ന്യൂഡല്‍ഹി: ഇന്നലെ പാര്‍ലമെന്റ് മന്ദിരത്തിനു മുന്നില്‍ നടന്ന ഭരണ – പ്രതിപക്ഷ പ്രതിഷേധങ്ങള്‍ സംഘര്‍ഷങ്ങളിലേക്ക് കടന്നതോടെ പാര്‍ലമെന്റ് കവാടങ്ങളില്‍ പ്രതിഷേധങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി സ്പീക്കര്‍.
അംബേദ്കര്‍ വിവാദത്തില്‍ അമിത് ഷായ്‌ക്കെതിരായ പ്രതിഷേധം നടത്തിയ പ്രതിപക്ഷത്തിനെതിരായി ഭരണപക്ഷം എംപിമാര്‍ സംഘടിച്ചതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. ഇതിന്റെ പശ്ചാത്തലത്തിലാണ് സ്പീക്കര്‍ ഓം ബിര്‍ളയുടെ കടുത്ത നടപടി. പ്രവേശനകവാടങ്ങളില്‍ തടസ്സമുണ്ടാക്കുകയോ പ്രതിഷേധ പരിപാടികള്‍ നടത്തുകയോ ചെയ്യരുതെന്ന് സ്പീക്കര്‍ എം.പിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
അതേസമയം, അദാനി, അംബേദ്കര്‍ വിഷയങ്ങളില്‍ പ്രക്ഷുബ്ധമായ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഇന്നവസാനിക്കും. അംബേദ്കര്‍ വിവാദത്തില്‍ ഇരുസഭകളിലും ഇന്നും പ്രതിഷേധം ശക്തമാക്കാനായിരിക്കും പ്രതിപക്ഷത്തിന്റെ നീക്കം. എന്നാല്‍ രാഹുല്‍ ഗാന്ധിക്കെതിരെ വനിത എംപിയടക്കം നല്‍കിയ പരാതിയില്‍ നടപടികള്‍ ശക്തമാക്കാനാണ് ബിജെപിയും ശ്രമിക്കുന്നത്.
പാർലമെന്റ് വളപ്പിലെ സംഘർഷവുമായി ബന്ധപ്പെട്ട് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. . ബിജെപി എംപി ഹേമങ് ജോഷിയുടെ പരാതിയിൽ ഡൽഹി പൊലീസാണ് രാഹുലിനെ കേസെടുത്തത്. നിയമോപദേശം ലഭിച്ച ശേഷമാണ് പൊലീസ് പ്രതിപക്ഷ നേതാവിനെതിരെ കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 115, 117, 125, 131, 351 വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക