World

കാന്‍സര്‍ വാക്‌സിന്‍ വികസിപ്പിച്ച് റഷ്യ, അടുത്തവര്‍ഷത്തോടെ സൗജന്യമായി വിതരണം ചെയ്യുമെന്ന് റിപ്പോര്‍ട്ട്

Published by

മോസ്‌കോ: കാന്‍സറിനെതിരെ റഷ്യ  വാക്‌സിന്‍ വികസിപ്പിച്ചതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ടാസ് റിപ്പോര്‍ട്ട് ചെയ്തു. ക്യാന്‍സര്‍ രോഗികള്‍ക്ക് വാക്‌സിന്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന് റഷ്യന്‍ ആരോഗ്യ മന്ത്രാലയത്തിലെ റേഡിയോളജി മെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍ ജനറല്‍ ഡയറക്ടര്‍ ആന്‍ഡ്രി കപ്രിന്‍ അറിയിച്ചു.

അടുത്ത വര്‍ഷം ആദ്യം മുതല്‍ തന്നെ രോഗബാധിതരായ റഷ്യന്‍ പൗരന്‍മാര്‍ക്ക് വാക്‌സീന്‍ സൗജന്യമായി വിതരണം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 300,000 റൂബിള്‍ (ഏകദേശം രണ്ട് ലക്ഷത്തി നാല്‍പത്തിനാലായിരത്തോളം രൂപ) ആണ് ഓരോ ഡോസ് വാക്‌സീനുമായി സര്‍ക്കാരിന് ചെലവാകുക.

രോഗികള്‍ക്ക് സൗജന്യമായി വാക്‌സീന്‍ നല്‍കുന്നതിലൂടെ കാന്‍സര്‍ ചികില്‍സയിലൂടെ ഉണ്ടാകുന്ന സാമ്പത്തിക ഭാരത്തെ ലഘൂകരിക്കുകയാണ് റഷ്യ ചെയ്യുന്നത്.

നിരവധി ഗവേഷണ കേന്ദ്രങ്ങളുമായി സഹകരിച്ചാണ് വാക്‌സിന്‍ വികസിപ്പിച്ചെടുത്തത്. 2025 ന്റെ തുടക്കത്തോടെ ഇത് പൊതു ഉപയോഗത്തിനായി പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. വാക്‌സിന്റെ പ്രീക്ലിനിക്കല്‍ ട്രയലുകളില്‍ അത് ട്യൂമര്‍ ഉണ്ടാകുന്നതിനെയും ക്യാന്‍സര്‍ സാധ്യതയുള്ള മെറ്റാസ്‌റ്റേസുകളേയും പ്രതിരോധിക്കുന്നതായി കാണിച്ചുവെന്നും ഗമാലിയ നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ എപ്പിഡെമിയോളജി ആന്‍ഡ് മൈക്രോബയോളജി ഡയറക്ടര്‍ അലക്‌സാണ്ടര്‍ ജിന്റ്‌സ്ബര്‍ഗ് റഷ്യന്‍ വാര്‍ത്താ എജന്‍സിയായ ടാസിനോട് പറഞ്ഞു.

ഓരോ രോഗിയുടെ രോഗാവസ്ഥയ്‌ക്കും അനുസരിച്ചാകും വാക്‌സീന്‍ തയ്യാറാക്കുക. വ്യക്തികളുടെ ശരീരിക പ്രത്യേകതകള്‍ കണക്കിലെടുത്ത് വാക്‌സീന്‍ തയ്യാറാക്കുന്നതിനായും വിവരങ്ങള്‍ ക്രോഡീകരിക്കുന്നതിനായും എഐ സഹായവും ശാസ്ത്രജ്ഞര്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അര മണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെയാണ് ന്യൂറല്‍ നെറ്റ്?വര്‍ക്കിന്റെ സഹായത്തോടെ വാക്‌സീന്‍ വികസിപ്പിക്കാന്‍ വേണ്ടി വരുന്ന സമയമെന്ന് ഗമാലിയ നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഡയറക്ടറായ അലക്‌സാണ്ടന്‍ ഗിന്റ്‌സ്ബര്‍ഗ് പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by