മാനന്തവാടി: ആദിവാസി വയോധിക ചുണ്ടമ്മയുടെ മൃതദേഹം കൊണ്ടുപോകാന്‍ ആംബുലന്‍സ് ലഭ്യമാക്കാത്ത സംഭവത്തില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥരെ രക്ഷിക്കാന്‍ സര്‍ക്കാര്‍. പട്ടികജാതി- പട്ടികവര്‍ഗ്ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍. കേളുവിന്റെ മണ്ഡലത്തിലാണ് സംഭവം. ഇതിന്റെ ഉത്തരവാദിത്വം ആ പ്രദേശത്തെ എസ്ടി പ്രമോട്ടറുടെ തലയില്‍ ചുമത്താനാണ് ഇപ്പോള്‍ നീക്കം.
ആംബുലന്‍സ് ആവശ്യം വരുന്ന ഘട്ടങ്ങളില്‍ മേലുദ്യോഗസ്ഥരെ അറിയിക്കാന്‍ മാത്രമേ എസ്ടി പ്രമോട്ടര്‍മാര്‍ക്ക് കഴിയൂ. വാഹനം വിട്ടു നല്‍കണ്ടത് ട്രൈബല്‍ വകുപ്പാണ്.
സംഭവം നടന്ന എടവക പഞ്ചായത്ത് വീട്ടിച്ചാല്‍ കോളനി ഉള്‍പ്പെടുന്ന പ്രദേശം കൈകാര്യം ചെയ്യുന്ന പ്രമോട്ടര്‍ മഹേഷ് ഈ വിവരം വാര്‍ഡ് മെമ്പറേയും മേലുദ്യോഗസ്ഥരെയും അറിയിച്ചിരുന്നു. എന്നാല്‍ വാഹനം ലഭ്യമാക്കിയില്ല. ഗതികെട്ട് ചുണ്ടമ്മയുടെ മൃതദേഹം ബന്ധുക്കള്‍ ഓട്ടോറിക്ഷയില്‍ കയറ്റി ശ്മശാനത്തില്‍ എത്തിക്കുകയായിരുന്നു. വാര്‍ത്ത പുറം ലോകം അറിഞ്ഞതോടെ വകുപ്പ് മന്ത്രി ഒ.ആര്‍. കേളുവിന്റെ ഒത്താശയോടെ ട്രൈബല്‍ വകുപ്പ് മഹേഷിനെ സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവാദിത്വം ഒഴിയാന്‍ ശ്രമിക്കുകയാണ്.
ട്രൈബല്‍ പ്രമോട്ടര്‍ തസ്തിക താത്കാലിമാണ്, രാഷ്‌ട്രീയ നിയമനമാണ്, മൂന്ന് വര്‍ഷത്തേക്കാണ് കരാര്‍. ഇത്തരം സന്ദര്‍ഭങ്ങളില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇതില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ടിഇഒ ഓഫീസ് മാര്‍ച്ചടക്കം ഇന്നലെ നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക