ന്യൂദൽഹി: :അംബേദ്കർ വിവാദത്തിൽ പാർലമെന്റ് വളപ്പിൽ നടന്ന പ്രതിഷേധത്തിനിടെ രാഹുൽ ഗാന്ധി ബിജെപി എം.പിയെ തള്ളിയിട്ട് പരിക്കേൽപ്പിച്ചു. ഇടത് കണ്ണിന് സമീപം പരിക്കേറ്റ പ്രതാപ് ചന്ദ്ര സാരംഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാരംഗിയെ ആംബുലൻസിൽ കയറ്റി കൊണ്ടുപോകുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. മുറിവിൽ നിന്ന് രക്തം വരുന്നതും ദൃശ്യങ്ങളിൽ കാണാം
‘ഞാൻ ഗോവണിക്ക് സമീപം നിൽക്കുകയായിരുന്നു. പ്രതിഷേധ മാർച്ചിനിടെ രാഹുൽ ഗാന്ധി ഒരു എംപിയെ പിടിച്ചുതള്ളി അദ്ദേഹം എന്റെ പുറത്തായിരുന്നു വീണത്. അങ്ങനെ ഞാൻ നിലത്തുവീണു’വെന്ന് ബിജെപി എംപി പറഞ്ഞു. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടേയും കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധിയുടേയും നേതൃത്വത്തിൽ അംബേദ്കർ പ്രതിമയുടെ മുന്നിൽ നിന്നാണ് പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചത്.
നീല വസ്ത്രമണിഞ്ഞാണ് പ്രതിപക്ഷ എംപിമാർ പ്രതിഷേധിച്ചത്. ഇവിടെ വെച്ച് മുദ്രാവാക്യം വിളികളുമായി നിന്ന ഭരണപക്ഷത്തിനിടയിലേക്ക് പ്രിയങ്കയുടെ നേതൃത്വത്തിൽ എംപിമാർ കയറിയതോടെ ഭരണ-പ്രതിപക്ഷ എംപിമാർ തമ്മിൽ പരസ്പരം പിടിച്ചുതള്ളുന്ന സാഹചര്യം ഉണ്ടായി. ഇതിനിടയിലാണ് ബി ജെ പി എംപിയായ പ്രതാപ് സാരംഗിക്ക് പരിക്കേറ്റത്.
സംഭവത്തിൽ രാഹുൽ ഗാന്ധിയും പ്രതികരണവുമായി രംഗത്തെത്തി. പാർലമെന്റ് കവാടത്തിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ബിജെപി എംപിമാർ തടയാനും ഭീഷണിപ്പെടുത്താനും ശ്രമിച്ചുവെന്നും അതിനിടെയാണ് ഇത് സംഭവിച്ചതെന്നും രാഹുൽ പറഞ്ഞു. മല്ലികാർജുൻ ഖാർഗെയാണ് വീണത്. ബിജെപി എംപിമാരാണ് ഞങ്ങളെ തടയാൻ ശ്രമിച്ചതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: