രണ്ടായിരം ഫെബ്രുവരി മൂന്ന് മറക്കാനാവില്ല ജീവിതത്തിൽ ഏറ്റവും സന്തോഷവും ഏറ്റവും ദുഖവും തോന്നിയ ദിനം. മലബാർ മഹോൽസവത്തിന്റെ ഭാഗമായി കോഴിക്കോട്ടെത്തിയ തബലമാന്ത്രികൻ പണ്ഡിറ്റ് സാക്കിർ ഹുസൈന്റെ പത്രസമ്മേളനമായിരുന്നു ആദ്യത്തേത്. തിരക്കൊഴിഞ്ഞ ദിനമായിരുന്നതിനാലും ഭാര്യയും ഒന്നരവയസ്സുകാരി മകളും ഡോക്ടറെ കാണാനായി നഗരത്തിലുണ്ടായിരുന്നു. ഭാര്യ സാക്കിറിന്റെ കടുത്ത ആരാധിക. സാക്കിർ കോഴിക്കോട്ടെത്തുമ്പോൾ കാണാൻ അവൾക്കും ആഗ്രഹം. പത്രസമ്മേളനത്തിന് പോയപ്പോൾ അവരെയും ഒപ്പം കൂട്ടി.
ചോദ്യോത്തര സെഷൻ കഴിഞ്ഞു. എന്നി വല്ല ചോദ്യവുമുണ്ടോ എന്ന് സാക്കിർ ചോദിച്ചു. ഹാളിൽ കനത്ത നിശബ്ദത ആ നിശ്ബ്ദത ഭഞ്ജിച്ച് പുറത്തുവന്നത് ഒന്നരവയസ്സുകാരിയുടെ എന്തോ ഒരു അവുക്ത ശബ്ദമാണ്.
കിട്ടുന്ന ഏതവസരവും ചിരിയരങ്ങാക്കി മാറ്റുന്ന സാക്കറിൽ നിന്നും ഉടൻ മറു ചോദ്യമെത്തി. ” കോഴിക്കോട്ട് ഇത്ര ചെറിയ പത്രപ്രവർത്തകരുമുണ്ടോ? എവിടെ ചോദ്യകർത്താവിനെ ഇവിടെ ഹാജരാക്കൂ”
കിട്ടിയ അവസരത്തിൽ ഞങ്ങൾ സാക്കീറിനടുത്തെത്തി. കുഞ്ഞിനെ സാക്കീർ വാരിയെടുത്തു തലയിൽ തബല കൊട്ടി. അവളും വെറുതെയിരുന്നില്ല. പട്ടു ജുബ്ബയുടെ കോളറിലും സാക്കീറിന്റെ മുടിയിലും പിടിവലിയായി. അതെല്ലാം കണ്ട് മനം നിറഞ്ഞ ഞാൻ പക്ഷെ പടമെടുക്കാൻ പോലും മറന്നു.
അന്ന് വൈകുന്നേരം തന്നെയാണ് രണ്ടാമതൊരനുഭവം. കോഴിക്കോട് ബീച്ചിൽ മലബാർ മഹോൽസവ വേദിയിൽ സാക്കീർ കച്ചേരി അവതരിപ്പിക്കുന്നു. വേദിയിൽ സക്കീറും പണ്ഡിറ്റ് സുൽത്താൻ ഖാനും ചേർന്ന് ചിത്രകാരൻ എം.എഫ് ഹുസൈനുമായി ജുഗൽബന്ദി കൊഴുക്കുകയാണ്.
കച്ചേരിയുടെ ഒന്നാം പാദത്തിൽ സ്റ്റേജിലൊരുക്കിയ കാൻവാസിൽ എം.എഫ് ഹുസൈൻ ബ്രഷ് കൊണ്ട് കുടഞ്ഞും ചിരട്ട കൊണ്ട് ചായം കോരി ഒഴിച്ചും കോഴിക്കോട്ടുകാർ ഒരിക്കലും കണ്ടിട്ടില്ലാത്ത രീതിയിൽ ക്യാൻവാസിൽ എന്തെല്ലാമോ ചെയ്തതിന് ശേഷം സദസ്സിൽ തിരികെയെത്തിയിരുന്നു. കാണികൾ സ്തബ്ധരായിരുന്നു. ഇതെന്ത് ചിത്രം? ഇതെന്ത് വര എന്നെല്ലാം കാണികൾ കരുതിക്കാണും. വരച്ച് കഴിഞ്ഞ് ഹുസൈൻ പരിപാടിയിൽ അതിഥിയായെത്തിയ ഷബാനാ ആസ്മിക്ക് സമീപം സദസ്സിൽ ഇരിപ്പുറപ്പിച്ചു.
ഞാൻഎത്രയും പെട്ടെന്ന് കുറച്ച് പടമെടുത്ത് ഓഫീസിൽ നൽകി തിരിച്ചെത്തി. സ്റ്റേജിന് മുൻഭാഗത്തുകൂടി സദസ്സിലെത്താൻ ഒരു മാർഗവുമില്ല. തുടർന്ന് ലയൺസ് പാർകിന് വശത്തുകൂടി പിന്നാമ്പുറം വഴി സ്റ്റേജിൽ കയറി. സ്റ്റേജിൽ കോഴിക്കോട് കലക്റ്ററായിരുന്ന അമിതാബ് കാന്ത് അടക്കമുള്ള സംഘാടക സമിതിക്കാർ മുഴുവനുണ്ട്. ഞാനും അവരുടെയിടയിൽ കൂടി. പെട്ടെന്ന് അമിതാബ് കാന്ത് പുറത്തേക്ക് പോയി. മിനുട്ടുകൾക്കകം തിരികെ വന്നത് ആകെ പരിഭ്രമിച്ചാണ്.
ഞങ്ങളെയെല്ലാവരെയും ഒരു ഭാഗത്തേക്ക് മാറ്റിനിർത്തി അമിതാബ് പറഞ്ഞു. സക്കീറിന്റെ പിതാവ് അല്ലാ രാക്ക നിര്യാതനായിരിക്കുന്നു. സാക്കീറിനെ എത്രയും വേഗം ബോംബെയിലെത്തിക്കണം. കച്ചേരി നിർത്തിവച്ച് പറഞ്ഞയക്കണോ അതു കഴിഞ്ഞിട്ട് മതിയോ എന്നതിലായി പിന്നെ ആശങ്ക. സമയം പോകെ പോകെ ഇതൊന്നുമറിയാതെ പണ്ഡിറ്റ് സുൽത്താൻ ഖാനും സാക്കീറും ഉച്ചസ്ഥായിയിലേക്കുകടന്നു. താളപ്പെരുക്കങ്ങൾ മുറുകിയതോടെ എങ്ങിനെ താളം പിടിക്കാമെന്നറിയാതെ ജനം വലഞ്ഞു. അവർ കൈയടിച്ച് പ്രോൽസാഹിപ്പിച്ചു.
സംഗീതലഹരി അതിന്റെ കൊടുമുടിയിലെത്തവേ ഭ്രാന്ത് പിടിച്ചവനെപ്പോലെ എം.എഫ് ഹുസൈൻ ഒരു ബക്കറ്റിൽ ചായവും മറുകൈയിൽ ഒരു ബ്രഷുമായി വീണ്ടും വേദിയിലേക്ക് ഓടിക്കയറി. കഷ്ടിച്ച് രണ്ടു മിനിറ്റു കൊണ്ട് തബല കൊട്ടുന്ന രണ്ട് കൈകളും പത്ത് മാന്ത്രിക വിരലുകളും താഴെ തബലയുടെ തോൽ ഭാഗങ്ങളും വരച്ചു. പുരുഷാരം ഇരമ്പി . നിലക്കാത്ത കരഘോഷം. കച്ചേരി കഴിയുമ്പോഴേക്കും മറ്റ് ഒരുക്കങ്ങൾ നടത്താമെന്ന് സംഘാടകർ തീരുമാനിച്ചു.
കോഴിക്കോട്ടുനിന്ന് പിറ്റേന്ന് വൈകുന്നേരമേ ബോംബെക്കു വിമാനമുള്ളു പിന്നെ ക്രമിക്കാവുന്ന ഒരിടം ബാംഗളൂരാണ്. ബാംഗളൂരിൽ നിന്നും മിനിറ്റുകൾക്കകം ടിക്കറ്റ് ശരിയാക്കി ബാംഗ്ളൂരിലേക്ക് കാറും ഒരുക്കി. പെട്ടെന്ന് തന്നെ താമസിച്ചിരുന്ന താജിലെ മുറി വെക്കേറ്റ് ചെയ്തു. അദ്ദേഹത്തിന്റെ ലഗേജ് കാറിൽ കയറ്റി. ഇന്ധനം നിറച്ച കാർ വേദിക്ക് പിറകിൽ സാക്കീറിനെയും കൊണ്ടുപോകാൻ തയാറായി നിന്നു.
കച്ചേരി കഴിഞ്ഞ് തബലകൾ കവറിൽ കെട്ടുമ്പോൾ പോലും കാണികൾ ഒഴിഞ്ഞു പോയില്ല, സദസ്സിൽ കൈയടി നിലച്ചിരുന്നില്ല.
എല്ലാവർക്കും കൂപ്പുകൈയുമായി സക്കീർ വേദിയുടെ ഒരറ്റത്തുനിന്നും മറ്റേ അറ്റത്തേക്കും തിരിച്ചു നടന്നുകൊണ്ടേയിരുന്നു. നിർത്താതെ വേദിയിൽ നടന്ന സാക്കീറിനെ അമിതാബ് ഒരു വിധം വേദിക്ക് പിന്നിലേക്ക് കൊണ്ടുവന്നു. കാണികളുടെ ആവേശത്തിൽ അത്ഭുത പരതന്ത്രനായ സാക്കീറിനോട് പിതൃവിയോഗം അറിയിക്കാൻ കഴിയാതെ സംഘാടകർ കുഴഞ്ഞു.
ഒടുവിൽ അമിതാബ് തന്നെ സാക്കീറിനെ കാറിലേക്ക് നയിച്ചു.
” ഇതാ താങ്കളുടെ കാർ. കാർ നിങ്ങളെ ബാംഗളൂരിലെത്തിക്കും. ബോംബെക്കുള്ള ടിക്കറ്റ് ബാംഗളൂരിൽ റെഡിയാണ്. താങ്കൾ എത്രയും പെട്ടെന്ന് വീട്ടിലെത്തണം. അൽപം മുൻപ് താങ്കളുടെ എല്ലാമായ താങ്കളുടെ പിതാവ് നമ്മെ വിട്ട് പിരിഞ്ഞിരിക്കുന്നു. ദൈവത്താൽ സംരക്ഷിക്കപ്പെട്ടവനെ (അല്ലാ രാക്കാ എന്ന വാക്കിന്റെ അർത്ഥം) ദൈവം തന്നോട് ചേർത്തിരിക്കുന്നു.
സാക്കീറിന്റെ ഭാവമാറ്റം ഒരു നടനും പുനരാവിഷ്കരിക്കാൻ കഴിയില്ല. ഒരു പക്ഷെ സാക്കീറിന് പോലും.
അവിടെ കൂടിയിരുന്നവരോടൊക്കെ അന്ന് കൈകൂപ്പി യാത്ര പറഞ്ഞയാൾ ഇപ്പോൾ ഈ ലോകത്തോട് തന്നെ കൈകൂപ്പി യാത്ര പറഞ്ഞിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: