തിരുവനന്തപുരം: ഹൈക്കോടതി അനുമതിയോടെ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡില്‍ എട്ടുമാസമായി തുടരുന്ന പരിശോധനയും കണക്കെടുപ്പും പൂര്‍ത്തിയായി. ശബരിമലയുള്‍പ്പെടെ ദേവസ്വംബോര്‍ഡ് ക്ഷേത്രങ്ങളില്‍ നിത്യോപയോഗമില്ലാത്ത 535 കിലോഗ്രാം സ്വര്‍ണം ജനുവരി പകുതിയോടെ നിക്ഷേപപ്പദ്ധതിയില്‍ എസ്.ബി.ഐ.ക്ക് കൈമാറും.
തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന് കീഴിലുള്ള 1252 ക്ഷേത്രങ്ങളിലെ സ്വര്‍ണം 21 സ്‌ട്രോങ് റൂമുകളിലായി സൂക്ഷിച്ചിരിക്കുകയാണ്. ഭക്തര്‍ കാണിക്കയായും നടയ്‌ക്കുവെച്ചതുമായ ആഭരണങ്ങളാണിത്.
ഇപ്പോഴത്തെ സ്വർണവിലയനുസരിച്ച് 10 കോടിയോളം രൂപ പ്രതിവർഷം പലിശയിനത്തിൽ ലഭിക്കും. അഞ്ചുവർഷത്തേക്കുള്ള നിക്ഷേപപ്പദ്ധതിക്ക് ദേവസ്വംബോർഡ് യോഗം അന്തിമാനുമതി നൽകി.
ജനുവരി മൂന്നിന് എസ്.ബി.ഐ., ദേവസ്വംബോർഡ് പ്രതിനിധികളും ഓഡിറ്റ് വിഭാഗം ഉദ്യോഗസ്ഥരും യോഗംചേരുമെന്ന് ദേവസ്വം പ്രസിഡന്റ് പി.എസ്. പ്രശാന്തും അംഗം എ. അജികുമാറും പറഞ്ഞു.
പിന്നീട് സ്‌ട്രോങ് റൂമുകളിൽനിന്ന് സ്വർണം തിരുവനന്തപുരം ശ്രീകണ്ഠേശ്വരം ഗ്രൂപ്പിലെ വലിയശാലയിലെത്തിക്കും. മെറ്റൽ ആൻഡ് മിനറൽസ് ട്രേഡിങ് കോർപ്പറേഷൻ അധികൃതരുടെ സാന്നിധ്യത്തിൽ ബാങ്കിന്റെ തൃശ്ശൂർശാഖയ്‌ക്ക് കൈമാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: