World

യൂനസിന് തിരിച്ചടി: ബംഗ്ലാദേശിനെ അരാക്കന്‍ സൈന്യം ആക്രമിച്ചു, ചില പ്രദേശങ്ങള്‍ പിടിച്ചു

Published by

ഢാക്ക: ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിന് കനത്ത തിരിച്ചടി. മ്യാന്‍മറിലെ വിമത സൈനിക വിഭാഗമായ അരാക്കന്‍ സൈന്യം (എഎ) ബംഗ്ലാദേശ് അതിര്‍ത്തികടന്നു. ടെക്നാഫ് മേഖലയുടെ ചില ഭാഗങ്ങള്‍ പിടിച്ചെടുത്ത് സെന്റ് മാര്‍ട്ടിന്‍സ് ദ്വീപിന് തൊട്ടടുത്ത് എത്തിയെന്നാണ് റിപ്പോര്‍ട്ട്. ബംഗ്ലാദേശ് അതിര്‍ത്തിയിലെ മ്യാന്‍മറിന്റെ 271 കിലോമീറ്റര്‍ അരാക്കന്‍ സൈന്യം പിടിച്ചെടുത്തു. അതീവ തന്ത്രപ്രധാനമായ ബംഗ്ലാദേശ് അതിര്‍ത്തിയിലെ അവസാനത്തെ പട്ടണമായ മൗങ്‌ഡോയാണ് മ്യാന്‍മര്‍ പട്ടാളമായ ടാറ്റ്മാഡോയില്‍ നിന്നും അരാക്കന്‍ സൈന്യം പിടിച്ചെടുത്തത്. ഷെയ്ഖ് ഹസീന സര്‍ക്കാരിനെ അട്ടിമറിച്ച് അധികാരത്തിലെത്തിയ ഇടക്കാല സര്‍ക്കാര്‍ ഹിന്ദുക്കളെയും ന്യൂനപക്ഷങ്ങളെയും ആക്രമിക്കുകയും ഭാരതവുമായുള്ള ബന്ധത്തില്‍ അസ്വസ്ഥതകള്‍ രൂപപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ പുതിയ സംഭവ വികാസങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്.

അതിര്‍ത്തിയില്‍ അരാക്കന്‍ സൈന്യവും ബംഗ്ലാദേശ് സേനയും തമ്മില്‍ ഒന്നിലധികം തവണ ഏറ്റുമുട്ടലുണ്ടായതായും മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. ബംഗ്ലാദേശ് പ്രദേശത്തിന്റെ ചില ഭാഗങ്ങള്‍ അരാക്കന്‍ സൈന്യം പിടിച്ചെടുത്തതായി പ്രാദേശിക വൃത്തങ്ങള്‍ പറയുന്നു. ഈ മേഖലയില്‍ കനത്ത വെടിവയ്‌പ്പ് നടന്നതായി ബംഗ്ലാദേശി പത്രമായ ദി ഡെയ്ലി സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ബംഗ്ലദേശ് സര്‍ക്കാര്‍ ഇതു സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.

മ്യാന്‍മറിലെ റാഖൈന്‍ പ്രവിശ്യയുടെ വലിയൊരു ഭാഗത്തിന്റെ നിയന്ത്രണം അരാക്കന്‍ സൈന്യം ഏറ്റെടുത്തിരുന്നു. കഴിഞ്ഞ വര്‍ഷം സപ്തംബറിനുശേഷം റാഖൈന്‍ പ്രവിശ്യയുടെ 17 ടൗണ്‍ഷിപ്പുകളില്‍ 11 എണ്ണം അരാക്കന്‍ സൈന്യത്തിന്റെ കീഴിലായി. മ്യാന്‍മറില്‍ റോഹിങ്ക്യന്‍ മുസ്ലിങ്ങള്‍ ഹിന്ദുക്കള്‍ക്കെതിരെ കലാപമുണ്ടാക്കിയപ്പോള്‍ അവരെ ബംഗ്ലാദേശിലേക്ക് തുരുത്തിയത് അരാക്കന്‍ സേനയായിരുന്നു. കഴിഞ്ഞ ഒക്‌ടോബറില്‍ ചൈനയുടെ അതിര്‍ത്തിയിലെ മ്യാന്‍മറിന്റെ നിര്‍ണായക മേഖലയും ഇവര്‍ പിടിച്ചെടുത്തിരുന്നു. മൗങ്ഡോ കീഴടക്കാനായത് വളരെ നിര്‍ണായകമാണ്. വിവാദമായ സെന്റ് മാര്‍ട്ടിന്‍ ദ്വീപ് അരാക്കന്‍ സൈന്യം പിടിച്ചെടുത്തേക്കുമെന്നാണ് സൂചന.

അരാക്കന്‍ ആര്‍മിയുടെ വിജയവും അതിന്റെ പ്രത്യാഘാതങ്ങളും അന്താരാഷ്‌ട്ര തലത്തില്‍ ചര്‍ച്ചയാവുകയാണ്. ബംഗ്ലാദേശിന്റെയും ബംഗാള്‍ ഉള്‍ക്കടലിന്റെയും അതിര്‍ത്തിയില്‍ അതിനിര്‍ണായകവും ഭാരതത്തിന്റെ രാജ്യസുരക്ഷയ്‌ക്ക് അതിപ്രധാനവുമാണ് ഈ മേഖല.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by