India

ആപ് മുന്‍ എംഎല്‍എ ബിജെപിയില്‍; ആപ് വാഗ്ദാനങ്ങള്‍ മാത്രം നല്കി, നടപ്പാക്കിയില്ല: കേന്ദ്രമന്ത്രി

Published by

ന്യൂദല്‍ഹി: ആം ആദ്മി പാര്‍ട്ടി മുന്‍ എംഎല്‍എ ബിജെപിയില്‍. ആപ് മുന്‍ എംഎല്‍എ ഡോ. സുഖ്വീര്‍ സിങ് ദലാല്‍, ദല്‍ഹി ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റി അംഗം സര്‍ദാര്‍ ബല്‍ബീര്‍ സിങ് എന്നിവര്‍ ബിജെപിയില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി ഹര്‍ഷ് മല്‍ഹോത്ര, ബിജെപി സംസ്ഥാന പ്രസിഡന്റ് വീരേന്ദ്ര സച്ച്ദേവ എന്നിവര്‍ ഇരുവരെയും സ്വീകരിച്ചു.

ആപ് സര്‍ക്കാര്‍ ദല്‍ഹിക്ക് വേണ്ടി ഒന്നും ചെയ്തില്ലെന്ന് കേന്ദ്രമന്ത്രി ഹര്‍ഷ് മല്‍ഹോത്ര ആരോപിച്ചു. കേജ്‌രിവാള്‍ സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ മാത്രമാണ് നല്‍കിയത്. അഴിമതിരഹിത ഭരണം മുന്നോട്ടുവച്ച ആപ് ഇപ്പോള്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണ്. കേജ്രിവാളിന്റെ വാക്ക് വിശ്വസിച്ച് ആപില്‍ ചേര്‍ന്നവരെല്ലാം ഇപ്പോള്‍ മനംമടുത്ത് പാര്‍ട്ടി വിടുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഡോ. സുഖ്വീര്‍ സിങ് ദലാല്‍, സര്‍ദാര്‍ ബല്‍ബീര്‍ സിങ് എന്നിവരുടെ പ്രവേശനം ബിജെപിയെ ശക്തിപ്പെടുത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് വീരേന്ദ്ര സച്ച്ദേവ അഭിപ്രായപ്പെട്ടു. കേജ്രിവാള്‍ വാഗ്ദാനങ്ങള്‍ മാത്രമാണ് നല്കുന്നത്, പദ്ധതികള്‍ നടപ്പാക്കുന്നില്ല. പറഞ്ഞത് ചെയ്യുകയും ചെയ്യുന്നത് പറയുകയും ചെയ്ത് മുന്നോട്ടു പോകുകയാണ് നരേന്ദ്രമോദി സര്‍ക്കാര്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഴിമതിവിരുദ്ധ വാഗ്ദാനങ്ങളില്‍ നിന്ന് ആപ് വ്യതിചലിച്ചതായി ഡോ. സുഖ്വീര്‍ സിങ് ദലാല്‍ വ്യക്തമാക്കി. സ്പോര്‍ട്സ് യൂണിവേഴ്സിറ്റി പദ്ധതിക്ക് തുടക്കമിട്ടെങ്കിലും നാളിതുവരെ ഒരു പുരോഗതിയും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപി നേതാക്കളായ ആശിഷ് സൂദ്, ബെന്‍ പ്രീതി, പ്രവീണ്‍ ശങ്കര്‍ കപൂര്‍, മുന്‍ എംഎല്‍എ നിതിന്‍ ത്യാഗി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക