World

ബെയ്ജിംഗിൽ ഡോവലിന്റെ ഇടപെടൽ വിജയകരം : അതിർത്തിയിലെ സമാധാനം, ബന്ധം പുനഃസ്ഥാപിക്കൽ വിഷയങ്ങളിൽ ചൈനീസ് വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തി

ബ്രിക്‌സിനോട് അനുബന്ധിച്ച് റഷ്യയിലെ കസാനിൽ നടന്ന കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡൻ്റ് ഷി ജിൻപിങ്ങും തമ്മിൽ ഉണ്ടാക്കിയ പൊതുവായ ധാരണകളുടെ അടിസ്ഥാനത്തിൽ ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കാൻ തയ്യാറാണെന്ന് ചൈന ചൊവ്വാഴ്ച ചർച്ചകളിൽ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചിരുന്നു

Published by

ബെയ്ജിംഗ് : അതിർത്തി പ്രശ്നം പരിഹരിക്കുന്നതിനായി ഇന്ത്യ, ചൈന പ്രത്യേക പ്രതിനിധികളുടെ യോഗം സംഘടിപ്പിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും വിദേശകാര്യ മന്ത്രി വാങ് യിയും ബുധനാഴ്ച ബെയ്ജിംഗിൽ കൂടിക്കാഴ്‌ച്ച നടത്തി.

എൽഎസിയിൽ (നിയന്ത്രണ രേഖ ) സമാധാനം ഉറപ്പിക്കുന്നതിനും മരവിപ്പിച്ച ഉഭയകക്ഷി ബന്ധം പുനഃസ്ഥാപിക്കുന്നതും ഉൾപ്പെടെ നിരവധി വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു. കിഴക്കൻ ലഡാക്കിലെ സൈനിക തർക്കം നാല് വർഷത്തിലേറെയായി ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴ്‌ത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ അഞ്ച് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം നടക്കുന്ന പ്രത്യേക പ്രതിനിധികളുടെ 23-ാം റൗണ്ട് ചർച്ചയിൽ പങ്കെടുക്കാനാണ് ഇന്ത്യൻ പ്രതിനിധി സംഘത്തെ നയിക്കുന്ന ഡോവൽ ചൊവ്വാഴ്ച ഇവിടെയെത്തിയത്. 2019ൽ ദൽഹിയിൽ വച്ചായിരുന്നു അവസാന യോഗം നടന്നത്.

ചൈന സമയം ഇന്ന് രാവിലെ 10 മണിക്കാണ് ചർച്ച ആരംഭിച്ചത്. കിഴക്കൻ ലഡാക്കിൽ ഇരുരാജ്യങ്ങളും തമ്മിൽ ധാരണ പരമായി നടപ്പിലാക്കിയ സൈനിക ഉടമ്പടിയും ഒക്ടോബർ 21-ലെ കരാറിനെത്തുടർന്ന് ഉഭയകക്ഷി ബന്ധം പുനഃസ്ഥാപിക്കുന്നതിനുള്ള നിരവധി വിഷയങ്ങൾ ഇരു ഉദ്യോഗസ്ഥരും ചർച്ച ചെയ്തെന്നാണ് അറിയാൻ കഴിയുന്നത്. ബ്രിക്‌സിനോട് അനുബന്ധിച്ച് റഷ്യയിലെ കസാനിൽ നടന്ന കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡൻ്റ് ഷി ജിൻപിങ്ങും തമ്മിൽ ഉണ്ടാക്കിയ പൊതുവായ ധാരണകളുടെ അടിസ്ഥാനത്തിൽ ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കാൻ തയ്യാറാണെന്ന് ചൈന ചൊവ്വാഴ്ച ചർച്ചകളിൽ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചിരുന്നു.

അഭിപ്രായവ്യത്യാസങ്ങൾ ആത്മാർത്ഥതയോടെ പരിഹരിക്കാൻ ചൈന തയ്യാറാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിൻ ജിയാൻ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പ്രത്യേക പ്രതിനിധികളുടെ (എസ്ആർ) ചർച്ചകളെക്കുറിച്ച് ചോദിച്ചപ്പോൾ ചൈനയുടെയും ഇന്ത്യയുടെയും നേതാക്കൾ തമ്മിലുള്ള സുപ്രധാന പൊതു ധാരണകൾ നടപ്പിലാക്കുന്നതിന് പരസ്പരം പ്രധാന താൽപ്പര്യങ്ങളെയും പ്രധാന ആശങ്കകളെയും ആശയവിനിമയത്തിലൂടെയും ആത്മാർത്ഥതയോടെയും നല്ല വിശ്വാസത്തോടെയും അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുന്നതിനും ഉഭയകക്ഷി ബന്ധം സ്ഥാപിക്കുന്നതിനും ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കാൻ ചൈന തയ്യാറാണെന്നാണ് അറിയിച്ചത്.

അടുത്തിടെ ബ്രസീലിൽ നടന്ന ജി 20 ഉച്ചകോടിക്കിടെ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രിയും കൂടിക്കാഴ്ച നടത്തിയിരുന്നു.  കിഴക്കൻ ലഡാക്കിലെ നിയന്ത്രണ രേഖയിൽ (എൽഎസി) സൈനിക തർക്കം 2020 മെയ് മാസത്തിലാണ് ആരംഭിച്ചത്. തുടർന്ന് ആ വർഷം ജൂണിൽ ഗാൽവൻ താഴ്‌വരയിൽ ഇരു സൈന്യവും തമ്മിൽ മാരകമായ ഏറ്റുമുട്ടലുണ്ടായി. ഇത് രണ്ട് അയൽ രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ കടുത്ത പിരിമുറുക്കത്തിന് കാരണമായി.

വ്യാപാരം ഒഴികെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഫലത്തിൽ നിലച്ചിരുന്നു. തുടർന്ന് ഒക്‌ടോബർ 21-ന് അന്തിമമാക്കിയ ഒരു ഉടമ്പടി പ്രകാരം ഡെംചോക്കിന്റെയും ഡെപ്‌സാങ്ങിന്റെയും അവസാന രണ്ട് പോയിൻ്റുകളിൽ നിന്നും സൈന്യത്തെ പിൻവലിക്കാൻ ധാരണയായതോടെയാണ് പ്രശ്നം ഒരു പരിധി വരെ അവസാനിച്ചത്.

അതേ സമയം ബന്ധം പുനഃസ്ഥാപിക്കുന്നതിനായി ഇരു രാജ്യങ്ങളും തമ്മിലുള്ള ആദ്യ ഇടപെടലായതിനാൽ ഈ കൂടിക്കാഴ്ച ഏറെ പ്രാധാന്യമർഹിക്കുന്നുണ്ട്. 3,488 കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന ഇന്ത്യ-ചൈന അതിർത്തിയിലെ പ്രശ്‌നമായ തർക്കം സമഗ്രമായി പരിഹരിക്കുന്നതിനായി 2003-ൽ രൂപീകരിച്ച എസ്ആർ സംവിധാനം 22 തവണ യോഗം ചേർന്നിട്ടുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by