India

ഭരണഘടന അംഗീകരിച്ചതിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള പ്രത്യേക ചര്‍ച്ചയില്‍ നരേന്ദ്ര മോദി ലോക്‌സഭയില്‍ ചെയ്ത പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം

Published by

ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണ്:

ഇന്ത്യയുടെ ഐക്യത്തിന്റെ അടിത്തറ നമ്മുടെ ഭരണഘടനയാണ്: 

2014ല്‍ എന്‍ഡിഎയ്‌ക്ക് ഗവണ്‍മെന്റ് രൂപീകരിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ ജനാധിപത്യവും ഭരണഘടനയും ശക്തിപ്പെട്ടു: 

ദരിദ്രരെ അവരുടെ പ്രയാസങ്ങളില്‍ നിന്ന് മോചിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ഏറ്റവും വലിയ ദൗത്യവും ദൃഢനിശ്ചയവും: 

നാം നമ്മുടെ മൗലിക കര്‍ത്തവ്യങ്ങള്‍ പാലിക്കുന്നപക്ഷം വികസിതഭാരതം നിര്‍മ്മിക്കുന്നതില്‍ നിന്ന് ആര്‍ക്കും നമ്മെ തടയാനാവില്ല

ഭരണഘടന അംഗീകരിച്ചതിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള പ്രത്യേക ചര്‍ച്ചയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ലോക്സഭയില്‍ അഭിസംബോധന ചെയ്തു. ജനാധിപത്യത്തിന്റെ ഈ ഉത്സവം നാം ആഘോഷിക്കുന്നത് ഇന്ത്യയിലെ എല്ലാ പൗരന്മാര്‍ക്കും ജനാധിപത്യത്തെ ബഹുമാനിക്കുന്ന ലോകമെമ്പാടുമുള്ള എല്ലാ ജനങ്ങള്‍ക്കും അഭിമാനവും ബഹുമാനവുമാണെന്ന് സഭയെ അഭിസംബോധന ചെയ്തുകൊണ്ട് ശ്രീ മോദി അഭിപ്രായപ്പെട്ടു. നമ്മുടെ ഭരണഘടനയുടെ 75 വര്‍ഷത്തെ ശ്രദ്ധേയവും സുപ്രധാനവുമായ ഈ യാത്രയില്‍ നമ്മുടെ ഭരണഘടനയുടെ നിര്‍മ്മാതാക്കളുടെ ദീര്‍ഘവീക്ഷണത്തിനും ദര്‍ശനത്തിനും പരിശ്രമത്തിനും നന്ദി പറഞ്ഞുകൊണ്ട്, 75 വര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കിയതിന് ശേഷം ജനാധിപത്യത്തിന്റെ ഉത്സവം ആഘോഷിക്കാനുള്ള സമയമാണിതെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റ് അംഗങ്ങള്‍ പോലും ഈ ആഘോഷത്തില്‍ പങ്കാളികളാകുകയും തങ്ങളുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്തതില്‍ ശ്രീ മോദി സന്തോഷം പ്രകടിപ്പിച്ചു. അതിന് നന്ദിയും അഭിനന്ദനവും അറിയിക്കുകയും ചെയ്തു.
75 വര്‍ഷത്തെ നേട്ടം അസാധാരണമായ നേട്ടമായി വിശേഷിപ്പിച്ച പ്രധാനമന്ത്രി, സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യക്ക് പ്രവചിച്ച എല്ലാ സാധ്യതകളെയും ഭരണഘടന അതിജീവിച്ചുവെന്നും തുടര്‍ന്നുള്ള വെല്ലുവിളികളെ അതിജീവിച്ചെന്നും അഭിമാനപൂര്‍വം കൂട്ടിച്ചേര്‍ത്തു.. ഈ മഹത്തായ നേട്ടത്തിന് ഭരണഘടനാ നിര്‍മ്മാതാക്കളോടും കോടിക്കണക്കിന് പൗരന്മാരോടും അദ്ദേഹം അഗാധമായ നന്ദി രേഖപ്പെടുത്തി. ഭരണഘടനയുടെ നിര്‍മ്മാതാക്കള്‍ വിഭാവനം ചെയ്യുന്ന മൂല്യങ്ങള്‍ വിജയകരമായി സ്വീകരിക്കുന്നതിലും ജീവിക്കുന്നതിലും ഇന്ത്യയിലെ പൗരന്മാര്‍ എല്ലാ പരീക്ഷണങ്ങളും വിജയിച്ചിട്ടുണ്ടെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. അതിനാല്‍ എല്ലാ അംഗീകാരങ്ങള്‍ക്കും അര്‍ഹത് പൗരന്മാര്‍ക്കാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ രൂപപ്പെട്ടത് 1947-ല്‍ ആണെന്നോ അല്ലെങ്കില്‍ 1950ല്‍ ഭരണഘടന നിലവില്‍ വരുമെന്നോ ഉള്ള വീക്ഷണത്തെ ഭരണഘടനാ നിര്‍മ്മാതാക്കള്‍ ഒരിക്കലും പിന്തുണച്ചിട്ടില്ലെന്നും ഇന്ത്യയുടെ മഹത്തായ പാരമ്പര്യത്തിലും പൈതൃകത്തിലും അതിന്റെ ജനാധിപത്യത്തിലും വിശ്വസിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നുവെന്നും ശ്രീ മോദി അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ ജനാധിപത്യവും റിപ്പബ്ലിക്കിന്റെ ഭൂതകാലവും എല്ലായ്‌പ്പോഴും ശ്രദ്ധേയമാണെന്നും അതു ലോകത്തിനു പ്രചോദനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു, അതിനാല്‍ ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവായാണ് അറിയപ്പെടുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. നമ്മള്‍ ഒരു മഹത്തായ ജനാധിപത്യ രാജ്യം മാത്രമല്ല, ജനാധിപത്യത്തിന്റെ സ്രഷ്ടാക്കള്‍ കൂടിയാണ് എന്ന്  ശ്രീ മോദി അടിവരയിട്ടു പറഞ്ഞു.
ഭരണഘടനാ സംവാദങ്ങളില്‍ നിന്ന് രാജര്‍ഷി പുരുഷോത്തം ദാസ് ഠണ്ടനെ ഉദ്ധരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു: ”നൂറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഇത്തരമൊരു സംഭവബഹുലമായ യോഗം വിളിക്കുന്നത്. ഇതു നാം സ്വാതന്ത്ര്യം നേടിയ നമ്മുടെ മഹത്തായ ഭൂതകാലത്തെയും മുന്‍കാലങ്ങളെയും ഓര്‍മ്മിപ്പിക്കുന്നു. സഭകളിലെ അര്‍ത്ഥവത്തായ വിഷയങ്ങള്‍ ബോധപൂര്‍വം ബുദ്ധിജീവികള്‍ ചര്‍ച്ച ചെയ്യാറുണ്ടായിരുന്നു. തുടര്‍ന്ന് ഡോ. എസ്. രാധാകൃഷ്ണനെ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു: ‘റിപ്പബ്ലിക് സമ്പ്രദായം ഈ മഹത്തായ രാഷ്‌ട്രത്തിന് ഒരു പുതിയ ആശയമല്ല, കാരണം നമ്മുടെ ചരിത്രത്തിന്റെ തുടക്കം മുതല്‍ ഈ സംവിധാനം നമുക്കുണ്ടായിരുന്നു’. തുടര്‍ന്ന് അദ്ദേഹം ബാബാസാഹെബ് ഡോ. അംബേദ്കറെ ഉദ്ധരിച്ചുകൊണ്ട് പറഞ്ഞു: ‘ഇന്ത്യ ജനാധിപത്യത്തെക്കുറിച്ച് ബോധവാന്മാരാണെന്നല്ല, ഇന്ത്യയില്‍ ഒന്നിലധികം റിപ്പബ്ലിക്കുകള്‍ ഉണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു’.

ഭരണഘടനാ നിര്‍മ്മാണ പ്രക്രിയയിലും അതിനെ കൂടുതല്‍ ശാക്തീകരിക്കുന്നതിലും സ്ത്രീകള്‍ക്കുള്ള പങ്കിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഭരണഘടനാ അസംബ്ലിയില്‍ ആദരണീയരും സജീവവുമായ പതിനഞ്ച് അംഗങ്ങള്‍ ഉണ്ടായിരുന്നു എന്നും അവരുടെ യഥാര്‍ത്ഥ ചിന്തകളും വീക്ഷണങ്ങളും ആശയങ്ങളും നല്‍കി ഭരണഘടനയുടെ കരട് രൂപീകരണ പ്രക്രിയ കൂടുതല്‍ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അവരോരോരുത്തരും വിവിധ പശ്ചാത്തലങ്ങളില്‍ നിന്നുള്ളവരാണെന്ന് അനുസ്മരിച്ചുകൊണ്ട്, വനിതാ അംഗങ്ങള്‍ നല്‍കിയ ചിന്തനീയമായ നിര്‍ദ്ദേശങ്ങള്‍ ഭരണഘടനയെ ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ടെന്ന് ശ്രീ മോദി ഊന്നിപ്പറഞ്ഞു. സ്ത്രീകള്‍ക്കു വോട്ടവകാശം നല്‍കാന്‍ പതിറ്റാണ്ടുകളെടുത്ത ലോകത്തെ മറ്റു പല രാജ്യങ്ങളെ അപേക്ഷിച്ച് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ മുതല്‍ തന്നെ സ്ത്രീകള്‍ക്ക് വോട്ടവകാശം നല്‍കിയതില്‍ പ്രധാനമന്ത്രി അഭിമാനം പ്രകടിപ്പിച്ചു. ജി-20 ഉച്ചകോടിയുടെ അദ്ധ്യക്ഷതയില്‍ ഇന്ത്യ ഇതേ താല്‍പര്യത്തോടെയാണ് ലോകത്തിന് മുന്നില്‍ സ്ത്രീകള്‍ നയിക്കുന്ന വികസനം എന്ന കാഴ്ചപ്പാട് മുന്നോട്ട് വെച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാ പാര്‍ലമെന്റംഗങ്ങളും ചേര്‍ന്ന് നാരീശക്തി വന്ദന്‍ അധീനിയം വിജയകരമായി നടപ്പാക്കിയതും ശ്രീ മോദി ചൂണ്ടിക്കാട്ടി, സ്ത്രീകളുടെ രാഷ്‌ട്രീയ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

എല്ലാ പ്രധാന നയ തീരുമാനങ്ങളുടെയും കേന്ദ്രസ്ഥാനത്തു സ്ത്രീകളാണെന്ന് ഊന്നിപ്പറഞ്ഞ ശ്രീ മോദി, ഭരണഘടനയുടെ 75 വര്‍ഷം പൂര്‍ത്തിയാകുന്ന വേളയില്‍ ഇന്ത്യയുടെ രാഷ്‌ട്രപതി സ്ഥാനത്ത് ഒരു ഗോത്രവര്‍ഗക്കാരിയാണ് എന്നതു വലിയ യാദൃച്ഛികതയാണെന്ന് സന്തോഷപൂര്‍വം ഓര്‍മിപ്പിച്ചു. ഇത് നമ്മുടെ ഭരണഘടനയുടെ ആത്മാവിന്റെ യഥാര്‍ത്ഥ പ്രകടനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റിലും മന്ത്രിസഭയിലും സ്ത്രീകളുടെ പ്രാതിനിധ്യവും സംഭാവനയും നിരന്തരം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ‘സാമൂഹിക, രാഷ്‌ട്രീയ, വിദ്യാഭ്യാസ, കായിക രംഗങ്ങളിലോ മറ്റെന്തെങ്കിലുമോ സ്ത്രീകളുടെ പ്രാതിനിധ്യവും സംഭാവനകളും രാജ്യത്തിന് അഭിമാനം നല്‍കുന്നു’, ഈ മേഖലയിലെ സ്ത്രീകളുടെ സംഭാവനകളില്‍ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുന്നുവെന്നും ശ്രീ മോദി പറഞ്ഞു. ശാസ്ത്രവും സാങ്കേതികവിദ്യയും, പ്രത്യേകിച്ച് ബഹിരാകാശ മേഖലയില്‍. ഭരണഘടനയാണ് ഇതിന് ഏറ്റവും വലിയ പ്രചോദനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ അതിവേഗം പുരോഗമിക്കുകയാണെന്ന് ആവര്‍ത്തിച്ച മോദി, ഉടന്‍ തന്നെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയാകുമെന്ന് അഭിപ്രായപ്പെട്ടു. 2047-ഓടെ ഇന്ത്യ വികസിക്കുമെന്ന് ഉറപ്പാക്കുക എന്നത് 140 കോടി ഇന്ത്യക്കാരുടെ സംയുക്ത ദൃഢനിശ്ചയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ ദൃഢനിശ്ചയം യാഥാര്‍ഥ്യമാക്കുന്നതിന് ഇന്ത്യയുടെ ഐക്യമാണ് ഏറ്റവും പ്രധാനപ്പെട്ട ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ ഐക്യത്തിന്റെ അടിത്തറയും നമ്മുടെ ഭരണഘടനയാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ഭരണഘടനാ രൂപീകരണ പ്രക്രിയയില്‍ ഉള്‍പ്പെട്ടിരുന്നതു മഹാന്‍മാരായ സ്വാതന്ത്ര്യ സമര സേനാനികള്‍, എഴുത്തുകാര്‍, ചിന്തകര്‍, സാമൂഹിക പ്രവര്‍ത്തകര്‍, വിദ്യാഭ്യാസ വിചക്ഷണര്‍, മറ്റ് വൈവിധ്യമാര്‍ന്ന മേഖലകളില്‍ നിന്നുള്ള പ്രൊഫഷണലുകള്‍ എന്നിവരായിരുന്നുവെന്ന് അനുസ്മരിച്ചുകൊണ്ട്, അവരെല്ലാം ഇന്ത്യയുടെ ഐക്യം എന്ന വസ്തുതയെക്കുറിച്ച് വളരെ വൈകാരികത ഉള്ളവരായിരുന്നു എന്ന് പറഞ്ഞു.
സ്വാതന്ത്ര്യാനന്തരം ഭരണഘടനാ ശില്‍പികള്‍ക്ക് അവരുടെ ഹൃദയത്തിലും മനസ്സിലും ഐക്യമുണ്ടായിരുന്നു എന്ന് പ്രസ്താവിച്ചുകൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അതൃപ്തി രേഖപ്പെടുത്തി. സ്വാതന്ത്ര്യാനന്തരം, വികലമായ മാനസികാവസ്ഥയോ സ്വാര്‍ത്ഥതയോ നിമിത്തം രാഷ്‌ട്രത്തിന്റെ ഐക്യത്തിന്റെ കാതലായ ചൈതന്യത്തിന് ഏറ്റവും വലിയ പ്രഹരമാണ് ഏല്‍ക്കേണ്ടിവന്നത്. നാനാത്വത്തില്‍ ഏകത്വമാണ് ഇന്ത്യയുടെ മുഖമുദ്രയെന്നും നാം നാനാത്വത്തെ ആഘോഷിക്കുന്നുവെന്നും ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, ഈ വൈവിധ്യം ആഘോഷിക്കുന്നതിലാണ് രാജ്യത്തിന്റെ പുരോഗതി. എന്നിരുന്നാലും, കൊളോണിയല്‍ ചിന്താഗതിയുള്ളവരും, ഇന്ത്യയിലെ നന്മ കാണാന്‍ കഴിയാത്തവരും, 1947 ല്‍ ഇന്ത്യ ജനിച്ചുവെന്ന് വിശ്വസിക്കുന്നവരും ഈ വൈവിധ്യത്തില്‍ വൈരുദ്ധ്യങ്ങള്‍ തേടി. വൈവിധ്യങ്ങളുടെ ഈ അമൂല്യ നിധിയെ ആഘോഷിക്കുന്നതിനുപകരം, രാഷ്‌ട്രത്തിന്റെ ഐക്യത്തിന് കോട്ടം വരുത്താന്‍ ലക്ഷ്യമിട്ട് അതിനുള്ളില്‍ വിഷവിത്തുകള്‍ പാകാനാണ് ശ്രമിച്ചതെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. വൈവിധ്യങ്ങളുടെ ആഘോഷം നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാക്കാന്‍ എല്ലാവരോടും ശ്രീ മോദി അഭ്യര്‍ത്ഥിച്ചു, അത് ഡോ. ബി.ആര്‍ അംബേദ്കറോടുള്ള യഥാര്‍ത്ഥ ആദരാഞ്ജലിയായിരിക്കും.

കഴിഞ്ഞ 10 വര്‍ഷമായി, ഗവണ്‍മെന്റിന്റെ നയങ്ങള്‍ ഇന്ത്യയുടെ ഐക്യം ശക്തിപ്പെടുത്തുന്നതിന് സ്ഥിരമായി ലക്ഷ്യമിടുന്നുണ്ടെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എടുത്തുപറഞ്ഞു. 370ാം വകുപ്പ് രാജ്യത്തിന്റെ ഐക്യത്തിന് തടസ്സമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭരണഘടനയുടെ ആത്മാവിന് അനുസൃതമായി രാജ്യത്തിന്റെ ഐക്യത്തിനാണ് മുന്‍ഗണന നല്‍കുന്നതെന്നും അതിനാലാണ് 370ാം വകുപ്പ് റദ്ദാക്കിയതെന്നും ശ്രീ മോദി ഊന്നിപ്പറഞ്ഞു.
സാമ്പത്തികമായി മുന്നേറുന്നതിനും ആഗോള നിക്ഷേപം ആകര്‍ഷിക്കുന്നതിനും ഇന്ത്യയില്‍ അനുകൂലമായ സാഹചര്യങ്ങളുടെ ആവശ്യകത ശ്രീ മോദി ഊന്നിപ്പറഞ്ഞു. ജിഎസ്ടിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ രാജ്യത്ത് വളരെക്കാലമായി തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാമ്പത്തിക ഐക്യത്തില്‍ ജിഎസ്ടി നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ടെന്നും മുന്‍ ഗവണ്‍മെന്റിന്റെ സംഭാവനകളെ അംഗീകരിക്കുന്നുവെന്നും ‘ഒരു രാഷ്‌ട്രം, ഒരു നികുതി’ എന്ന ആശയം മുന്നോട്ട് വച്ചുകൊണ്ട് അത് നടപ്പിലാക്കാന്‍ നിലവിലെ ഗവണ്‍മെന്റിന് അവസരമുണ്ടെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
നമ്മുടെ രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് റേഷന്‍ കാര്‍ഡുകള്‍ എങ്ങനെ വിലപ്പെട്ട രേഖയാണ് എന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഒരു ദരിദ്രന്‍ ഒരു സംസ്ഥാനത്തുനിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് മാറുമ്പോള്‍ അയാള്‍ക്ക്/അവള്‍ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും പരാമര്‍ശിച്ചുകൊണ്ട്, അവര്‍ക്ക് ഒരു ആനുകൂല്യത്തിനും അര്‍ഹതയില്ലെന്ന് ശ്രീ മോദി പറഞ്ഞു. ഈ വിശാലമായ രാജ്യത്ത് എവിടെയായിരുന്നാലും ഓരോ പൗരനും തുല്യ അവകാശങ്ങള്‍ ഉണ്ടായിരിക്കണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഈ ഐക്യബോധം ശക്തിപ്പെടുത്തുന്നതിന്, ‘ഒരു രാഷ്‌ട്രം, ഒരു റേഷന്‍ കാര്‍ഡ്’ എന്ന ആശയം ഗവണ്‍മെന്റ് ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

ദരിദ്രര്‍ക്കും സാധാരണ പൗരന്മാര്‍ക്കും സൗജന്യ ആരോഗ്യ പരിരക്ഷ നല്‍കുന്നത് ദാരിദ്ര്യത്തിനെതിരെ പോരാടാനുള്ള അവരുടെ കഴിവിനെ ഗണ്യമായി വര്‍ദ്ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. അവര്‍ ജോലി ചെയ്യുന്നിടത്ത് ആരോഗ്യ സംരക്ഷണം ലഭ്യമാകുന്നതുപോലെ അവര്‍ അകലെയായിരിക്കുമ്പോഴും ജീവന് അപായകരമായ സാഹചര്യങ്ങള്‍ അഭിമുഖീകരിക്കുമ്പോഴും അത് ലഭ്യമാകണമെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ദേശീയ ഐക്യത്തിന്റെ തത്വം ഉയര്‍ത്തിപ്പിടിക്കുന്നതിനാണ് ആയുഷ്മാന്‍ ഭാരത് പദ്ധതിയിലൂടെ ഒരു രാജ്യം, ഒരു ആരോഗ്യ കാര്‍ഡ് എന്ന പദ്ധതി ഗവണ്‍മെന്റ് കൊണ്ടുവന്നതെന്ന് പ്രധാനമന്ത്രി വെളിപ്പെടുത്തിു. ബിഹാറിലെ ഒരു വിദൂര പ്രദേശത്ത് നിന്നുള്ള, പൂനെയില്‍ ജോലി ചെയ്യുന്ന ഒരാള്‍ക്കുപോലും ആയുഷ്മാന്‍ കാര്‍ഡ് വഴി ആവശ്യമായ വൈദ്യസഹായനങ്ങള്‍ ലഭിക്കുമെന്ന് അദ്ദേഹം കുറിച്ചു.
വിതരണ പ്രശ്നങ്ങള്‍ കാരണം രാജ്യത്തിന്റെ ഒരു ഭാഗത്ത് വൈദ്യുതി ഉണ്ടായിരുന്നപ്പോള്‍ മറ്റൊരു ഭാഗം ഇരുട്ടിലായിരുന്ന സമയങ്ങളുണ്ടെന്ന് ശ്രീ മോദി എടുത്തുപറഞ്ഞു. മുന്‍ ഗവണ്‍മെന്റുകളുടെ കാലത്ത് വൈദ്യുതി ക്ഷാമത്തിന്റെ പേരില്‍ ഇന്ത്യ ആഗോളതലത്തില്‍ പലപ്പോഴും വിമര്‍ശിക്കപ്പെട്ടിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഭരണഘടനയുടെ ആത്മാവും ഐക്യത്തിന്റെ മന്ത്രവും ഉയര്‍ത്തിപ്പിടിക്കാന്‍ ഗവണ്‍മെന്റ് ‘ഒരു രാജ്യം, ഒരു ഗ്രിഡ്’ പദ്ധതി നടപ്പിലാക്കിയതായി പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഇന്ന് ഇന്ത്യയുടെ എല്ലാ കോണുകളിലും തടസ്സങ്ങളില്ലാതെ വൈദ്യുതി എത്തിക്കാന്‍ കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനത്തെക്കുറിച്ചു പരാമര്‍ശിക്കവേ, ദേശീയ ഐക്യം ശക്തിപ്പെടുത്തുന്നതിന് സന്തുലിത വികസനത്തിലാണ് ഗവണ്‍മെന്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. വടക്കുകിഴക്കോ ജമ്മു കശ്മീരോ ഹിമാലയന്‍ മേഖലകളോ മരുഭൂമിയോ ആകട്ടെ, അടിസ്ഥാന സൗകര്യങ്ങള്‍ സമഗ്രമായി ശാക്തീകരിക്കാനുള്ള ശ്രമങ്ങള്‍ ഗവണ്‍മെന്റ് ഏറ്റെടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വികസനത്തിന്റെ അഭാവം നിമിത്തം അകലമെന്ന തോന്നല്‍ ഉണ്ടാകാതിരിക്കാനും അതുവഴി ഐക്യം വളര്‍ത്താനുമാണ് ഈ സംരംഭം ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
‘ഉള്ളവര്‍’, ‘ഇല്ലാത്തവര്‍’ എന്നിവര്‍ തമ്മിലുള്ള ഡിജിറ്റല്‍ വിഭജനം ഊന്നിപ്പറഞ്ഞ ശ്രീ മോദി, ഡിജിറ്റല്‍ ഇന്ത്യയില്‍ ഇന്ത്യയുടെ വിജയഗാഥ ആഗോളതലത്തില്‍ വലിയ അഭിമാനത്തിന്റെ ഉറവിടമാണെന്ന് എടുത്തുപറഞ്ഞു. സാങ്കേതികവിദ്യയുടെ ജനാധിപത്യവല്‍ക്കരണം ഈ വിജയത്തിന്റെ പ്രധാന ഘടകമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭരണഘടനാ ശില്പികളുടെ കാഴ്ചപ്പാടിനാല്‍ നയിക്കപ്പെടുന്ന ഗവണ്‍മെന്റ് ദേശീയ ഐക്യം ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യയിലെ എല്ലാ പഞ്ചായത്തുകളിലേക്കും ഒപ്റ്റിക്കല്‍ ഫൈബര്‍ സംവിധാനം വ്യാപിപ്പിക്കാനായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു.

ഭരണഘടന യോജിപ്പാണു പ്രതീക്ഷിക്കുന്നതെന്നും ഈ മനോഭാവത്തിലാണ് മാതൃഭാഷയുടെ പ്രാധാന്യം അംഗീകരിക്കപ്പെട്ടതെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. മാതൃഭാഷയെ അടിച്ചമര്‍ത്തുന്നപക്ഷം രാജ്യത്തിന്റെ ജനസംഖ്യയെ സാംസ്‌കാരികമായി സമ്പന്നമാക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ദരിദ്രരായ കുട്ടികളെപ്പോലും അവരുടെ മാതൃഭാഷയില്‍ ഡോക്ടറും എഞ്ചിനീയറുമാക്കാന്‍ പ്രാപ്തരാക്കുന്ന പുതിയ വിദ്യാഭ്യാസ നയം മാതൃഭാഷയ്‌ക്ക് കാര്യമായ പ്രാധാന്യം നല്‍കിയിട്ടുണ്ടെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. ഭരണഘടന എല്ലാവരേയും പിന്തുണയ്‌ക്കുന്നുവെന്നും അവരുടെ ആവശ്യങ്ങള്‍ അഭിസംബോധന ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിരവധി ക്ലാസിക്കല്‍ ഭാഷകള്‍ക്ക് അര്‍ഹമായ സ്ഥാനവും ബഹുമാനവും നല്‍കിയിട്ടുണ്ടെന്ന് ശ്രീ മോദി എടുത്തുപറഞ്ഞു. ‘ഏ് ഭാരതം ശ്രേഷ്ഠ ഭാരതം’ കാമ്പയിന്‍ ദേശീയ ഐക്യം ശക്തിപ്പെടുത്തുകയും പുതിയ തലമുറയില്‍ സാംസ്‌കാരിക മൂല്യങ്ങള്‍ വളര്‍ത്തുകയും ചെയ്യുന്നുവെന്ന് അദ്ദേഹം സൂചിപ്പിച്ചു.
കാശി തമിഴ് സംഗമവും തെലുങ്ക് കാശി സംഗമവും സ്ഥാപനവല്‍ക്കരിക്കപ്പെട്ട കാര്യമായ സംഭവങ്ങളായി മാറിയെന്ന് ചൂണ്ടിക്കാട്ടിയ ശ്രീ മോദി, ഈ സാംസ്‌കാരിക പരിപാടികള്‍ സാമൂഹിക ബന്ധങ്ങളെ ശക്തിപ്പെടുത്തുന്നുവെന്ന് ഊന്നിപ്പറഞ്ഞു. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളില്‍ ഇന്ത്യയുടെ ഐക്യത്തിന്റെ പ്രാധാന്യം അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്നും ഇത് അംഗീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭരണഘടന അതിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍, 25, 50, 60 വര്‍ഷം തുടങ്ങിയ നാഴികക്കല്ലുകളും പ്രാധാന്യമര്‍ഹിക്കുന്നതായി പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഭരണഘടനയുടെ 25-ാം വാര്‍ഷിക വേളയില്‍ അത് രാജ്യത്തു വലിച്ചുകീറപ്പെട്ടിരുന്നതായി ചരിത്രം ഓര്‍മിപ്പിച്ചുകൊണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടു. അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തി, ഭരണഘടനാ ക്രമീകരണങ്ങള്‍ ഇല്ലാതാക്കി, രാജ്യം ജയിലാക്കി മാറ്റി, പൗരന്മാരുടെ അവകാശങ്ങള്‍ കവര്‍ന്നെടുത്തു, പത്രസ്വാതന്ത്ര്യത്തിനു താഴിട്ടുവെന്നും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ജനാധിപത്യത്തിന്റെ കഴുത്തു ഞെരിച്ചു, ഭരണഘടനാ ശില്‍പികളുടെ ത്യാഗങ്ങള്‍ കുഴിച്ചുമൂടാന്‍ ശ്രമിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
അടല്‍ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തില്‍ 2000 നവംബര്‍ 26-ന് രാഷ്‌ട്രം ഭരണഘടനയുടെ 50-ാം വാര്‍ഷികം ആഘോഷിച്ചതായി ശ്രീ മോദി ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി എന്ന നിലയില്‍ അടല്‍ ബിഹാരി വാജ്പേയിജി ഐക്യം, പൊതു പങ്കാളിത്തം എന്നിവ രാഷ്‌ട്രത്തിന് എത്രത്തോളം പ്രധാനമാണ് എന്ന് ഊന്നിപ്പറഞ്ഞുകൊണ്ട് ഒരു പ്രത്യേക സന്ദേശം നല്‍കിയെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ശ്രീ വാജ്പേയിയുടെ ശ്രമങ്ങള്‍ ഭരണഘടനയുടെ ആത്മാവ് ഉയര്‍ത്തിപ്പിടിക്കാനും പൊതുജനങ്ങളെ ഉണര്‍ത്താനും ലക്ഷ്യമിട്ടുള്ളതായിരുന്നു എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭരണഘടനയുടെ 50-ാം വാര്‍ഷിക വേളയില്‍ ഭരണഘടനാ പ്രക്രിയയിലൂടെ മുഖ്യമന്ത്രിയാകാനുള്ള അവസരം തനിക്കുണ്ടായെന്ന് പ്രധാനമന്ത്രി പറഞ്ഞു. താന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഗുജറാത്തില്‍ ഭരണഘടനയുടെ 60-ാം വാര്‍ഷികം ആഘോഷിച്ചതായി അദ്ദേഹം എടുത്തുപറഞ്ഞു. ചരിത്രത്തിലാദ്യമായി ആനപ്പുറത്ത് പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തി ഭരണഘടന ഗൗരവ് യാത്ര നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭരണഘടനയ്‌ക്ക് വലിയ പ്രാധാന്യമുണ്ടെന്ന് ശ്രീ മോദി ഊന്നിപ്പറഞ്ഞു, ഇന്ന് അതിന് 75 വര്‍ഷം തികയുമ്പോള്‍, ജനുവരി 26 ഉണ്ടെന്നിരിക്കെ, നവംബര്‍ 26 ന് ഭരണഘടനാ ദിനമായി ആചരിക്കേണ്ടതിന്റെ ആവശ്യകതയെ ഒരു മുതിര്‍ന്ന നേതാവ് ലോക്സഭയില്‍ ചോദ്യം ചെയ്ത സംഭവം അദ്ദേഹം അനുസ്മരിച്ചു.
മൂല്യവത്തായ ഭരണഘടനയുടെ ശക്തിയും വൈവിധ്യവും ചര്‍ച്ച ചെയ്യുന്നതു പുതിയ തലമുറയ്‌ക്ക് പ്രയോജനകരമാകുമെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് പ്രത്യേക സമ്മേളനത്തില്‍ ശ്രീ മോദി സന്തോഷം പ്രകടിപ്പിച്ചു. ഏതായാലും, ഓരോരുത്തര്‍ക്കും അവരുടേതായ പരിമിതികളുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു, പല വിഷയങ്ങളിലുംഅവരുടേതായ സംശയങ്ങളും പരാജയങ്ങളും ഉണ്ട്. പക്ഷപാതപരമായ വികാരങ്ങള്‍ക്ക് അതീതമായി ചര്‍ച്ചകള്‍ ഉയര്‍ന്ന് ദേശീയ താല്‍പ്പര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നെങ്കില്‍ അതു പുതിയ തലമുറയെ സമ്പന്നമാക്കുമായിരുന്നുവെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.

തന്നെപ്പോലുള്ള നിരവധി ആളുകളെ ഇന്നത്തെ നിലയിലെത്താന്‍ പ്രാപ്തമാക്കിയത് ഭരണഘടനയുടെ ആത്മാവാണെന്ന് ഓര്‍മിപ്പിച്ച പ്രധാനമന്ത്രി. ഭരണഘടനയോടു സവിശേഷമായ ആദരവു പ്രകടിപ്പിച്ചു. ഒരു പശ്ചാത്തലവുമില്ലാതിരുന്നിട്ടും, ഭരണഘടനയുടെ ശക്തിയും ജനങ്ങളുടെ അനുഗ്രഹവുമാണ് തങ്ങളെ ഇവിടെ എത്തിച്ചതെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. സമാനമായ സാഹചര്യങ്ങളിലുള്ള നിരവധി വ്യക്തികള്‍ ഭരണഘടനയുടെ പേരില്‍ സുപ്രധാന സ്ഥാനങ്ങളില്‍ എത്തിയിട്ടുണ്ടെന്ന് ശ്രീ മോദി ചൂണ്ടിക്കാട്ടി. ഒരു തവണ മാത്രമല്ല, മൂന്ന് തവണയും രാജ്യം അപാരമായ വിശ്വാസം പ്രകടിപ്പിച്ചത് വലിയ ഭാഗ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭരണഘടനയില്ലാതെ ഇത് സാധ്യമാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
1947 മുതല്‍ 1952 വരെ ഇന്ത്യയില്‍ ഒരു തിരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്റ് ഉണ്ടായിരുന്നില്ല. മറിച്ച് തിരഞ്ഞെടുപ്പുകളൊന്നും നടന്നിട്ടില്ലാത്ത നിര്‍ദേശിക്കപ്പെട്ട ഒരു താല്‍ക്കാലിക, ഗവണ്‍മെന്റാണ് ഉണ്ടായിരുന്നതെന്ന് ശ്രീ മോദി പറഞ്ഞു. 1952ന് മുമ്പ് രാജ്യസഭ രൂപീകരിച്ചിട്ടില്ലെന്നും സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം എടുത്തുപറഞ്ഞു, അതായത്  ജനവിധി ഉണ്ടായിരുന്നില്ല. ഇതൊന്നും വകവയ്‌ക്കാതെ 1951ല്‍ തിരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്റില്ലാതെ അഭിപ്രായസ്വാതന്ത്ര്യത്തെ കടന്നാക്രമിച്ച് ഭരണഘടന ഭേദഗതി ചെയ്യാനുള്ള ഓര്‍ഡിനന്‍സ് ഇറക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭരണഘടനാ നിര്‍മ്മാണ സഭയില്‍ ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാത്തതിനാല്‍ ഇത് ഭരണഘടനാ ശില്‍പികള്‍ക്ക് അപമാനമാണെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. അവസരം വന്നപ്പോള്‍ അവര്‍ അഭിപ്രായസ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തി, ഇത് ഭരണഘടനാ സ്രഷ്ടാക്കളോടുള്ള കടുത്ത അവഹേളനമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഭരണഘടനാ നിര്‍മ്മാണ സഭയില്‍ നേടാനാകാത്തത് തിരഞ്ഞെടുക്കപ്പെടാത്ത പ്രധാനമന്ത്രി പിന്‍വാതിലിലൂടെ ചെയ്‌തെന്നും അത് പാപമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

1971-ല്‍ ഭരണഘടനാ ഭേദഗതിയിലൂടെ ജുഡീഷ്യറിയുടെ ചിറകിലേറി സുപ്രീം കോടതി വിധി അസാധുവാക്കിയെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ജുഡീഷ്യല്‍ പുനരവലോകനം കൂടാതെ പാര്‍ലമെന്റിന് ഭരണഘടനയുടെ ഏത് വകുപ്പിലും മാറ്റം വരുത്താമെന്നും കോടതികളുടെ അധികാരങ്ങള്‍ ഇല്ലാതാക്കാമെന്നും ഭേദഗതിയില്‍ പറഞ്ഞതായി ശ്രീ മോദി ചൂണ്ടിക്കാട്ടി. ഇത് മൗലികാവകാശങ്ങള്‍ വെട്ടിച്ചുരുക്കാനും ജുഡീഷ്യറിയെ നിയന്ത്രിക്കാനും അന്നത്തെ ഗവണ്‍മെന്റിനെ പ്രാപ്തമാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അടിയന്തരാവസ്ഥക്കാലത്ത് ഭരണഘടന ദുരുപയോഗം ചെയ്യപ്പെടുകയും ജനാധിപത്യത്തിന്റെ കഴുത്തു ഞെരിക്കുകയും ചെയ്തതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. രാഷ്‌ട്രപതി, ഉപരാഷ്‌ട്രപതി, പ്രധാനമന്ത്രി, സ്പീക്കര്‍ എന്നിവരുടെ തിരഞ്ഞെടുപ്പുകളെ കോടതികള്‍ ചോദ്യംചെയ്യുന്നതു തടയുന്ന 39-ാം ഭേദഗതി 1975-ല്‍ പാസാക്കിയെന്നും മുന്‍കാല പ്രവര്‍ത്തനങ്ങള്‍ മറയ്‌ക്കാന്‍ ഇത് മുന്‍കാലങ്ങളില്‍ പ്രയോഗിച്ചെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
അടിയന്തരാവസ്ഥക്കാലത്ത് ജനങ്ങളുടെ അവകാശങ്ങള്‍ ഹനിക്കപ്പെട്ടു, ആയിരങ്ങള്‍ തടവിലാക്കപ്പെട്ടു, ജുഡീഷ്യറിയുടെ കഴുത്ത് ഞെരിച്ചു, പത്രസ്വാതന്ത്ര്യത്തിനു താഴിട്ടുവെന്നും ശ്രീ മോദി കുറിച്ചു. പ്രതിബദ്ധതയുള്ള ജുഡീഷ്യറി എന്ന ആശയം പൂര്‍ണ്ണമായും നടപ്പിലാക്കിയതായി അദ്ദേഹം അഭിപ്രായപ്പെട്ടു. കോടതിയലക്ഷ്യക്കേസില്‍ അന്നത്തെ പ്രധാനമന്ത്രിക്കെതിരെ വിധി പറഞ്ഞ ജസ്റ്റിസ് എച്ച്.ആര്‍.ഖന്നയ്‌ക്ക് സീനിയോറിറ്റി ഉണ്ടായിരുന്നിട്ടും ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യയുടെ സ്ഥാനം നിഷേധിക്കപ്പെട്ടതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇത് ഭരണഘടനാപരവും ജനാധിപത്യപരവുമായ പ്രക്രിയകളുടെ ലംഘനമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

ഷാ ബാനു കേസിലെ സുപ്രീം കോടതിയുടെ വിധി പരാമര്‍ശിക്കവേ, ഭരണഘടനയുടെ അന്തസ്സും ആത്മാവും അടിസ്ഥാനമാക്കി ഒരു ഒരു വൃദ്ധയായ സ്ത്രീക്ക് സുപ്രീം കോടതി അവരുടെ അര്‍ഹമായ അവകാശം അനുവദിച്ചു എന്നു പ്രധാനമന്ത്രി പറഞ്ഞു.  എന്നാല്‍ അന്നത്തെ പ്രധാനമന്ത്രി ഈ ആശയത്തെ തള്ളിക്കളഞ്ഞു. സുപ്രീം കോടതി വിധി മറികടക്കാന്‍ പാര്‍ലമെന്റ് നിയമം പാസാക്കിയെന്നു പ്രധാനമന്ത്രി ഓര്‍മിപ്പിച്ചുു.
ചരിത്രത്തിലാദ്യമായി ഭരണഘടനയ്‌ക്ക് ആഴത്തില്‍ മുറിവേറ്റതായി പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. തിരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്റും പ്രധാനമന്ത്രിയും വേണമെന്നു ഭരണഘടനാ ശില്‍പികള്‍ വിഭാവനം ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നിരുന്നാലും, സത്യപ്രതിജ്ഞ ചെയ്യാത്ത ഒരു ഭരണഘടനാ വിരുദ്ധ സ്ഥാപനമായ ദേശീയ ഉപദേശക സമിതിയെ പ്രധാനമന്ത്രിയുടെ ഓഫീസിന് (പിഎംഒ) മുകളില്‍ സ്ഥാപിച്ചു. ഈ സ്ഥാപനത്തിന് പിഎംഒയ്‌ക്ക് മുകളിലാണ് അനൗദ്യോഗിക പദവി നല്‍കിയിരിക്കുന്നതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഇന്ത്യന്‍ ഭരണഘടന പ്രകാരം ജനങ്ങള്‍ ഗവണ്‍മെന്റിനെ തിരഞ്ഞെടുക്കുന്നുവെന്നും ആ ഗവണ്‍മെന്റിന്റെ തലവനാണ് മന്ത്രിസഭ രൂപീകരിക്കുന്നതെന്നും ശ്രീ മോദി എടുത്തുപറഞ്ഞു. ഭരണഘടനയെ അവഹേളിക്കുന്ന ധാര്‍ഷ്ട്യമുള്ള വ്യക്തികള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ മന്ത്രിസഭായോഗം എടുത്ത തീരുമാനം വലിച്ചുകീറിയ സംഭവം അദ്ദേഹം അനുസ്മരിച്ചു. ഈ വ്യക്തികള്‍ ഭരണഘടനയോട് ഏറ്റുമുട്ടുന്നതു പതിവാണെന്നും അതിനെ മാനിക്കുന്നില്ലെന്നും. അന്നത്തെ മന്ത്രിസഭാ തീരുമാനം മാറ്റിയത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

370ാം വകുപ്പിനെക്കുറിച്ച് എല്ലാവര്‍ക്കും അറിയാമെങ്കിലും 35 എ വകുപ്പിനെക്കുറിച്ച് വളരെക്കുറച്ചുപേര്‍ക്കു മാത്രമേ അറിയുള്ളൂ എന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പാര്‍ലമെന്റിന്റെ അംഗീകാരം തേടേണ്ടതായിരുന്നു എങ്കിലും അതില്ലാതെയാണ് 35 എ വകുപ്പ് അടിച്ചേല്‍പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണഘടനയുടെ പ്രാഥമിക സംരക്ഷകനായ പാര്‍ലമെന്റിനെ മറികടന്ന് 35 എ വകുപ്പ് രാജ്യത്ത് അടിച്ചേല്‍പ്പിച്ചതാണ് ജമ്മു കശ്മീരിലെ സാഹചര്യത്തിലേക്കു നയിച്ചതെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. പാര്‍ലമെന്റിനെ ഇരുട്ടില്‍ നിര്‍ത്തി രാഷ്‌ട്രപതിയുടെ ഉത്തരവിലൂടെയാണ് ഇത് ചെയ്തതെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.
അടല്‍ ബിഹാരി വാജ്പേയിയുടെ ഗവണ്‍മെന്റിിന്റെ കാലത്ത് ഡോ. അംബേദ്കറുടെ സ്മരണയ്‌ക്കായി ഒരു സ്മാരകം നിര്‍മ്മിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും അടുത്ത 10 വര്‍ഷത്തേക്ക് ഈ പ്രവൃത്തി ആരംഭിക്കുകയോ അനുവദിക്കുകയോ ചെയ്തിട്ടില്ലെന്ന് ശ്രീ മോദി ചൂണ്ടിക്കാട്ടി. തന്റെ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നപ്പോള്‍, ഡോ. അംബേദ്കറിനോടുള്ള ബഹുമാനാര്‍ത്ഥം അലിപൂര്‍ റോഡില്‍ ഡോ. അംബേദ്കര്‍ സ്മാരകം നിര്‍മാണം ആരംഭിക്കുകയും പണി പൂര്‍ത്തിയാക്കുകയും ചെയ്തുവെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.
1992-ല്‍ ചന്ദ്രശേഖറിന്റെ കാലത്ത് ഡല്‍ഹിയിലെ ജന്‍പഥിന് സമീപം അംബേദ്കര്‍ രാജ്യാന്തര കേന്ദ്രം സ്ഥാപിക്കാന്‍ തീരുമാനിച്ചത് ഓര്‍ക്കുമ്പോള്‍, ഈ പദ്ധതി 40 വര്‍ഷമായി കടലാസില്‍ തന്നെ തുടരുകയായിരുന്നെന്നും നടപ്പാക്കിയില്ലെന്നും ശ്രീ മോദി പറഞ്ഞു. തന്റെ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നശേഷം 2015ല്‍ മാത്രമാണ് പണി പൂര്‍ത്തീകരിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡോ.ബി.ആര്‍. അംബേദ്കക്കു ഭാരതരത്ന പുരസ്‌കാരം നല്‍കിയത് പോലും സ്വാതന്ത്ര്യം നേടി വളരെക്കാലത്തിനുശേഷമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡോ. ബി.ആറിന്റെ 125-ാമത് ജന്മവാര്‍ഷികത്തെക്കുറിച്ചു ശ്രീ മോദി അടിവരയിട്ടു വിശദീകരിച്ചു. ആഗോളതലത്തില്‍ 120 രാജ്യങ്ങളില്‍ അംബേദ്കര്‍ ജയന്തി ആഘോഷിക്കപ്പെട്ടു, ഡോ. അംബേദ്കറുടെ ജന്മശതാബ്ദിയോടനുബന്ധിച്ച്, ഡോ. അംബേദ്കറുടെ ജന്മസ്ഥലമായ മോവില്‍ ഒരു സ്മാരകം പുനര്‍നിര്‍മ്മിച്ചു.
സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ പ്രതിജ്ഞാബദ്ധനായിരുന്ന ദര്‍ശനികനായ അംബേദ്കര്‍, ഇന്ത്യ വികസിക്കണമെങ്കില്‍ രാജ്യത്തിന്റെ ഒരു ഭാഗവും ദുര്‍ബലമായി നില്‍ക്കരുതെന്ന് വിശ്വസിച്ചിരുന്നതായി ശ്രീ മോദി അഭിപ്രായപ്പെട്ടു. ഈ ആശങ്കയാണ് സംവരണ സമ്പ്രദായം സ്ഥാപിക്കുന്നതിലേക്ക് നയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വോട്ട് ബാങ്ക് രാഷ്‌ട്രീയത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ സംവരണ സമ്പ്രദായത്തിനുള്ളില്‍ മത പ്രീണനത്തിന്റെ മറവില്‍ വിവിധ നടപടികള്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചു, ഇത് എസ് സി, എസ് ടി, ഒബിസി സമുദായങ്ങള്‍ക്ക് കാര്യമായ ദോഷം വരുത്തിയെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

മുന്‍ ഗവണ്‍മെന്റുകള്‍ സംവരണത്തെ ശക്തമായി എതിര്‍ത്തിരുന്നതായി ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി ഡോ.ബി.ആര്‍. അംബേദ്കര്‍ ഇന്ത്യയില്‍ സമത്വത്തിനും സന്തുലിത വികസനത്തിനും സംവരണം ഏര്‍പ്പെടുത്തിയതായി വ്യക്തമാക്കി. മണ്ഡല്‍് കമ്മീഷന്‍ റിപ്പോര്‍ട്ട് പതിറ്റാണ്ടുകളായി മാറ്റിവെച്ചത് മറ്റു പിന്നോക്ക ജാതിക്കാര്‍ക്കുള്ള സംവരണം വൈകുന്നതിന് കാരണമായെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. നേരത്തെ സംവരണം അനുവദിച്ചിരുന്നെങ്കില്‍ മറ്റു പി്‌ന്നോക്കജാതി വിഭാഗത്തില്‍പ്പെട്ട നിരവധി പേര്‍ ഇന്ന് വിവിധ തസ്തികകളില്‍ സേവനമനുഷ്ഠിക്കുമായിരുന്നു എന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഭരണഘടനാ രൂപീകരണ വേളയില്‍ സംവരണം മതത്തിന്റെ അടിസ്ഥാനത്തിലാണോ എന്നതിനെക്കുറിച്ചുണ്ടായ വിപുലമായ ചര്‍ച്ചകളെ പരാര്‍ശിച്ചുകൊണ്ട്, ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്‌ക്കും മതത്തിന്റെയും സമുദായത്തിന്റെയും അടിസ്ഥാനത്തിലുള്ള സംവരണം പ്രായോഗികമല്ലെന്ന നിഗമനത്തിലാണു ഭരണഘടനാ ശില്‍പികള്‍ എത്തിയതെന്ന് ശ്രീ മോദി പറഞ്ഞു. ഗൗരവത്തിലെടുക്കാതിരുന്നതല്ല, മറിച്ചു നന്നായി ആലോചിച്ചെടുത്ത തീരുമാനമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്‍ ഗവണ്‍മെന്റുകള്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം ഏര്‍പ്പെടുത്തിയെന്നും അത് ഭരണഘടനയുടെ അന്തസ്സത്തയ്‌ക്കു  വിരുദ്ധമാണെന്നും ശ്രീ മോദി അഭിപ്രായപ്പെട്ടു. ഇതു നടപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയെങ്കിലും സുപ്രീം കോടതി അത്തരം നടപടികള്‍ റദ്ദാക്കിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഭരണഘടനാ ശില്പികളുടെ വികാരം വ്രണപ്പെടുത്താനുള്ള ലജ്ജാരഹിതമായ ശ്രമമാണ് മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം നല്‍കാനുള്ള ശ്രമങ്ങളെന്നു വ്യക്തമാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
യൂണിഫോം സിവില്‍ കോഡ് (യുസിസി) ഭരണഘടനാ അസംബ്ലി അവഗണിച്ചിട്ടില്ലാത്തതും ഗൗരവത്തോടെ ചര്‍ച്ച ചെയ്തതുമായ ഒരു പ്രധാന വിഷയമായിരുന്നു. ഭരണഘടനാ അസംബ്ലി യുസിസിയെക്കുറിച്ച് വിപുലമായ ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും തിരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്റ് ഇത് നടപ്പിലാക്കുന്നതാണ് നല്ലതെന്ന് തീരുമാനിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. ഭരണഘടനാ നിര്‍മാണ സഭയുടെ നിര്‍ദേശമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡോ. അംബേദ്കര്‍ യുസിസിക്ക് വേണ്ടി വാദിച്ചെന്നും അദ്ദേഹത്തിന്റെ വാക്കുകള്‍ തെറ്റായി ചിത്രീകരിക്കരുതെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

മതത്തെ അടിസ്ഥാനമാക്കിയുള്ള വ്യക്തിനിയമങ്ങൾ നിർത്തലാക്കണമെന്ന് ഡോ. ബി ആർ അംബേദ്കർ ശക്തമായി വാദിച്ചിരുന്നുവെന്നു ശ്രീ മോദി എടുത്തുപറഞ്ഞു. ദേശീയ ഐക്യത്തിനും ആധുനികതയ്‌ക്കും ഏകീകൃത സിവിൽ കോഡ് (യുസിസി) അനിവാര്യമാണെന്ന് പ്രസ്താവിച്ച ഭരണഘടനാ നിർമാണസഭയിലെ അംഗം കെ എം മുൻഷിയെ ഉദ്ധരിച്ച് ശ്രീ മോദി പറഞ്ഞു. യുസിസിയുടെ ആവശ്യകതയ്‌ക്ക് സുപ്രീം കോടതി ആവർത്തിച്ച് ഊന്നൽ നൽകിയിട്ടുണ്ടെന്നും അത് എത്രയും വേഗം നടപ്പാക്കാൻ ഗവണ്മെന്റുകളോട് നിർദേശിക്കുകയും ചെയ്തിട്ടുണ്ടെന്നും ശ്രീ മോദി പറഞ്ഞു. ഭരണഘടനയുടെ ചൈതന്യത്തിനും അതിന്റെ ശിൽപ്പികളുടെ ഉദ്ദേശ്യങ്ങൾക്കും അനുസൃതമായി, മതനിരപേക്ഷ സിവിൽ കോഡ് സ്ഥാപിക്കാൻ ഗവണ്മെന്റ് പൂർണമായും പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.

സ്വന്തം പാർട്ടിയുടെ ഭരണഘടനയെ മാനിക്കാത്തവർക്ക് എങ്ങനെയാണ് രാജ്യത്തിന്റെ ഭരണഘടനയെ ബഹുമാനിക്കാനാകുകയെന്ന് മുൻകാലത്തു നടന്ന സംഭവം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി ചോദിച്ചു.

1996-ൽ ബിജെപി ഏറ്റവും വലിയ കക്ഷിയായി മാറിയെന്നും ഭരണഘടനയെ മാനിച്ച് രാഷ്‌ട്രപതി അവരെ ഗവണ്മെന്റ് രൂപീകരിക്കാൻ ക്ഷണിച്ചെന്നും ശ്രീ മോദി ചൂണ്ടിക്കാട്ടി. എന്നിരുന്നാലും, ഭരണഘടനയെ ബഹുമാനിക്കാൻ അവർ തീരുമാനിച്ചതിനാൽ ഗവണ്മെന്റിന്റെ ആയുസ് 13 ദിവസം മാത്രമേ നീണ്ടുനിന്നുള്ളൂ. ശ്രീ അടൽ ബിഹാരി വാജ്‌പേയി വിലപേശൽ നടത്തിയില്ലെന്നും ഭരണഘടനയെ മാനിച്ച് 13 ദിവസത്തിനുശേഷം രാജിവച്ചെന്നും അദ്ദേഹം പറഞ്ഞു. 1998-ൽ എൻഡിഎ ഗവണ്മെന്റ് അസ്ഥിരത നേരിട്ടെങ്കിലും ഭരണഘടനാവിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്നതിനു പകരം ഒരു വോട്ടിന് തോറ്റ് രാജിവയ്‌ക്കുകയായിരുന്നു ഭരണഘടനയുടെ ചൈതന്യത്തിനായി സമർപ്പിച്ച വാജ്‌പേയി ഗവണ്മെന്റ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് അവരുടെ ചരിത്രവും മൂല്യങ്ങളും പാരമ്പര്യവുമാണെന്ന് അദ്ദേഹം പറഞ്ഞു. മറുവശത്ത്, വോട്ടിനു വേണ്ടി പണമിടപാടു നടത്തിയ അഴിമതിയുടെ സമയത്ത്, ന്യൂനപക്ഷ ഗവണ്മെന്റിനെ സംരക്ഷിക്കാൻ പണം ഉപയോഗിച്ച്, ഇന്ത്യൻ ജനാധിപത്യത്തിന്റെ ചൈതന്യത്തെ വോട്ടുകൾ പണം കൊടുത്തു വാങ്ങുന്ന കമ്പോളമാക്കി മാറ്റി.

2014ന് ശേഷം എൻഡിഎയ്‌ക്ക് ഭരണഘടനയെയും ജനാധിപത്യത്തെയും ശക്തിപ്പെടുത്താനും സേവിക്കാനുമുള്ള അവസരം ലഭിച്ചെന്നും ശ്രീ മോദി അഭിപ്രായപ്പെട്ടു. പഴയ രോഗങ്ങളിൽനിന്ന് രാജ്യത്തെ മോചിപ്പിക്കാൻ യജ്ഞത്തിനു തുടക്കം കുറിച്ചതായി അദ്ദേഹം എടുത്തുപറഞ്ഞു. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്‌ക്കും, ശോഭനമായ ഭാവിക്കുമായി, ഭരണഘടനയുടെ സത്തയോടുള്ള പൂർണമായ അർപ്പണബോധത്തോടെ, കഴിഞ്ഞ 10 വർഷമായി ഭരണഘടനാ ഭേദഗതികൾ വരുത്തിയതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. മൂന്നു പതിറ്റാണ്ടായി ഒബിസി കമ്മീഷനു ഭരണഘടനാ പദവി നൽകണമെന്ന് ഒബിസി സമൂഹം ആവശ്യപ്പെടുന്നുണ്ടെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഈ പദവി നൽകുന്നതിനായി ഭരണഘടന ഭേദഗതി ചെയ്തുവെന്നും, അങ്ങനെ ചെയ്തതിൽ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്കൊപ്പം നിൽക്കേണ്ടത് തങ്ങളുടെ കടമയാണെന്നും അതിനാലാണ് ഭരണഘടനാ ഭേദഗതി വരുത്തിയതെന്നും പ്രധാനമന്ത്രി പറഞ്ഞു.

ജാതിമതഭേദമെന്യേ, ദാരിദ്ര്യം കാരണം അവസരങ്ങൾ ലഭിക്കാത്തതും പുരോഗതി പ്രാപിക്കാൻ കഴിയാത്തതുമായ വലിയൊരു വിഭാഗം സമൂഹത്തിലുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. ഈ അസംതൃപ്തി വർധിക്കുകയാണെന്നും ആവശ്യങ്ങളുണ്ടായിട്ടും തീരുമാനങ്ങളൊന്നും എടുത്തില്ലെന്നും ചൂണ്ടിക്കാട്ടി, പൊതുവിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് 10% സംവരണം നൽകുന്നതിനായി ഭരണഘടന ഭേദഗതി ചെയ്തതായി ശ്രീ മോദി അഭിപ്രായപ്പെട്ടു. എതിർപ്പൊന്നും നേരിടാതെ, ഏവരും സ്നേഹത്തോടെ അംഗീകരിച്ചതും പാർലമെന്റ് ഏകകണ്ഠമായി പാസാക്കിയതുമായ രാജ്യത്തെ ആദ്യത്തെ സംവരണ ഭേദഗതിയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ഇത് സാമൂഹിക ഐക്യം ശക്തിപ്പെടുത്തുകയും ഭരണഘടനയുടെ ചൈതന്യവുമായി യോജിക്കുകയും ചെയ്‌തതിനാലാണ് ഇതെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

പല ഭരണഘടനാ ഭേദഗതികളും വരുത്തിയിട്ടുണ്ടെന്നും ഇതെല്ലാം സ്ത്രീകളെ ശാക്തീകരിക്കുന്നതിനുവേണ്ടിയാണെന്നും ശ്രീ മോദി പറഞ്ഞു. രാജ്യത്തിന്റെ ഐക്യത്തിന് വേണ്ടിയാണ് ഭരണഘടന ഭേദഗതി ചെയ്തതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അനുച്ഛേദം 370ന്റെ പശ്ചാത്തലത്തിൽ ഡോ. ബി ആർ അംബേദ്കറുടെ ഭരണഘടന ജമ്മു കശ്മീരിന് പൂർണമായി ബാധകമായില്ലെന്നും ഡോ. അംബേദ്കറുടെ ഭരണഘടന ഇന്ത്യയുടെ എല്ലാ ഭാഗത്തും നടപ്പാക്കണമെന്നു ഗവണ്മെന്റ് ആഗ്രഹിക്കുന്നുവെന്നും ശ്രീ മോദി പറഞ്ഞു. ദേശീയ ഐക്യം ശക്തിപ്പെടുത്തുന്നതിനും ഡോ. അംബേദ്കറിനു ശ്രദ്ധാഞ്ജലിയർപ്പിക്കുന്നതിനുമാണു തങ്ങൾ ഭരണഘടന ഭേദഗതി ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അനുച്ഛേദം 370 നീക്കം ചെയ്തുവെന്നും ഇപ്പോൾ ഇന്ത്യയുടെ സുപ്രീം കോടതിയും ഈ തീരുമാനത്തെ ശരിവച്ചുവെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

അനുച്ഛേദം 370 നീക്കം ചെയ്യുന്നതിനുള്ള ഭരണഘടനാ ഭേദഗതിയെക്കുറിച്ചു പരാമർശിച്ച ശ്രീ മോദി, മഹാത്മാഗാന്ധിയും മറ്റ് മുതിർന്ന നേതാക്കളും വിഭജനസമയത്ത് നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റുന്നതിനും പ്രതിസന്ധിഘട്ടങ്ങളിൽ അയൽരാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളെ പരിപാലിക്കുന്നതിനും തങ്ങൾ നിയമനിർമാണം നടത്തിയെന്ന് എടുത്തുപറഞ്ഞു. ഈ പ്രതിബദ്ധത മാനിക്കുന്നതിനാണ് തങ്ങൾ പൗരത്വ ഭേദഗതി നിയമം (സിഎഎ) കൊണ്ടുവന്നതെന്നും ഭരണഘടനയുടെ സത്തയുമായി യോജിക്കുകയും രാജ്യത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനാൽ അഭിമാനത്തോടെ ഈ നിയമത്തിനൊപ്പം നിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

തന്റെ ഗവണ്മെന്റ് വരുത്തിയ ഭരണഘടനാ ഭേദഗതികൾ മുൻകാല തെറ്റുകൾ തിരുത്താനും ശോഭനമായ ഭാവിക്ക് വഴിയൊരുക്കാനും ലക്ഷ്യമിട്ടുള്ളതാണെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. അവ കാലത്തിന്റെ പരീക്ഷണം അതിജീവിക്കുമോ എന്ന് കാലം തെളിയിക്കുമെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഈ ഭേദഗതികൾ സ്വാർഥ അധികാര താൽപ്പര്യങ്ങളാൽ നയിക്കപ്പെടുന്നതല്ലെന്നും രാഷ്‌ട്രത്തിന്റെ നേട്ടത്തിനായുള്ള പുണ്യ പ്രവർത്തനങ്ങളാണെന്നും പ്രധാനമന്ത്രി പറഞ്ഞു. അതുകൊണ്ടാണ് ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങളെ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടനയെക്കുറിച്ച് നിരവധി പ്രസംഗങ്ങളും വിഷയങ്ങളും ഉയർന്നുവന്ന‌ിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഓരോന്നിനും അതിന്റേതായ രാഷ്‌ട്രീയ പ്രേരണകളുണ്ടെന്നും, ഭരണഘടന ഇന്ത്യയിലെ ജനങ്ങളോട്, “നാം ജനങ്ങൾ” എന്നതിനോട്, ഏറ്റവും സംവേദനക്ഷമവുമാണെന്നും,  അവരുടെ ക്ഷേമത്തിനും അന്തസ്സിനും വേണ്ടിയുള്ളതാണെന്നും പറഞ്ഞു. ക്ഷേമവും. എല്ലാ പൗരന്മാർക്കും അന്തസുറ്റ ജീവിതം ഉറപ്പാക്കുന്ന ക്ഷേമ രാഷ്‌ട്രത്തിലേക്കാണ് ഭരണഘടന നമ്മെ നയിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സ്വാതന്ത്ര്യം ലഭിച്ച് വർഷങ്ങൾ പിന്നിട്ടിട്ടും നിരവധി കുടുംബങ്ങൾക്ക് അന്തസ്സോടെ ജീവിക്കാൻ ശൗചാലയം ലഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ ശ്രീ മോദി, പാവപ്പെട്ടവരുടെ സ്വപ്‌നമായ ശൗചാലയങ്ങൾ നിർമിക്കൽ പൂർണ സമർപ്പണത്തോടെ ഏറ്റെടുത്തുവെന്നു പറഞ്ഞു. പരിഹസിക്കപ്പെട്ടിട്ടും ഉറച്ചുനിന്നത് സാധാരണ പൗരന്മാരുടെ അന്തസ്സാണ് മുൻഗണന എന്നതിനാലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ത്രീകൾ സൂര്യോദയത്തിന് മുമ്പോ സൂര്യാസ്തമയത്തിന് ശേഷമോ തുറസ്സായ മലമൂത്ര വിസർജനത്തിന് പോകേണ്ടിവന്നിരുന്നുവെന്നും പാവപ്പെട്ടവരെ ടിവിയിലോ പത്ര തലക്കെട്ടുകളിലോ മാത്രം കാണുന്നവരെ ഇത് അലട്ടുന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. പാവപ്പെട്ടവരുടെ ജീവിതം മനസ്സിലാക്കാത്തവർ ഇത്തരം അനീതികൾ ചെയ്യില്ലെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. എല്ലാവരുടെയും അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പാക്കാൻ ഭരണഘടന ലക്ഷ്യമിടുന്നുണ്ടെങ്കിലും ഈ രാജ്യത്തെ എൺപത് ശതമാനം ജനങ്ങൾക്കും ശുദ്ധമായ കുടിവെള്ളം നിഷേധിക്കപ്പെടുന്നത് എന്തുകൊണ്ടാണെന്ന് ശ്രീ മോദി ആരാഞ്ഞു.

രാജ്യത്തെ ദശലക്ഷക്കണക്കിന് അമ്മമാർ പരമ്പരാഗത അടുപ്പുകളിലാണു പാചകം ചെയ്തിരുന്നത്. ഇത് നൂറുകണക്കിന് സിഗരറ്റുകളുടെ പുക ശ്വസിക്കുന്നതിന് തുല്യമാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഇത് അവരുടെ കണ്ണുകൾ ചുവപ്പിച്ചുവെന്നു മാത്രമല്ല, അവരുടെ ആരോഗ്യം മോശമാക്കുകയും ചെയ്തുവെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. സ്വാതന്ത്ര്യം ലഭിച്ച് 70 വർഷങ്ങൾക്ക് ശേഷവും 2013 വരെ ഒമ്പതോ ആറോ സിലിൻഡറുകൾ നൽകണമോ എന്നതിനെക്കുറിച്ചായിരുന്നു ചർച്ച. അതേസമയം തന്റെ ഗവണ്മെന്റ് എല്ലാ വീട്ടിലും പാചകവാതക സിലിൻഡറുകളുടെ വിതരണം ഉറപ്പാക്കിയത് എല്ലാ പൗരന്മാർക്കും അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതിന് മുൻഗണന നൽകിയതുകൊണ്ടാണെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു.

ദാരിദ്ര്യത്തിൽ നിന്ന് രക്ഷനേടാനും തങ്ങളുടെ കുട്ടികളെ പഠിപ്പിക്കാനും അവരുടെ പദ്ധതികളും പ്രയത്നങ്ങളും നടപ്പാക്കാനും രാവും പകലും കഠിനാധ്വാനം ചെയ്യുന്ന ദരിദ്ര കുടുംബത്തെ ഒരൊറ്റ അസുഖം നശിപ്പിക്കുമെന്ന് ആരോഗ്യ പരിപാലന മേഖലയെക്കുറിച്ച് ചർച്ച ചെയ്തു ശ്രീ മോദി അഭിപ്രായപ്പെട്ടു. ഭരണഘടനയുടെ ചൈതന്യത്തെ മാനിച്ച് 50-60 കോടി പൗരന്മാർക്ക് സൗജന്യ ചികിത്സ നൽകാനാണ് ആയുഷ്മാൻ ഭാരത് പദ്ധതി നടപ്പാക്കിയതെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. 70 വയസ്സിന് മുകളിലുള്ളവർ ഉൾപ്പെടെ സമൂഹത്തിലെ ഏത് വിഭാഗത്തിൽപ്പെട്ടവർക്കും ഈ പദ്ധതി ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ദരിദ്രർക്ക് നൽകുന്ന സൗജന്യ റേഷൻ പരാമർശിച്ച്, 25 കോടി ജനങ്ങൾ വിജയകരമായി ദാരിദ്ര്യത്തെ അതിജീവിച്ചതായി ശ്രീ മോദി എടുത്തുപറഞ്ഞു. ദാരിദ്ര്യത്തിൽ നിന്ന് കരകയറിയവർക്കേ ആ പിന്തുണയുടെ പ്രാധാന്യം മനസ്സിലാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രോഗം വീണ്ടും വരാതിരിക്കാൻ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ശേഷം ശ്രദ്ധിക്കണമെന്ന് രോഗിയെ ഉപദേശിക്കുന്നത് പോലെ, ദരിദ്രർ വീണ്ടും ദാരിദ്ര്യത്തിലേക്ക് വീഴുന്നത് തടയാൻ അവരെ പിന്തുണയ്‌ക്കേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. അതുകൊണ്ടാണ് സൗജന്യ റേഷൻ നൽകുന്നതെന്നും ദാരിദ്ര്യത്തിൽ നിന്ന് കരകയറുന്നവർ അതിലേക്ക് മടങ്ങുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനും ഇപ്പോഴും ദാരിദ്ര്യത്തിൽ കഴിയുന്നവരെ അതു മറികടക്കാൻ സഹായിക്കാനും വേണ്ടിയാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പൗരന്മാരുടെ അന്തസ്സും ക്ഷേമവും നിലനിർത്തുന്നതിന് നിർണായകമായതിനാൽ ഈ ശ്രമത്തെ പരിഹസിക്കുന്നത് അന്യായമാണെന്ന് അദ്ദേഹം പറഞ്ഞു.

പാവപ്പെട്ടവരുടെ പേരിൽ മുദ്രാവാക്യം വിളിക്കുകയും അവരുടെ പേരിൽ ബാങ്കുകൾ ദേശസാൽക്കരിക്കുകയും ചെയ്തുവെന്നു പറഞ്ഞ മോദി, 2014 വരെ രാജ്യത്തെ 50 കോടി പൗരന്മാർ ബാങ്കിന്റെ ഉൾഭാഗം കണ്ടിട്ടു പോലുമില്ലെന്ന് ചൂണ്ടിക്കാട്ടി. 50 കോടി പാവപ്പെട്ട പൗരന്മാർക്കായി അവർ ബാങ്ക് അക്കൗണ്ടുകൾ തുറന്നുവെന്നും അങ്ങനെ അവർക്കായി ബാങ്കുകളുടെ വാതിലുകൾ തുറന്നിട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡൽഹിയിൽ നിന്ന് അയക്കുന്ന ഒരു രൂപയിൽ 15 പൈസ മാത്രമാണ് ദരിദ്രർക്ക് ലഭിച്ചിരുന്നതെന്ന് ഒരു മുൻ പ്രധാനമന്ത്രി ഒരിക്കൽ പറഞ്ഞതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ന് ഡൽഹിയിൽ നിന്ന് അയക്കുന്ന 1 രൂപയിൽ 100 പൈസയും പാവപ്പെട്ടവരുടെ അക്കൗണ്ടിലേക്ക് നേരിട്ട് നിക്ഷേപിക്കുന്നുവെന്ന് ഉറപ്പാക്കി തങ്ങൾ വഴി കാണിച്ചുകൊടുത്തുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ബാങ്കുകളുടെ ശരിയായ ഉപയോഗം അവർ പ്രകടമാക്കിയെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. മുമ്പ് ബാങ്കുകളുടെ വാതിൽക്കൽ എത്താൻ പോലും അനുവാദമില്ലാതിരുന്നവർക്ക് ഇപ്പോൾ ഈടേതുമില്ലാതെ വായ്പ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദരിദ്രരുടെ ഈ ശാക്തീകരണം ഭരണഘടനയോടുള്ള ഗവണ്മെന്റിന്റെ സമർപ്പണത്തിന്റെ തെളിവാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

ദരിദ്രരെ അവരുടെ പ്രയാസങ്ങളിൽ നിന്ന് മോചിപ്പിക്കാത്തതിനാൽ “ഗരീബി ഹഠാവോ” (ദാരിദ്ര്യനിർമാർജനം) എന്ന മുദ്രാവാക്യം കേവലം മുദ്രാവാക്യം മാത്രമായി അവശേഷിക്കുന്നുവെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ദരിദ്രരെ ഈ പ്രയാസങ്ങളിൽ നിന്ന് മോചിപ്പിക്കുക എന്നതാണ് അവരുടെ ദൗത്യവും പ്രതിജ്ഞാബദ്ധതയെന്നും ഇത് നേടിയെടുക്കാൻ അഹോരാത്രം പ്രയത്നിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആരുമില്ലാത്തവർക്ക് വേണ്ടിയാണു താൻ നിലകൊള്ളുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഭിന്നശേഷിക്കാർ നേരിടുന്ന പോരാട്ടങ്ങൾ പരാമർശിച്ച്, ഭിന്നശേഷിക്കാർക്കു പ്രാപ്യമാക്കാവുന്ന അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും അവരുടെ വീൽചെയറുകൾ ട്രെയിൻ കമ്പാർട്ടുമെന്റുകളിൽ എത്താൻ അനുവദിച്ചിട്ടുണ്ടെന്നും ശ്രീ മോദി പറഞ്ഞു. സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളോടുള്ള ശ്രദ്ധയാണ് ഈ സംരംഭത്തെ മുന്നോട്ടുനയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭാഷയെച്ചൊല്ലിയുള്ള തർക്കങ്ങൾ പഠിപ്പിക്കുമ്പോൾ ഭിന്നശേഷിക്കാരോട് വലിയ അനീതിയാണ് കാണിക്കുന്നതെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിൽ ആംഗ്യഭാഷാ സംവിധാനങ്ങൾ വ്യത്യസ്തമാണെന്നും ഇത് ഭിന്നശേഷിക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. പൊതു ആംഗ്യഭാഷ സൃഷ്ടിച്ചിട്ടുണ്ടെന്നും അത് ഇപ്പോൾ രാജ്യത്തെ എല്ലാ ഭിന്നശേഷിക്കാർക്കും പ്രയോജനം ചെയ്യുന്നുണ്ടെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

നാടോടികളും അർദ്ധ നാടോടികളുമായ വിഭാഗങ്ങളുടെ ക്ഷേമം കണക്കിലെടുക്കാൻ ആരുമില്ലായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭരണഘടന പ്രകാരം ഈ വിഭാഗങ്ങൾക്ക് മുൻഗണന നൽകുന്നതിനാൽ അവരുടെ ക്ഷേമത്തിനായി ഗവണ്മെന്റ് ഒരു ക്ഷേമനിധി ബോർഡ് സ്ഥാപിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാപകൽ വിശ്രമമില്ലാതെ ജോലി ചെയ്യുന്ന വഴിയോരക്കച്ചവടക്കാർ വണ്ടികൾ വാടകയ്‌ക്കെടുക്കുന്നതും ഉയർന്ന പലിശയ്‌ക്ക് പണം കടം വാങ്ങുന്നതും ഉൾപ്പെടെയുള്ള ബുദ്ധിമുട്ടുകൾ പലപ്പോഴും അഭിമുഖീകരിച്ചിരുന്നതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. വഴിയോരക്കച്ചവടക്കാർക്ക് ഈട് രഹിത വായ്പ നൽകാനാണ് ഗവണ്മെന്റ് പ്രധാനമന്ത്രി സ്വനിധി പദ്ധതി കൊണ്ടുവന്നതെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഈ പദ്ധതി മൂലം വഴിയോരക്കച്ചവടക്കാർ മൂന്നാം ഘട്ടത്തിലും വായ്‌പകൾ നേടുകയും അന്തസ്സോടെ അവരുടെ കച്ചവടം വിപുലീകരിക്കുകയും ചെയ്തുവെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
വിശ്വകർമ കരകൗശല വിദഗ്ധരുടെ സേവനം ആവശ്യമില്ലാത്ത ആരും ഈ രാജ്യത്തില്ലെന്ന് ചൂണ്ടിക്കാട്ടിയ ശ്രീ മോദി, നൂറ്റാണ്ടുകളായി സുപ്രധാനമായ ഒരു സംവിധാനം നിലവിലുണ്ടായിരുന്നിട്ടും വിശ്വകർമ കരകൗശല തൊഴിലാളികളുടെ ക്ഷേമം ഒരിക്കലും കണക്കിലെടുത്തിരുന്നില്ലെന്നും എടുത്തുപറഞ്ഞു. വിശ്വകർമ കരകൗശല തൊഴിലാളികളുടെ ക്ഷേമത്തിനായി ഇപ്പോൾ ബാങ്ക് വായ്പകൾ, നവീന പരിശീലനം, ആധുനിക ഉപകരണങ്ങൾ, നൂതന രൂപകല്പനകൾ എന്നിവ ഉൾപ്പെടെയുള്ള പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. വിശ്വകർമ സമുദായത്തെ പിന്തുണയ്‌ക്കുന്നതിനായി ഈ സംരംഭം ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഇന്ത്യൻ ഭരണഘടന പ്രകാരം ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കുള്ള അവകാശങ്ങൾ ഉറപ്പാക്കിയിട്ടുണ്ടെന്നും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവർക്ക് മാന്യമായ ജീവിതം നൽകുന്നതിനുമായി നിയമങ്ങൾ നടപ്പിലാക്കിയിട്ടുണ്ടെന്നും ശ്രീ മോദി എടുത്തുപറഞ്ഞു.
ഗുജറാത്തിൽ താൻ മുഖ്യമന്ത്രിയാകുന്നതിന് മുൻപ്, ഉമർഗം മുതൽ അംബാജി വരെയുള്ള മുഴുവൻ ഗോത്രമേഖലയിലും ഒരു സയൻസ് സ്ട്രീം സ്‌കൂൾ പോലും ഉണ്ടായിരുന്നില്ലെന്ന് അനുസ്മരിച്ച പ്രധാനമന്ത്രി സയൻസ് സ്‌ട്രീം സ്‌കൂളില്ലാതെ ആദിവാസി വിദ്യാർത്ഥികൾക്ക് എഞ്ചിനീയർമാരോ ഡോക്ടർമാരോ ആകുക അസാധ്യമാണെന്ന് ചൂണ്ടിക്കാട്ടി. എന്നാൽ താൻ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ആദിവാസി സമൂഹത്തിന്റെ വിദ്യാഭ്യാസ ആവശ്യങ്ങൾ അഭിസംബോധന ചെയ്തുകൊണ്ട് ആ പ്രദേശത്ത് സയൻസ് സ്ട്രീം സ്കൂളുകളും സർവകലാശാലകളും സ്ഥാപിച്ചതായി അദ്ദേഹം വ്യക്തമാക്കി.
ഏറ്റവും പിന്നാക്കം നിൽക്കുന്ന ഗോത്രവർഗ വിഭാഗങ്ങളുടെ വികസനത്തിന് ഊന്നൽ നൽകുന്ന പ്രധാനമന്ത്രി ജൻ മൻ യോജന ആവിഷ്‌ക്കരിക്കുന്നതിൽ നൽകിയ മാർഗനിർദേശത്തിന് രാഷ്‌ട്രപതിയ്‌ക്ക് പ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തി. വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിൽ പലപ്പോഴും അവഗണിക്കപ്പെടുന്ന ഈ ചെറിയ വിഭാഗത്തിന് ഇപ്പോൾ ഈ പദ്ധതിയിലൂടെ പരിഗണനയും പിന്തുണയും ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഏറ്റവും പാർശ്വവൽക്കരിക്കപ്പെട്ട വ്യക്തികളെപ്പോലും കണ്ടെത്താനും പിന്തുണയ്‌ക്കാനും താൻ പ്രതിജ്ഞാബദ്ധനാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
രാജ്യത്തെ 100 ജില്ലകൾ 60 വർഷത്തിലേറെയായി പിന്നാക്കം നിൽക്കുന്നതായി കണ്ടെത്തിയെന്നും ഈ വേർതിരിവ് ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർക്കുള്ള ശിക്ഷാ നിയമനമായി മാറിയെന്നും ശ്രീ മോദി അഭിപ്രായപ്പെട്ടു. വികസനം കാംക്ഷിക്കുന്ന ജില്ലകൾ (ആസ്പിരേഷനൽ ഡിസ്ട്രിക്റ്റുകൾ) എന്ന ആശയം അവതരിപ്പിക്കുകയും 40 ഘടകങ്ങൾ ഓൺലൈനിൽ പതിവായി നിരീക്ഷിക്കുകയും ചെയ്തുകൊണ്ട് അവർ ഈ അവസ്ഥയ്‌ക്ക് മാറ്റം വരുത്തിയതായി അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇന്ന്, ഈ ജില്ലകൾ അവരുടെ സംസ്ഥാനങ്ങളിലെ മികച്ച ജില്ലകളുടേതിന്   സമാനമാണെന്നും ചില ജില്ലകൾ ദേശീയ ശരാശരിയിൽ പോലും എത്തുന്നുവെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഒരു പ്രദേശവും പിന്നാക്കം പോകരുതെന്നും അതിനായി ഇപ്പോൾ 500 ബ്ലോക്കുകളെ വികസനം കാംക്ഷിക്കുന്ന ബ്ലോക്കുകളായി വികസിപ്പിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും പ്രധാനമന്ത്രിപറഞ്ഞു.
രാമന്റെയും കൃഷ്ണന്റെയും കാലത്തും ആദിവാസി സമൂഹം നിലനിന്നിരുന്നുവെന്നും എന്നാൽ സ്വാതന്ത്ര്യം ലഭിച്ച് പതിറ്റാണ്ടുകൾക്ക് ശേഷവും അവർക്കായി പ്രത്യേക മന്ത്രാലയം രൂപീകരിച്ചിരുന്നില്ലെന്നും ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, അടൽ ബിഹാരി വാജ്‌പേയിയുടെ ഗവൺമെന്റാണ്  ആദ്യമായി ഗോത്രവർഗകാര്യങ്ങൾക്കായി പ്രത്യേക മന്ത്രാലയം സ്ഥാപിച്ചതും അവരുടെ വികസനത്തിനും വിപുലീകരണത്തിനുമായി ബജറ്റ് വകയിരുത്തുകയും ചെയ്തതെന്ന് വ്യക്തമാക്കി. മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തെക്കുറിച്ച് പരാമർശിച്ച ശ്രീ മോദി, തങ്ങളുടെ ഗവൺമെന്റാണ്  ആദ്യമായി മത്സ്യബന്ധനവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് പ്രത്യേക മന്ത്രാലയം രൂപീകരിക്കുകയും, മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രത്യേക ബജറ്റ് അനുവദിക്കുകയും ചെയ്തതെന്ന് പറഞ്ഞു. സമൂഹത്തിലെ ഈ വിഭാഗത്തിനായി മതിയായ ശ്രദ്ധ ചെലുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ചെറുകിട കർഷകരെ സംബന്ധിച്ച്, സഹകരണ സംവിധാനം അവരുടെ ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ചെറുകിട കർഷകരുടെ ആശങ്കകൾ ഉയർത്തിക്കാട്ടിയ പ്രധാനമന്ത്രി,  സഹകരണ മേഖലയെ ഉത്തരവാദിത്തവും ശക്തവും ശാക്തീകരിക്കുന്നതുമാക്കി മാറ്റി ചെറുകിട കർഷകരുടെ ജീവിതത്തിന് കരുത്ത് പകരുന്നതിനാണ് പ്രത്യേക സഹകരണ മന്ത്രാലയം രൂപീകരിച്ചതെന്ന് വ്യക്തമാക്കി. നൈപുണ്യമുള്ള തൊഴിൽ ശക്തിയുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട്, ലോകം മുഴുവൻ ഇന്ന് ഒരു തൊഴിൽ ശക്തിക്കായി കാംക്ഷിക്കുകയാണെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. രാജ്യത്ത് ജനസംഖ്യയിൽ നിന്നുള്ള നേട്ടം ലഭിക്കണമെങ്കിൽ നമ്മുടെ ഈ തൊഴിൽ ശക്തി വൈദഗ്ധ്യമുള്ളതായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് രാജ്യത്തെ യുവാക്കൾ സജ്ജരാവുകയും അവർ ലോകത്തോടൊപ്പം മുന്നേറുകയും ചെയ്യുന്നതിനു വേണ്ടിയാണ് പ്രത്യേക നൈപുണ്യ മന്ത്രാലയം രൂപീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വടക്ക്-കിഴക്കൻ മേഖലയെ കുറിച്ച് പരാമർശിക്കവെ, വോട്ടുകളോ സീറ്റുകളോ കുറവായതിനാൽ നമ്മുടെ വടക്കുകിഴക്കൻ മേഖല  അവഗണിക്കപ്പെടുകയായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ ക്ഷേമത്തിനായി ആദ്യമായി ഡോണർ മന്ത്രാലയം രൂപീകരിച്ചത് അടൽ ജിയുടെ ഗവണ്മെന്റാണെന്നും ഇന്ന്  റെയിൽവേ, റോഡുകൾ, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ എന്നിവയുടെ നിർമ്മാണത്തിലൂടെ വടക്കുകിഴക്കൻ മേഖലയുടെ വികസനം അവിടെ കാണാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ഭൂരേഖകളുടെ പ്രാധാന്യവും ഏറ്റവും സമ്പന്നമായ രാജ്യങ്ങളിൽപോലും ഇന്നും അതിൽ നേരിടുന്ന പ്രശ്നങ്ങളും പ്രധാനമന്ത്രി അടിവരയിട്ടു.  ഗ്രാമത്തിലെ ഓരോ സാധാരണക്കാരനും ബാങ്കിൽ നിന്ന് വായ്പയെടുക്കാനും അനധികൃത അധിനിവേശത്തെ ഭയപ്പെടാതിരിക്കാനും കഴിയുന്നതരത്തിൽ അവരവരുടെ ഭൂമിയുടെ രേഖകളും വീടിന്റെ ഉടമസ്ഥാവകാശ രേഖകളും നൽകാൻ ഗവണ്മെന്റ് എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 10 വർഷമായി ഈ രീതിയിൽ നടത്തിയ ശ്രമങ്ങളുടെ ഫലമായി പാവപ്പെട്ടവർക്ക് ഒരു പുതിയ ആത്മവിശ്വാസം നല്കാൻ കഴിഞ്ഞതായും ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളിൽ ഇതുവഴി 25 കോടി ജനങ്ങൾ  ദാരിദ്ര്യം മറികടക്കുന്നതിൽ വിജയിച്ചുവെന്നും ശ്രീ മോദി അഭിപ്രായപ്പെട്ടു. ഭരണഘടനയ്‌ക്ക് അനുസൃതമായി ഞങ്ങൾ പ്രവർത്തിക്കുന്നതിനാലാണ് ഇതെല്ലാം സാധ്യമായതെന്നും അദ്ദേഹം പറഞ്ഞു.
സബ്‌കാ സാഥ്, സബ്‌കാ വികാസ് എന്നത് വെറുമൊരു മുദ്രാവാക്യമല്ല, ഇത് നമ്മുടെ വിശ്വാസ പ്രമാണമാണെന്നും അതിനാൽ ഞങ്ങൾ ഗവണ്മെന്റ് പദ്ധതികൾ വിവേചനമില്ലാതെ നടപ്പാക്കിയെന്നും പ്രധാനമന്ത്രി പറഞ്ഞു. 100% ഗുണഭോക്താക്കൾക്കും പ്രയോജനം ലഭിക്കുന്ന തരത്തിൽ പദ്ധതികൾ വ്യാപിപ്പിക്കാനാണ് ഗവണ്മെന്റ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യഥാർത്ഥ മതേതരത്വമുണ്ടെങ്കിൽ അത് പൂർണ്ണതയിലാണെന്നും യഥാർത്ഥ സാമൂഹിക നീതിയുണ്ടെങ്കിൽ അതാണ് 100% ആനുകൂല്യവും അർഹതപ്പെട്ട വ്യക്തിക്ക് യാതൊരു വിവേചനവുമില്ലാതെ നൽകിക്കൊണ്ടുള്ള പദ്ധതികളുടെ ഈ വ്യാപനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതാണ് യഥാർത്ഥ മതേതരത്വവും യഥാർത്ഥ സാമൂഹിക നീതിയുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന് ദിശാബോധം നൽകുന്നതിനുള്ള മാധ്യമമെന്ന നിലയിൽ ഭരണഘടനയുടെ അന്തസത്തയെക്കുറിച്ച് പരാമർശിച്ച പ്രധാനമന്ത്രി, രാജ്യത്തിന്റെ ചാലകശക്തിയായി നിലകൊള്ളുന്ന രാഷ്‌ട്രീയമാണ് കേന്ദ്രത്തിലുള്ളതെന്ന് പറഞ്ഞു. വരും ദശകങ്ങളിൽ നമ്മുടെ ജനാധിപത്യത്തിന്റെയും നമ്മുടെ രാഷ്‌ട്രീയത്തിന്റെയും ദിശ എന്തായിരിക്കണമെന്ന് നാം ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ചില പാർട്ടികളുടെ രാഷ്‌ട്രീയ സ്വാർത്ഥതയെയും ശക്തിബോധത്തെയും കുറിച്ച് അവർ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ എന്ന് ചോദിച്ച ശ്രീ മോദി ഇത് എല്ലാ പാർട്ടികൾക്കും ബാധകമാണെന്നും പറഞ്ഞു. തന്റെ മനസ്സിന്റെ ചിന്തകളാണ് ഈ സഭയ്‌ക്ക് മുന്നിൽ വയ്‌ക്കാൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തെ യുവാക്കളെ മുൻനിരയിലേക്ക് കൊണ്ടുവന്ന് ജനാധിപത്യം ശക്തിപ്പെടുത്താൻ എല്ലാ രാഷ്‌ട്രീയ പാർട്ടികളും ശ്രമിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. യുവാക്കളെ രാഷ്‌ട്രീയത്തിലേക്ക് കൊണ്ടുവരിക എന്നത് രാജ്യത്തിന്റെ ജനാധിപത്യത്തിന്റെ ആവശ്യമാണെന്നും രാഷ്‌ട്രീയ കുടുംബ പശ്ചാത്തലമില്ലാത്ത ഒരു ലക്ഷം യുവാക്കളെ രാഷ്‌ട്രീയത്തിലേക്ക് കൊണ്ടുവരണമെന്നും അദ്ദേഹം ആവർത്തിച്ചു. പുതിയ ഊർജവും പുതിയ പ്രമേയങ്ങളും, സ്വപ്നങ്ങളുമായി വരുന്ന യുവാക്കളുമാണ് രാജ്യത്തിന് ആവശ്യമെന്നും ഇന്ത്യൻ ഭരണഘടനയുടെ 75ാം വാർഷികം ആഘോഷിക്കുമ്പോൾ ആ ദിശയിലാണ് നാം മുന്നോട്ട് പോകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ന്യൂ ഡൽഹിയിലെ ചുവപ്പുകോട്ടയിൽ നിന്ന് പറഞ്ഞ ഭരണഘടനയിലെ നമ്മുടെ കടമകളെക്കുറിച്ചുള്ള തന്റെ വാക്കുകൾ അനുസ്മരിച്ചുകൊണ്ട്, ഭരണഘടന പൗരന്മാരുടെ അവകാശങ്ങൾ നിർണ്ണയിച്ചിട്ടുണ്ടെങ്കിലും അവരിൽ നിന്ന് കടമകളും പ്രതീക്ഷിക്കുന്നുവെന്ന് മനസ്സിലാക്കാത്തത് നിർഭാഗ്യകരമാണെന്ന് ശ്രീ മോദി പറഞ്ഞു. നമ്മുടെ നാഗരികതയുടെ സത്ത ധർമ്മമാണെന്നും അത്  നമ്മുടെ കടമയാണെന്നും മഹാത്മാഗാന്ധിജിയെ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു.  നമ്മുടെ കടമകൾ നമ്മൾ എങ്ങനെ നിർവഹിക്കുന്നു എന്നതിൽ നിന്നാണ് അവകാശങ്ങൾ ഉടലെടുക്കുന്നതെന്ന് വിദ്യാഭ്യാസമില്ലാത്ത എന്നാൽ അറിവുള്ള അമ്മയിൽ നിന്നാണ് താൻ പഠിച്ചതെന്ന് മഹാത്മാജി പറഞ്ഞിരുന്നതായി അദ്ദേഹം അനുസ്മരിച്ചു. മഹാത്മജിയുടെ വാക്കുകൾ മുന്നോട്ട് കൊണ്ടുപോകാൻ താൻ ആഗ്രഹിക്കുന്നുവെന്നും നമ്മുടെ മൗലിക കർത്തവ്യങ്ങൾ പാലിച്ചാൽ വികസിത ഇന്ത്യ സൃഷ്ടിക്കുന്നതിൽ നിന്ന് നമ്മെ ആർക്കും തടയാനാവില്ലെന്നും ശ്രീ മോദി പറഞ്ഞു. ഭരണഘടനയുടെ 75 ആം വർഷത്തിൽ നമ്മുടെ കർത്തവ്യത്തോടുള്ള സമർപ്പണത്തിന് കൂടുതൽ ശക്തി നൽകണമെന്നും അത് നമ്മുടെ പ്രതിബദ്ധതയാണെന്നും രാജ്യം കർത്തവ്യബോധത്തോടെ മുന്നോട്ട് പോകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ ഭാവിക്ക് വേണ്ടി ഭരണഘടനയുടെ അന്തസത്തയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് 11 പ്രമേയങ്ങൾ സഭയ്‌ക്ക് മുന്നിൽ വയ്‌ക്കാൻ ആഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. പൗരനായാലും ഗവണ്മെന്റായാലും എല്ലാവരും അവരവരുടെ കർത്തവ്യം നിർവഹിക്കണം എന്നതാണ് ആദ്യത്തെ പ്രമേയം. രണ്ടാമത്തെ പ്രമേയം, സബ്കാ സാഥ് സബ്കാ വികാസ് ഓരോ മേഖലയ്‌ക്കും ഓരോ സമൂഹത്തിനും വികസനത്തിന്റെ പ്രയോജനം ലഭിക്കണം. അഴിമതിയോട് സഹിഷ്ണുത കാണിക്കരുത്, അഴിമതിക്കാരെ സമൂഹത്തിൽ അംഗീകരിക്കരുത് എന്നതാണ് മൂന്നാമത്തെ പ്രമേയം. രാജ്യത്തെ പൗരന്മാർ രാജ്യത്തിന്റെ നിയമങ്ങളും ചട്ടങ്ങളും രാജ്യത്തിന്റെ പാരമ്പര്യങ്ങളും പാലിക്കുന്നതിൽ അഭിമാനിക്കണം എന്നതാണ് നാലാമത്തെ പ്രമേയം. അഞ്ചാമത്തെ പ്രമേയം അടിമത്തത്തിന്റെ മാനസികാവസ്ഥയിൽ നിന്ന് മുക്തി നേടണം, രാജ്യത്തിന്റെ പൈതൃകത്തിൽ അഭിമാനിക്കണം. രാജ്യത്തിന്റെ രാഷ്‌ട്രീയത്തെ സ്വജനപക്ഷപാതത്തിൽ നിന്ന് മോചിപ്പിക്കണമെന്നാണ് ആറാമത്തെ പ്രമേയം. ഏഴാം പ്രമേയം, ഭരണഘടനയെ മാനിക്കണം, രാഷ്‌ട്രീയ നേട്ടത്തിനായി ഭരണഘടനയെ ആയുധമാക്കരുത്. എട്ടാം പ്രമേയം, ഭരണഘടനയുടെ അന്തസത്ത നിലനിർത്തിക്കൊണ്ട്, സംവരണം ലഭിക്കുന്നവരിൽ നിന്ന് അത് തട്ടിയെടുക്കരുത്, മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം നൽകാനുള്ള എല്ലാ ശ്രമങ്ങളും അവസാനിപ്പിക്കണം. ഒമ്പതാം പ്രമേയം, സ്ത്രീകൾ നയിക്കുന്ന വികസനത്തിൽ ഇന്ത്യ ലോകത്തിന് മാതൃകയാകണം. പത്താം പ്രമേയം, സംസ്ഥാനത്തിന്റെ വികസനത്തിലൂടെ രാഷ്‌ട്രത്തിന്റെ വികസനം, ഇതായിരിക്കണം നമ്മുടെ വികസനമന്ത്രം. പതിനൊന്നാമത്തെ പ്രമേയം, ഏക് ഭാരത് ശ്രേഷ്ഠ ഭാരതിന്റെ ലക്ഷ്യം പരമപ്രധാനമായിരിക്കണം.

ഈ പ്രമേയവുമായി നാമെല്ലാവരും ഒരുമിച്ച് മുന്നേറുകയാണെങ്കിൽ, എല്ലാവരുടെയും പരിശ്രമത്തിലൂടെ, വികസിത ഇന്ത്യ എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ നമുക്ക് കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ പ്രമേയവുമായി രാജ്യം നീങ്ങുമ്പോൾ അത് ആഗ്രഹിച്ച ഫലം നൽകുമെന്നും140 കോടി ജനങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെടുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. 140 കോടി പൗരന്മാരോട് തനിക്ക് അതിയായ ബഹുമാനമുണ്ടെന്നും അവരുടെ ശക്തിയിൽ വിശ്വാസമുണ്ടെന്നും രാജ്യത്തിന്റെ യുവശക്തിയിലും രാജ്യത്തിന്റെ സ്ത്രീശക്തിയിലും  വിശ്വാസമുണ്ടെന്നും ശ്രീ മോദി പറഞ്ഞു. 2047-ൽ രാജ്യം സ്വാതന്ത്ര്യത്തിന്റെ നൂറാം വർഷം ആഘോഷിക്കുമ്പോൾ അത്  വികസിത ഭാരതമായി ആഘോഷിക്കപ്പെടുമെന്ന ദൃഢനിശ്ചയത്തോടെ നാം മുന്നോട്ട് പോകണമെന്ന് തന്റെ പരാമർശങ്ങൾ ഉപസംഹരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക