Kerala

നിയമസഭ പുസ്തകോത്സവം ജനുവരി 7 മുതല്‍; ഒരാഴ്ച നഗരത്തില്‍ സാഹിത്യോത്സവം

Published by

തിരുവനന്തപുരം: കേരള നിയമസഭാ അന്താരാഷ്‌ട്ര പുസ്തകോത്സവത്തിന്റെ മൂന്നാം പതിപ്പ്  ജനുവരി 7 മുതല്‍ 13 വരെ നടക്കും. പുസ്തകോത്സവത്തിന്റെ ഉദ്ഘാടനം ജനുവരി 7ന് രാവിലെ 10.30ന് ആര്‍. ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്‌സ് ലോഞ്ചില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കുമെന്ന് നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ചടങ്ങില്‍ കര്‍ണ്ണാടക സ്പീക്കര്‍ യു.ടി. ഖാദര്‍, പ്രശസ്ത സാഹിത്യകാരന്‍ ദേവദത്ത് പട്‌നായിക് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. വിവിധ വകുപ്പുമന്ത്രിമാര്‍, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍, പ്രതിപക്ഷ ഉപനേതാവ് പി. കെ. കുഞ്ഞാലിക്കുട്ടി, തിരുവനന്തപുരം ജില്ലാ കളക്ടര്‍ അനുകുമാരി ഐഎഎസ് എന്നിവരും സംബന്ധിക്കും.

രാഷ്‌ട്രീയ കലാ സാഹിത്യ സാംസ്‌കാരിക സിനിമാ മേഖലകളിലെ പല പ്രമുഖ വ്യക്തികളും പങ്കെടുക്കും.  വിവിധ സെഗ്‌മെന്റുകളിലായി  പി. സായിനാഥ്, യൂസഫ് തരിഗാമി, ബൃന്ദ കാരാട്ട്,  സോയ ഹസ്സന്‍, ഡോ. ശ്രീനിവാസ റാവു, ഡോ. സി. മൃണാളിനി, ആദിത്യ മുഖര്‍ജി,  ദേവന്‍ രാമചന്ദ്രന്‍,  ടി. പത്മനാഭന്‍, ശശി തരൂര്‍,  ജോസി ജോസഫ്, എം. മുകുന്ദന്‍,  മധുസൂദനന്‍ നായര്‍, പ്രഭാവര്‍മ്മ, എം.വി. ഗോവിന്ദന്‍, പി. കെ. പാറക്കടവ്, സുനില്‍ പി. ഇളയിടം,  വിദ്യാധരന്‍ മാഷ്, സന്തോഷ് ജോര്‍ജ് കളങ്ങര, ടി. ഡി. രാമകൃഷ്ണന്‍, എന്‍. എസ്. മാധവന്‍, ബെന്യാമിന്‍, എസ്. ഹരീഷ്, ഒ.വി.ഉഷ, കെ.സി. നാരായണന്‍, ജി. ആര്‍. ഇന്ദുഗോപന്‍,  വിനില്‍ പോള്‍,  പ്രിയ എ. എസ് തുടങ്ങിയ ഒട്ടേറെ ശ്രദ്ധേയരായ എഴുത്തുകാരും രാഷ്‌ട്രീയ സാംസ്‌കാരിക പ്രവര്‍ത്തകരും പങ്കെടുക്കും.

250ലധികം സ്‌റ്റോളുകളിലായി 150ലധികം ദേശീയ അന്തര്‍ദേശീയ പ്രസാധകരാണ് ഇത്തവണ പുസ്തകോത്സവത്തില്‍ പങ്കെടുക്കുക. 350ഓളം പുസ്തകപ്രകാശനങ്ങളും 60 ല്‍ അധികം പുസ്തകചര്‍ച്ചകളും ഉണ്ട്.  പുസ്തകോത്സവദിനങ്ങളില്‍ വൈകുന്നേരം 7 മണി മുതല്‍ വിവിധ ദൃശ്യമാധ്യമങ്ങളുടെ നേതൃത്വത്തില്‍ ആര്‍.ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്‌സ് ലോഞ്ചില്‍ മെഗാഷോ സംഘടിപ്പിക്കും. കുട്ടികള്‍ക്കായി ‘സ്റ്റുഡന്റ്‌സ് കോര്‍ണര്‍’ എന്ന ഒരു പ്രത്യേക വേദി സജ്ജീകരിക്കുന്നുണ്ട് എന്നതാണ് ഇത്തവണത്തെ സവിശേഷതകളിലൊന്ന്. വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ രചിച്ച പുസ്തകങ്ങള്‍ പ്രകാശനം ചെയ്യാനുള്ള ഒരു വേദിയും കൂടിയാണിത്. പുസ്തകോത്സവം സന്ദര്‍ശിക്കാന്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നിയമസഭാഹാള്‍, മ്യൂസിയങ്ങള്‍, മൃഗശാല തുടങ്ങിയവ സൗജന്യമായി സന്ദര്‍ശിക്കാനുള്ള പാക്കേജ് ഒരുക്കുന്നുണ്ട്. കൂടാതെ കെഎസ്ആര്‍ടിസി യുടെ ഡബിള്‍ ഡെക്കര്‍ ബസ്സില്‍ സിറ്റി റൈഡും ക്രമീകരിച്ചിട്ടുണ്ട്.

ജനുവരി 13നുള്ളസമാപനചടങ്ങില്‍ ചലച്ചിത്ര താരങ്ങളായ പ്രകാശ് രാജ്, ഇന്ദ്രന്‍സ് എന്നിവര്‍ മുഖ്യാതിഥികളാകും. രുചിവൈവിദ്ധ്യങ്ങള്‍ സമ്മാനിക്കുന്ന ഫുഡ്‌കോര്‍ട്ടും ദീപാലംകൃതമായ നിയമസഭയും സെല്‍ഫി പോയന്റുമടക്കം ജനങ്ങളെ ആകര്‍ഷിക്കുന്ന നിരവധി കാര്യങ്ങളുമായി പുസ്തകോത്സവത്തിനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണെന്ന് സ്പീക്കര്‍ എ.എന്‍. ഷംസീര്‍ പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by