങളാണ് രാമക്ഷേത്ര സഭാങ്കണത്തിലൊരുങ്ങുന്നത്. ക്ഷേത്രത്തോട് ചേര്‍ന്ന് സീത കൂപ് എന്ന പേരില്‍ കിണറുമുണ്ട്. ലക്ഷക്കണക്കിന് തീര്‍ത്ഥാടകരുടെ നിരന്തരയാത്രക്കിടയില്‍ നിര്‍മ്മാണത്തിന് തടസമുണ്ടാകാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തിയെന്ന് ചമ്പത് റായ് പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക