Kerala

ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിനായി വിട്ടുനൽകുന്നത് ശരിവച്ച് ഹൈക്കോടതി; പെൺമക്കളുടെ ഹർജി തള്ളി ഹൈക്കോടതി

Published by

കൊച്ചി: സിപിഎം നേതാവ് എം.എം.ലോറൻസിന്റെ മൃതദേഹം മതാചാര പ്രകാരം സംസ്കരിക്കാൻ വിട്ടുനൽകണമെന്ന പെൺമക്കളുടെ ഹർജി തള്ളി ഹൈക്കോടതി. മൃതദേഹം ഏറ്റെടുത്ത മെഡിക്കല്‍ കോളേജ് അധികൃതരുടെ നടപടി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവെയ്‌ക്കുക‍യായിരുന്നു. ലോറന്‍സിന്റെ ആഗ്രഹപ്രകാരം മൃതശരീരം വൈദ്യപഠനത്തിനായി വിട്ടു നല്‍കാനുള്ള തീരുമാനം ചോദ്യം ചെയ്താണ് പെണ്‍മക്കളായ ആശ ലോറന്‍സും സുജാത ബോബനും കോടതിയെ സമീപിച്ചത്.

നേരത്തെ സിംഗിള്‍ ബെഞ്ച് സമാനമായ വിധി പ്രസ്താവിച്ചിരുന്നു. ഇതിനെതിരെ നല്‍കിയ അപ്പീലാണ് ഡിവിഷന്‍ ബെഞ്ച് തള്ളിയത്. മക്കള്‍ തമ്മിലുള്ള പ്രശ്‌നമാണിതെന്നും അനന്തമായി വിഷയം നീട്ടിക്കൊണ്ടുപോകാനാകില്ലെന്നും ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. വിഷയത്തില്‍ മധ്യസ്ഥനെ നിയോഗിച്ച് ഹൈക്കോടതി നടത്തിയ ചര്‍ച്ചകളും വിഷയത്തിൽ സമവായമുണ്ടാക്കാനാവാതെ പരാജയപ്പെടുകയായിരുന്നു.

ഹൈക്കോടതി വിധിയിൽ പ്രതികരണവുമായി മകൾ ആശ ലോറൻസ് രംഗത്തെത്തി. നിയമ പോരാട്ടം തുടരുമെന്നും ഇതിനായി സുപ്രീംകോടതിയെ സമീപിക്കുമെന്നും ആശ ലോറൻസ് വ്യക്തമാക്കി. നീതി നടപ്പാക്കാൻ കോടതികൾ ബാധ്യസ്ഥരാണെന്നും നീതി കിട്ടും വരെ പോരാട്ടം തുടരുമെന്നും ആശ ലോറൻ‌സ് വ്യക്തമാക്കി.

മൃതദേഹം നിലവില്‍ എറണാകുളം മെഡിക്കല്‍ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. സെപ്റ്റംബർ 21 നായിരുന്നു എം എം ലോറന്‍സിന്റെ അന്ത്യം. ന്യൂമോണിയ ബാധയെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by