മഹാരാഷ്ട്ര: മുംബൈയിലെ സകിനാക മേഖലയിൽ മൂന്ന് വയസുകാരി ബലാത്സംഗത്തിനിരയായി. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ പോലീസ് ഒമ്പതാം ക്ലാസിൽ പഠിക്കുന്ന പ്രായപൂർത്തിയാകാത്ത പ്രതിയെ അറസ്റ്റ് ചെയ്യുകയും ഇയാൾക്കെതിരെ പോക്സോ പ്രകാരം കേസെടുക്കുകയും ചെയ്തു. ചൊവ്വാഴ്ചയാണ് സംഭവം.
ജുവനൈൽ ജസ്റ്റിസ് ബോർഡിന് (ജെജെബി) മുന്നിൽ ഹാജരാക്കിയ കുട്ടിയ്ക്ക് ജാമ്യം അനുവദിക്കുകയും മാതാപിതാക്കൾക്കൊപ്പം അയക്കുകയും ചെയ്തു. രണ്ടു കുട്ടികളുടെയും കുടുംബങ്ങൾ അയൽവാസികളാണ്. പെൺകുട്ടിയുടെ വീടിന് സമീപത്തുവച്ചാണ് പീഡനം നടന്നത്. പെൺകുട്ടി അമ്മയോട് പറഞ്ഞതിനെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് അമ്മ പോലീസിൽ വിവരമറിയിച്ചു. ബാലാവകാശ സംഘടനയുടെ പ്രതിനിധിയുടെ സാന്നിധ്യത്തിൽ പെൺകുട്ടിയെ ചോദ്യം ചെയ്തു.
സംഭവത്തെ കുറിച്ച് കുഞ്ഞ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്കെതിരെ ഭാരതീയ ന്യായ സൻഹിത, ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കൽ നിയമത്തിലെ വകുപ്പുകൾ പ്രകാരം ലൈംഗിക പീഡനവും ആക്രമണവുമായി ബന്ധപ്പെട്ട എഫ്ഐആർ രജിസ്റ്റർ ചെയ്തു. ചോദ്യം ചെയ്യലിൽ കുട്ടി സോഷ്യൽ മീഡിയയുടെ ദുർസ്വാധീനമാണ് ഇത്തരമൊരു പ്രവൃത്തി ചെയ്യാൻ ഇടയാക്കിയത് എന്ന് സമ്മധിച്ചതായി പോലീസ് സബ് ഇൻസ്പെക്ടർ സ്നേഹൽ ജാദവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: