Categories: News

ഹൃദയത്തെ സൂക്ഷിക്കുക… ശബരിമല തീര്‍ത്ഥാടകര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Published by

ബരിമല ദര്‍ശനം നടത്തുന്ന തീര്‍ഥാടകരുടെ എണ്ണം ഓരോ വര്‍ഷവും വര്‍ധിച്ചുവരുന്നു. മണ്ഡല-മകരവിളക്ക് കാലത്തും അല്ലാതെയും മല കയറുന്നതിനിടയില്‍ ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ കാരണം അപകടത്തില്‍ പെടുന്നവരുടെയും ജീവന്‍ നഷ്ടപ്പെടുന്നവരുടെയും വാര്‍ത്തകള്‍ നിരവധി കേള്‍ക്കാറുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുമ്പോള്‍ ഹൃദയാരോഗ്യത്തെക്കുറിച്ചും ഹൃദയത്തിന്റെ പ്രവര്‍ത്തനക്ഷമതയെ കുറിച്ചും നമ്മള്‍, പ്രത്യേകിച്ച് തീര്‍ത്ഥാടകരും അവരുടെ കുടുംബാംഗങ്ങളും സഹയാത്രികരും ഏറെ ജാഗ്രത പുലര്‍ത്തേണ്ടതാവശ്യമാണ്.

സാമാന്യം നല്ല ശാരീരിക അധ്വാനം വേണ്ട പ്രവര്‍ത്തിയാണ് ശബരിമല യാത്ര. അതിനാല്‍ ഹൃദ്രോഗമുള്ളവരും ഉയര്‍ന്ന ഹൃദ്രോഗസാധ്യതയുള്ളവരും മറ്റ് രോഗങ്ങളുള്ളവരും അല്ലാത്തവരും ശബരിമല കയറുന്നതിനു മുന്‍പ് ഒരു വൈദ്യപരിശോധന നടത്തേണ്ടതാവശ്യമാണ്.

നിയന്ത്രണവിധേയമല്ലാത്ത ഹൃദ്രോഗമുള്ളവര്‍ കാര്‍ഡിയോളജിസ്റ്റ് നിര്‍ദ്ദേശിക്കുന്നതുവരെ തത്കാലം മലയാത്ര ഒഴിവാക്കുക. ഹൃദ്രോഗം നിയന്ത്രണവിധേയമാകാതെ കഠിനമായ ശാരീരികാധ്വാനമോ മലകയറ്റം പോലുള്ള ആയാസമേറിയ കാര്യങ്ങള്‍ ചെയ്താല്‍ അത് മരണത്തിന് കാരണമായേക്കാം. ഹൃദയാഘാതം, ഹൃദയപരാജയം, ഹൃദയസ്തംഭനം, പക്ഷാഘാതം എന്നിവയാണ് ശബരിമല കയറുമ്പോള്‍ ഉണ്ടാകുന്ന മരണങ്ങളിലേക്ക് നയിക്കുന്ന കാരണങ്ങള്‍. ഹൃദ്രോഗങ്ങള്‍ ചിലപ്പോള്‍ ലക്ഷണങ്ങള്‍ കാണിക്കണമെന്നില്ല. അതുകൊണ്ട് തന്നെ മലയ്‌ക്ക് പോകുന്നതിന് മുന്‍പ് തീര്‍ഥാടകന്‍ ഹൃദ്രോഗങ്ങള്‍ ഇല്ല എന്നുറപ്പ് വരുത്തേണ്ടത് ആവശ്യമാണ്. അത് വൈദ്യപരിശോധന വഴി മാത്രമേ സാധിക്കൂ. ഹൃദ്രോഗമുള്ളവര്‍, മുന്‍പ് ഹൃദയാഘാതം വന്നിട്ടുള്ളവര്‍, ആന്‍ജിയോപ്ലാസ്റ്റി-ബൈപാസ്-മറ്റു ഹൃദയ ശസ്ത്രക്രിയകള്‍ കഴിഞ്ഞവര്‍, ഹൃദയവാല്‍വിന് തകരാറുള്ളവര്‍, പേസ്മേക്കര്‍ ഘടിപ്പിച്ചവര്‍ നിര്‍ബന്ധമായും കാര്‍ഡിയോളജിസ്റ്റിന്റെ ഉപദേശം തേടണം. ഹൃദയത്തിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനായി ഇസിജി, എക്കോകാര്‍ഡിയോഗ്രാം, ടി.എം.ടി, മറ്റു രക്തപരിശോധനകള്‍ എന്നിവ വേണ്ടിവന്നേക്കാം.

ശബരിമല കയറ്റം ആയാസരഹിതമാക്കുന്നതിന് ദര്‍ശനത്തിന് എത്തുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ നടത്തം ഉള്‍പ്പടെയുള്ള ചെറിയ വ്യായാമങ്ങള്‍ ആരംഭിക്കേണ്ടതാണ്. സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ ശബരിമല വ്രതകാലത്ത് ഒരു കാരണവശാലും നിര്‍ത്തരുത്. പ്രമേഹം, ബിപി, ഉയര്‍ന്ന കൊളസ്ട്രോള്‍, മറ്റു രോഗങ്ങള്‍ എന്നിവയ്‌ക്കും ഹൃദ്രോഗമുണ്ടെങ്കില്‍ അതിന്റെയും മരുന്നുകള്‍ കഴിക്കാന്‍ മറക്കരുത്. രാവിലെയോ രാത്രിയിലോ ഭക്ഷണം കഴിക്കുന്നതിന് മുന്‍പ് മലകയറുന്നതാണ് ഉചിതം. ഭക്ഷണശേഷം ഒരുതരത്തിലുമുള്ള കഠിനാധ്വാനങ്ങളിലും ഏര്‍പ്പെടരുത്. ആവശ്യത്തിന് വെള്ളം കുടിക്കുന്നത് നിര്‍ജലീകരണം ഒഴിവാക്കും. ഇടയ്‌ക്കിടെ വിശ്രമിച്ച് സാവധാനത്തില്‍ സന്തോഷത്തോടെ മല കയറുക. മദ്യപാനം, പുകവലി, പുകയില, മറ്റു ലഹരിപദാര്‍ത്ഥങ്ങള്‍ എന്നിവ പൂര്‍ണമായും ഒഴിവാക്കണം.

രോഗ വിവരങ്ങളടങ്ങിയ റിപ്പോര്‍ട്ടുകള്‍, ഫയലുകള്‍, ഡോക്ടറുടെ മരുന്ന് കുറിപ്പോ അതിന്റെ പകര്‍പ്പോ കൂടെ കരുതുക. വീട്ടുകാരുടെയും, സുഹൃത്തുക്കളുടെയും, ഡോക്ടറുടെയും ഫോണ്‍ നമ്പര്‍ കയ്യില്‍ സൂക്ഷിക്കണം. സഹ തീര്‍ത്ഥാടകരില്‍ ആരോടെങ്കിലും രോഗവിവരം പങ്കുവയ്‌ക്കുന്നതും നന്ന്.
മലകയറ്റത്തിനിടയില്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടാല്‍ – അതായത് നെഞ്ചുവേദന, ശ്വാസംമുട്ടല്‍, തളര്‍ച്ച, അസാധാരണമായ നെഞ്ചിടിപ്പ്, കിതപ്പ്, തലകറക്കം എന്നിവ അനുഭവപ്പെട്ടാല്‍ മലകയറുന്നത് നിര്‍ത്തി കൂടെയുള്ള ആളെയോ സഹയാത്രികരെയോ വിവരം അറിയിക്കുക. കൈയിലുള്ള എമര്‍ജന്‍സി നമ്പറില്‍ ബന്ധപ്പെടുക. തൊട്ടടുത്തുള്ള ആരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടുക. ഈ ലക്ഷണങ്ങള്‍ അവഗണിച്ചോ നിസാരവത്കരിച്ചോ മലകയറ്റം തുടരരുത്. ശബരിമല കയറുന്ന എല്ലാവരും ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണം. പ്രധാന ശബരിമല പാതകളിലെല്ലാം ആരോഗ്യവകുപ്പിന്റെ സേവനം ലഭ്യമാണ്. പമ്പയിലുള്ള കണ്‍ട്രോള്‍ സെന്റര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. 04735 203232 എന്ന നമ്പറില്‍ അടിയന്തര സഹായത്തിനായി വിളിക്കാവുന്നതാണ്.

(മലപ്പുറം കാവനൂര്‍ ഡോ. അജയ് രാഘവന്‍സ് ക്ലിനിക്കിലെ കാര്‍ഡിയോളജി സ്‌പെഷ്യല്‍ ഒ.പി. വിഭാഗം ഡയറക്ടറാണ് ലേഖകന്‍)

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by