കോയമ്പത്തൂര്‍: ബിജെപി തമിഴ്നാട് ഘടകം അധ്യക്ഷന്‍ കെ. അണ്ണാമലൈ ഉള്‍പ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്ത ഡിഎംകെ സര്‍ക്കാരിന്റെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം. കോയമ്പത്തൂര്‍ സ്ഫോടന പരമ്പരയിലെ മുഖ്യപ്രതിയും അല്‍ ഉമ്മ നേതാവുമായ കൊടുംഭീകരന് എസ്.എ. ബാഷ(84) യെ വിശുദ്ധനാക്കി ശവസംസ്കാര ചടങ്ങുകള്‍ ആഘോഷപൂര്‍വം നടത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞദിവസം കോയമ്പത്തൂരില്‍ കരിദിനമാചരിച്ചിരുന്നു.
ഇതോടനുബന്ധിച്ച് നടത്തിയ റാലിയില്‍ പങ്കെടുത്ത മഹിളാമോര്‍ച്ച പ്രസിഡന്റ് വാനതി ശ്രീനിവാസന്, ജനറല്‍ സെക്രട്ടറി എ.പി. മുരുകാനന്ദം, ഹിന്ദുമുന്നണി സംസ്ഥാന പ്രസിഡന്റ് കടേശ്വര സുബ്രഹ്മണ്യം, വിശ്വഹിന്ദു പരിഷത്ത് കോയമ്പത്തൂര്‍ സെക്രട്ടറി ശിവലിംഗം തുടങ്ങി നിരവധി നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.
മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ. അദ്വാനിയെ ലക്ഷ്യമിട്ടായിരുന്നു 1998ല്‍ കോയമ്പത്തൂരില്‍ ബാഷയുടെ നേതൃത്വത്തില്‍ സ്ഫോടന പരമ്പര അരങ്ങേറിയത്. ഭീകരവാദിക്ക് രക്തസാക്ഷി പരിവേഷം നല്കുന്നതില് പ്രതിഷേധിച്ച് തമിഴ്നാട് സര്‍ക്കാരിനെ അപലപിച്ച് കോയമ്പത്തൂര്‍ ഗാന്ധിപുരം വികെകെ മേനോന് റോഡില്‍ ബിജെപി റാലി നടത്തിയിരുന്നു. അനുമതിയില്ലാതെ റാലി നടത്തിയെന്ന് ആരോപിച്ചാണ് അറസ്റ്റ് ചെയ്തത്. കെ. അണ്ണാമലൈ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്ത നടപടിക്കെതിരെ തമിഴ്നാട്ടിലെമ്പാടും വ്യാപക പ്രതിഷേധമാണുയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: