മുംബൈ : ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയുടെ പുനർനിർമ്മാണ പദ്ധതി അദാനി ഗ്രൂപ്പിന് നൽകിയതിനെതിരെ നൽകിയ ഹർജി ബോംബെ ഹൈക്കോടതി തള്ളി. ഹർജിയിൽ കഴമ്പില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബോംബെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ചീഫ് ജസ്റ്റിസ് ഡി.കെ. ഉപാധ്യായയും ജസ്റ്റിസ് അമിത് ബോർക്കറും ഹർജി തള്ളിയത് .
ഹർജിയിൽ ഉന്നയിച്ച കാര്യങ്ങൾക്ക് കഴമ്പില്ലെന്നും സംസ്ഥാന സർക്കാരിന്റെ തീരുമാനം ശരിയാണെന്നും കോടതി വ്യക്തമാക്കി. പദ്ധതി അദാനി ഗ്രൂപ്പിന് നൽകാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) ആസ്ഥാനമായുള്ള സെക്ലിങ്ക് ടെക്നോളജീസ് കോർപ്പറേഷനാണ് ഹർജി സമർപ്പിച്ചത്.പദ്ധതിയുടെ കരാറിനെ ചൊല്ലി അപ്പീൽ നൽകാൻ സെക്ലിങ്ക് ടെക്നോളജീസിന് നിയമപരമായ അവകാശമില്ലെന്നും കോടതി പറഞ്ഞു.
മുംബൈയിലെ ഏറ്റവും പ്രധാനപ്പെട്ടതും ബൃഹത്തായതുമായ നഗര പദ്ധതികളിലൊന്നാണ് ധാരാവി പുനർവികസന പദ്ധതി. ഈ പദ്ധതി പ്രകാരം, 259 ഹെക്ടറിൽ വ്യാപിച്ചുകിടക്കുന്ന ധാരാവി പുനർവികസിപ്പിച്ചെടുക്കും, അതിലൂടെ ഏകദേശം 7 ലക്ഷം താമസക്കാർക്ക് 350 ചതുരശ്ര അടി ഫ്‌ളാറ്റുകൾ സൗജന്യമായി നൽകും. ഏകദേശം മൂന്ന് ബില്യൺ ഡോളർ വിലമതിക്കുന്ന ഈ പ്രോജക്റ്റ് ധാരാവിക്ക് ഒരു പുതിയ മുഖം നൽകാനാണ് ലക്ഷ്യമിടുന്നത്, ആധുനിക അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെട്ട ജീവിത സൗകര്യങ്ങളും ഒരുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: