കേരളം പുരോഗമനത്തിന്റെ കാര്യത്തില്‍ രാജ്യത്തിന് മാതൃകയാണ് എന്നാണ് അവകാശ വാദം. എന്നാല്‍ സംസ്ഥാനത്ത് വനവാസി സമുദായങ്ങള്‍ നിരന്തരം അനുഭവിക്കുന്ന അതിക്രമങ്ങള്‍ നിഷേധിക്കാന്‍ കഴിയാത്ത സത്യവും. ശാരീരികമായും അല്ലാതെയും നടക്കുന്ന ആക്ഷേപങ്ങളും അതിക്രമങ്ങളും വാര്‍ത്തയല്ലാതായിരിക്കുന്നു. പയ്യമ്പള്ളി കൂടല്‍കടവില്‍ വനവാസി യുവാവായ മാതനെ കാറിന്റെ ഡോറില്‍ കൈ കുടുക്കി റോഡിലൂടെ വലിച്ചിഴച്ചതും വയനാട് മാനന്തവാടിയില്‍ വനവാസി വയോധികയുടെ മൃതദേഹം ഓട്ടോറിക്ഷയില്‍ ശ്മശാനത്തിലെത്തിക്കേണ്ടിവന്നതും അതിന്റെ തുടര്‍ച്ചമാത്രം. ആംബുലന്‍സ് യഥാസമയത്ത് കിട്ടാതിരുന്നതിനാലാണ് മൃതദേഹം വീട്ടില്‍നിന്ന് നാലുകിലോമീറ്റര്‍ അകലെയുള്ള ശ്മശാനത്തിലേക്ക് പായില്‍പ്പൊതിഞ്ഞ് ഓട്ടോയില്‍ക്കയറ്റി കൊണ്ടുപോകേണ്ടി വന്നത്.
തടയണയില്‍ കുളിക്കാന്‍ എത്തിയ യുവാക്കള്‍ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കാറില്‍ റോഡിലൂടെ വലിച്ചിഴയ്ക്കുകയായിരുന്നു. സംരക്ഷിത പ്രദേശങ്ങളായുള്ള വനമേഖലകളില്‍ ജീവിക്കുന്ന വനവാസികള്‍ അവരുടെ ഭൂമി, ജീവിതം, സംസ്കാരം എന്നിവയുടെ അവകാശങ്ങള്‍ക്കായി തുടര്‍ച്ചയായി പോരാടേണ്ടിവരുന്നു. അതിനൊപ്പമാണ് ഇത്തരം ദുരനുഭവങ്ങള്‍ വനവാസി സമുദായങ്ങള്‍ കേരളത്തിന്റെ സമ്പന്നമായ ചരിത്രത്തിന്റെ ഭാഗമാണ്. എന്നാല്‍, ഭൂമിയും ജീവിക്കാനുള്ള മൗലിക അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടിവരുന്നുണ്ട്. നിയമപരമായ സംരക്ഷണങ്ങള്‍ നിലനില്‍ക്കുമ്പോഴും അവര്‍ ബഹുദൂരം പിന്നിലായിരിക്കുകയാണ്. അവഗണനയും സാമൂഹിക വേര്‍തിരിവും അവരെ ജനജീവിതത്തില്‍ നിന്ന് മാറ്റിനിര്‍ത്തുന്നു. വിദ്യാഭ്യാസം, ആരോഗ്യപരിചരണം, തൊഴില്‍ തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങളില്‍ നിന്ന് പലപ്പോഴും ബഹിഷ്കൃതരാകുന്നു. ശാരീരികവും മാനസികവുമായ അതിക്രമങ്ങള്‍ നിരന്തരം നേരിടുന്നു. പോലീസ് അതിക്രമം ,സ്ത്രീകള്‍ക്കു നേരെയുള്ള ലൈംഗിക പീഡനം തുടങ്ങിയവയ്ക്ക് കണക്കില്ല.
വനവാസികള്‍ക്ക് നേരെയുള്ള വിവേചനം അവസാനിപ്പിക്കാന്‍ പൊതുജനരംഗത്ത് പ്രബോധനവും അവബോധവും ആവശ്യമാണ്. നിലവിലുള്ള നിയമങ്ങള്‍ ശക്തിപ്പെടുത്തുകയും അതിന്മേല് കര്‍ശനമായ നിരീക്ഷണം ഉറപ്പാക്കുകയും വേണം. വിദ്യാഭ്യാസ, ആരോഗ്യപരിപാലന രംഗങ്ങളില്‍ പ്രത്യേക പദ്ധതികള്‍ നടപ്പാക്കണം. വനവാസി സമൂഹത്തിന് അവകാശ സംരക്ഷണം ഉറപ്പാക്കുന്നതിന് ശക്തമായ ഇടപെടലുകള്‍ നടത്തുന്നതിനൊപ്പം അവര്‍ക്കെതിരായ അതിക്രമങ്ങളെ ശക്തമായി നേരിടുകയും വേണം.
വനവാസി സംരക്ഷണ കാര്യത്തില്‍ നീതി, സാമൂഹിക ഉത്തരവാദിത്വം എന്നിവയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാതെ കേരളത്തിന്റെ പുരോഗമനത്തെക്കുറിച്ചു നടത്തുന്ന അവകാശവാദങ്ങള്‍ പൊള്ളയെന്ന് ഉച്ചത്തില്‍ത്തന്നെ പറയേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: