ന്യൂദല്‍ഹി : ഇന്ത്യയിലെ മോദി സര്‍ക്കാര്‍ ഭരണം അട്ടിമറിക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുന്ന അമേരിക്കന്‍ ശതകോടീശ്വരന്‍ ജോര്‍ജ്ജ് സോറോസിനെ സുഹൃത്ത് എന്ന് അഭിസംബോധന ചെയ്യുന്ന ശശി തരൂരിന്റെ പഴയ ട്വീറ്റ് വിവാദമാകുന്നു. ജോര്‍ജ്ജ് സോറോസില്‍ നിന്നും ശശി തരൂരിന് സഹായം ലഭിച്ചിട്ടുണ്ടാകാം എന്ന ആരോപണവും ഇതിനൊപ്പം ഉയരുകയാണ്.
“പഴയ സുഹൃത്ത് ജോര്‍ജ്ജ് സോറോസിനെ കണ്ടു. ഇന്ത്യയെക്കുറിച്ച് വാചാലനാണ് അദ്ദേഹം. അതേ സമയം ഇന്ത്യയുടെ അയല്‍രാജ്യങ്ങളെക്കുറിച്ച് ജിജ്ഞാസയും അദ്ദേഹത്തിനുണ്ട്. ഒരു നിക്ഷേപകന് എന്നതിനപ്പുറം ലോകത്തെക്കുറിച്ച് ആശങ്കപ്പെടുന്ന വ്യക്തിയാണ് സോറോസ്. “- ഇതായിരുന്ന ശശി തരൂരിന്റെ ട്വീറ്റ്.
ജോര്‍ജ്ജ് സോറോസ് പണം നല്കുന്ന വിവിധ സംഘടനകള്‍ ഇന്ത്യയില്‍ അദാനിയ്ക്കെതിരെയും മോദിയ്ക്കെതിരെയും ഇല്ലാത്ത ആരോപണങ്ങള്‍ ഉയര്‍ത്തി ഇവരുടെ പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമിച്ചുവരികയാണ്. ഏറ്റവുമൊടുവില്‍ ഒസിസിആര്‍പി എന്ന ജേണലിസ്റ്റുകളുടെ സംഘടന അദാനിയ്ക്കെതിരെ ആരോപണങ്ങളുമായി രംഗത്ത് വന്നിരുന്നു. ഒസിസിആര്‍പിയ്ക്ക് ജോര്‍ജ്ജ് സോറോസ് ഫണ്ട് നല്‍കുന്നുണ്ട്. എന്നാല്‍ ഈ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് സെബി നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.
അതുപോലെ അദാനിയ്ക്കെതിരെ അഴിമതി ആരോപണം ഉന്നയിക്കുകയും അദാനിയ്ക്കെതിരെ ശിക്ഷ വിധിക്കുകയും ചെയ്ത അമേരിക്കയിലെ നിയമവകുപ്പിലെ ജഡ്ജി ജോര്‍ജ്ജ് സോറോസിന്റെ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷനുമായി ബന്ധമുള്ളയാളാണെന്നും തെളിഞ്ഞു. ഇതിനിടെയാണ് ജോര്‍ജ്ജ് സോറോസിനെ ഫ്രണ്ട് എന്ന് വിളിക്കുന്ന ശശി തരൂരിന്റെ പഴയ ട്വീറ്റ് പൊന്തിവന്നത്. 15 വര്‍ഷം മുന്‍പ് ശശി തരൂര്‍ നടത്തിയ ട്വീറ്റ് ആണിത്.
തനിക്ക് സാമ്പത്തിക സഹായമൊന്നും ജോര്‍ജ്ജ് സോറോസില്‍ നിന്നും ലഭിച്ചിട്ടില്ലെന്ന വിശദീകരണവുമായി ശശി തരൂര്‍ രംഗത്ത് വന്നെങ്കിലും ഇക്കാര്യം അന്വേഷിക്കണമെന്ന ആവശ്യം ഉയരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: