ഒട്ടാവ: കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയുടെ രാഷ്ട്രീയ ഭാവിക്ക് വന്‍ പ്രതിസന്ധി ഉയര്‍ത്തി ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ക്രിസ്റ്റിയ ഫ്രീലാന്‍ഡ് രാജിവച്ചു. ട്രൂഡോയ്ക്കെതിരെ വന്‍ ജനരോക്ഷം ഉയരുകയും ആഗോളതലത്തില്‍ പ്രതിച്ഛായ തകരുകരുകയും ചെയ്തിരിക്കുന്ന സാഹചര്യത്തിലാണ് വിശ്വസ്തയായ ക്രിസ്റ്റിയ ഫ്രീലാന്‍ഡിന്റെ അപ്രതീക്ഷിത രാജി.
ക്രിസ്റ്റിയയുടെ രാജി ട്രൂഡോയ്ക്ക് വന്‍ തിരിച്ചടിയായിരിക്കുകയാണ്. രൂക്ഷമായ വിലക്കയറ്റവും സാമ്പത്തിക പ്രതിസന്ധിയും യുഎസുമായും ഭാരതവുമായുള്ള നയതന്ത്ര തര്‍ക്കങ്ങള്‍ എന്നിവയുടെ പശ്ചാത്തലത്തിലാണു രാജി. നികുതി വര്‍ധനവ് വിഷയത്തില്‍ അമേരിക്കയ്ക്ക് മുന്പില് നാണം കെടുകയും കാനഡയെ പുതിയ പ്രവിശ്യയാക്കാമെന്നും അതിന്റെ ഗവര്ണറാക്കാമെന്നുമുള്ള ഡൊണാള്‍ഡ് ട്രംപിന്റെ പരിഹാസം ട്രൂഡോയെ അപഹാസ്യനാക്കി. ട്രൂഡോ ലോകത്തിനുമുന്പില് രാജ്യത്തെ നാണം കെടുത്തിയെന്ന വികാരമാണ് കാനഡയിലെ ജനങ്ങള്‍ക്കുള്ളത്. പാര്‍ട്ടി അതിന്റെ കഠിനമായ ദിനങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് ട്രൂഡോ പറഞ്ഞു. തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്.
ട്രൂഡോയുമായി കുറച്ചു നാളായി അഭിപ്രായ വ്യത്യാസമുണ്ടായിരുന്നെന്നും രാജ്യത്തിനുവേണ്ടി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും ക്രിസ്റ്റിയ രാജിക്കത്തില്‍ വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകയായിരുന്ന ക്രിസ്റ്റിയ ഫ്രീലാന്‍ഡ് 2013 ലാണ് പാര്‍ലമെന്റിലേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടത്. രണ്ടു വര്‍ഷത്തിനു ശേഷം ട്രൂഡോ മന്ത്രിസഭയിലെ അംഗമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: