India

കോണ്‍ഗ്രസ് അംബേദ്കര്‍ വിരുദ്ധര്‍: അമിത്ഷാ

ന്യൂദല്‍ഹി: കോണ്‍ഗ്രസ് അംബേദ്കര്‍ വിരുദ്ധരും സംവരണ വിരുദ്ധരും ഭരണഘടനാ വിരുദ്ധരുമാണെന്ന് അവര്‍ത്തിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബിജെപി ദേശീയ ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അമിത് ഷാ കോണ്‍ഗ്രസിനും നെഹ്റു കുടുംബത്തിനുമെതിരേ ആഞ്ഞടിച്ചത്. വര്‍ഷങ്ങളായി ഭരണത്തിലിരുന്ന കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ അംബേദ്കറിനായി ഒന്നും ചെയ്തില്ലെന്നും അമിത് ഷാ പറഞ്ഞു.

രാജ്യം മുഴുവന്‍ നെഹ്റുവിന്റെയും ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും പേരില്‍ സ്മാരകങ്ങള്‍ തീര്‍ത്തപ്പോള്‍ അംബേദ്കറിന്റെ പേരില്‍ ഒന്നുപോലും സ്ഥാപിച്ചില്ല. കോണ്‍ഗ്രസ് അംബേദ്കറിന് ഭാരത രത്ന നിഷേധിച്ചു. മരണത്തിന് മുമ്പും ശേഷവും കോണ്‍ഗ്രസ് എങ്ങനെയാണ് അംബേദ്കറോട് പെരുമാറിയെന്നത് എല്ലാവര്‍ക്കും അറിയാം. ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമാണ് അംബേദ്കറിന് സ്മാരകം പണിതതും അദ്ദേഹത്തിന്റെ ആശയങ്ങള്‍ നടപ്പാക്കാന്‍ ആരംഭിച്ചതും. കോണ്‍ഗ്രസ് അവഗണിച്ച അംബേദ്കറുമായി ബന്ധപ്പെട്ട സ്ഥലങ്ങള്‍ ഇന്ന് ബിജെപി സര്‍ക്കാര്‍ വീണ്ടെടുത്തെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.

അംബേദ്കറെക്കുറിച്ച് രാജ്യസഭയില്‍ താന്‍ നടത്തിയ പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ കോണ്‍ഗ്രസ് വളച്ചൊടിച്ചെന്ന് അമിത് ഷാ വ്യക്തമാക്കി. അംബേദ്കറെ ഒരിക്കലും അപമാനിക്കാന്‍ കഴിയാത്ത ഒരു പാര്‍ട്ടിയില്‍ നിന്നാണ് ഞാന്‍ വരുന്നത്. രാജ്യസഭയില്‍ നടത്തിയ പ്രസംഗം വ്യക്തവും ഒരു ആശയക്കുഴപ്പത്തിനും വക നല്കാത്തതുമാണ്. സഭാ രേഖകളില്‍ അതുണ്ട്. വ്യത്യസ്തമായ ആശയങ്ങളുണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഈ വ്യത്യസ്ത കാഴ്ചപ്പാട് എല്ലായ്‌പ്പോഴും വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതാകണം. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതീയിലാകരുത്. എന്നാല്‍ കോണ്‍ഗ്രസിന്റേത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയാണെന്നും അമിത് ഷാ പറഞ്ഞു.

ഡോ. ബി.ആര്‍. അംബേദ്കര്‍ തന്റെ ജീവിതം മുഴുവന്‍ സമര്‍പ്പിച്ച സമൂഹത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ കോണ്‍ഗ്രസ് ഇപ്പോള്‍ നടത്തുന്ന തെറ്റായ പ്രചാരണത്തെ പിന്തുണയ്‌ക്കരുതെന്നും അമിത് ഷാ ആവശ്യപ്പെട്ടു. രാഹുല്‍ ഗാന്ധിയുടെ സമ്മര്‍ദത്തിന് വഴങ്ങി ഖാര്‍ഗെ ഇത്തരമൊരു പ്രചാരണത്തില്‍ പങ്കെടുക്കുന്നതില്‍ നിരാശയുണ്ട്.

എന്റെ രാജി ആവശ്യപ്പെടുന്നതില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെക്ക് ആനന്ദമുണ്ടെങ്കില്‍ അദ്ദേഹം അതു തുടരട്ടെയെന്ന് കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷാ. എന്റെ രാജി ഖാര്‍ഗെയെ സന്തോഷിപ്പിക്കുമായിരുന്നെങ്കില്‍ ഞാന്‍ രാജിവെക്കുമായിരുന്നു. എന്നാല്‍ അത് കൊണ്ട് അദ്ദേഹത്തിന്റെ പ്രശ്നങ്ങള്‍ തീരില്ല. കാരണം, അടുത്ത 15 വര്‍ഷത്തേക്കെങ്കിലും അദ്ദേഹം ഇപ്പോഴുള്ള സ്ഥലത്ത് തന്നെ ഇരിക്കേണ്ടിവരുമെന്നും അമിത്ഷാ പറഞ്ഞു.

എന്റെ പ്രസ്താവന വളച്ചൊടിക്കുകയാണ് കോണ്‍ഗ്രസ് ചെയ്തത്. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് എന്റെ പ്രസംഗം എഐ ഉപയോഗിച്ചാണ് എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചത്. ഇന്ന് തന്റെ പ്രസ്താവന വളച്ചൊടിച്ചാണ് അവതരിപ്പിക്കുന്നത്. അംബേദ്കറെ ഒരിക്കലും അപമാനിക്കാത്ത പാര്‍ട്ടിയിലെ അംഗമാണ് ഞാന്‍, അമിത് ഷാ പറഞ്ഞു.

ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ, കേന്ദ്ര മന്ത്രിമാരായ പിയൂഷ് ഗോയല്‍, കിരണ്‍ റിജിജു, അശ്വിനി വൈഷ്ണവ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക