ബെംഗളൂരു: ബെംഗളൂരുവിൽ വൻ ലഹരിവേട്ട. 24 കോടിയുടെ എംഡിഎംഎയുമായി നൈജീരിയൻ വനിത അറസ്റ്റിലായി. ലഹരിക്കടത്ത് സംഘത്തിലെ മുഖ്യകണ്ണിയായ റോസ്ലിൻ (40) ആണ് പിടിയിലായത്.
കെആർ പുരത്തിന് സമീപം ടിസി പാളത്ത് നിന്നാണ് യുവതിയെ പോലീസ് പിടികൂടിയത്. ബെംഗളൂരുവിന്റെ നർക്കോട്ടിക് കൺട്രോൾ വിങ് നഗരത്തിലുടനീളം നടത്തിവന്ന പ്രത്യേക പരിശോധനയുടെ ഭാഗമാണ് അറസ്റ്റ്.
നഗരത്തിൽ അടുത്തിടെ നടന്നിട്ടുള്ളതിൽ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയാണിതെന്ന് സിറ്റി പോലീസ് കമ്മീഷണർ ബി. ദയാനന്ദ പറഞ്ഞു. 12 കിലോ എംഡിഎംഎയാണ് യുവതിയിൽ നിന്ന് പോലീസ് പിടികൂടിയത്. മുംബൈയിൽ നിന്നാണ് ലഹരിവസ്തുക്കൾ ബെംഗളൂരുവിലേക്ക് എത്തിച്ചത്.
മത്സ്യലോറികൾ, സോപ്പുപെട്ടികൾ എന്നിവയിൽ ഒളിപ്പിച്ചും ഭക്ഷ്യവസ്തുക്കളുമായി കലർത്തിയുമാണ് ലഹരിമരുന്ന് കടത്തിയിരിക്കുന്നത്. മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് പിടിക്കപ്പെടാതിരിക്കാനായി നിരവധി മൊബൈൽ ഫോണുകളും 70-ഓളം സിംകാർഡുകളും യുവതി ഉപയോഗിച്ചിരുന്നതായി പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക