Kerala

സ്‌കൂള്‍ കലോത്സവ മത്സരങ്ങളില്‍ വിധി നിര്‍ണ്ണയത്തിനെതിരെ എല്ലാ തലത്തിലും അപ്പീല്‍ നല്‍കുന്നതിന് അവസരം

Published by

തിരുവനന്തപുരം: കലോത്സവ മത്സരങ്ങളിലെ വിധി നിര്‍ണയവുമായി ബന്ധപ്പെട്ട് പ്രതിഷേധ പ്രകടനങ്ങളും ഉദ്യോഗസ്ഥരെ തടഞ്ഞുവയ്‌ക്കുന്ന സ്ഥിതിയും ഒഴിവാക്കണമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അഭ്യര്‍ത്ഥിച്ചു. വിധി നിര്‍ണയത്തിനായി വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍തലം മുതല്‍തന്നെ അപ്പീല്‍ നല്‍കുന്നതിന് അവസരം നല്‍കിയിട്ടുണ്ട്. മത്സരഫലം പ്രഖ്യാപിച്ച് ഒരു മണിക്കൂറിനകം ആയിരം രൂപ ഫീസോടെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, പ്രിന്‍സിപ്പാള്‍, ഹെഡ് മാസ്റ്റര്‍ എന്നിവര്‍ക്ക് പരാതി നല്‍കാം. തീര്‍പ്പ് അനുകൂലമായാല്‍ അപ്പീല്‍ ഫീസ് തിരികെ നല്‍കും. ഉപജില്ലാതല മത്സരത്തിലെ പരാതികള്‍ തീര്‍പ്പാക്കുന്നതിന് ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ അധ്യക്ഷതയില്‍ അഞ്ച് അംഗ സമിതിയുണ്ട്. മത്സരഫലം പ്രഖ്യാപിച്ച് ഒരു മണിക്കൂറിനകം രണ്ടായിരം രൂപ ഫീസോടെ പരാതി നല്‍കാം. റവന്യൂ ജില്ലാ കലോത്സവ മത്സരങ്ങളുടെ പരാതികള്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ജോയിന്റ് ഡയറക്ടര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ അധ്യക്ഷനായ ഒന്‍പത് അംഗസമിതി പരിശോധിക്കും. അപ്പീല്‍ തീര്‍പ്പാക്കുന്നതിന് മത്സരാര്‍ത്ഥികള്‍ കോടതിയെയും സമീപിക്കുന്നുണ്ട്. നിലവില്‍ ഇത്തരം സൗകര്യങ്ങള്‍ ഉള്ളപ്പോള്‍ പരസ്യമായ പ്രതിഷേധ പ്രകടനങ്ങള്‍ ഒഴിവാക്കേണ്ടതാണ്. കലോത്സവ മാനുവല്‍ പാലിക്കപ്പെടണമെന്നും പ്രതിഷേധ പ്രകടനങ്ങളില്‍ നിന്നും വിദ്യാര്‍ഥികളെ പിന്തിരിപ്പിക്കാന്‍ അധ്യാപകരും ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by