ന്യൂദല്‍ഹി: ലോക്‌സഭ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചും തുടര്‍ന്ന് 100 ദിവസത്തിനകം തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളും നടത്താന്‍ നിര്‍ദേശിക്കുന്ന ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ ബില്ലുകള്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാളാണ് ബില്ല് അവതരിപ്പിച്ചത്. ബില്ല് സംയുക്ത പാര്‍ലമെന്ററി സമിതിക്ക് വിടുന്നതിൽ എതിർപ്പില്ലെന്ന് നിയമമന്ത്രിയും കേന്ദ്രമന്ത്രി അമിത് ഷായും അറിയിച്ചു.
രണ്ട് ഭാഗങ്ങളായിട്ടായിരുന്നു ബില്‍ അവതരണം. ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചാക്കുന്നതിനാണ് ആദ്യ ബില്‍. ജമ്മു കാഷ്മീര്‍, ദൽഹി അടക്കമുള്ള കേന്ദ്രഭരണപ്രദേശങ്ങള്‍ക്ക് ഇതേ തെരഞ്ഞെടുപ്പ് തന്നെ ബാധകമാക്കുന്നതാണ് രണ്ടാമത്തെ ബില്‍.
ഭരണഘടനയുടെ 129ാം ഭേദഗതി എന്ന പേരിലാണ് ബില്‍ അവതരിപ്പിച്ചത്. ഭരണഘടനയുടെ 82, 83, 172, 327 എന്നീ അനുച്ഛേദങ്ങളില്‍ ഭേദഗതി വരുത്തുന്നു എന്ന് മന്ത്രി അറിയിച്ചു.
ബില്ലിന് നേരത്തെ കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്താനുള്ള നിര്‍ദേശത്തെക്കുറിച്ചു പഠിക്കാന്‍ നിയോഗിച്ച മുന്‍ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഭരണഘടനാ ഭേദഗതികള്‍ അടക്കമുള്ള ബില്ലുകള്‍ക്ക് അംഗീകാരം നല്‍കിയത്.
കഴിഞ്ഞ മാര്‍ച്ചിലാണ് കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. രാജ്യത്തെ ഒരേ സമയം തെരഞ്ഞെടുപ്പ് നടത്തുക എന്ന ലക്ഷ്യമാണ് കമ്മിറ്റി മുന്നോട്ട് വച്ചത്. ലോക്‌സഭാ, നിയമസഭാ, തദ്ദേശ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താമെന്നായിരുന്നു നിര്‍ദേശം. ഇങ്ങനെ തെരഞ്ഞെടുപ്പ് നടത്തുന്നത് ചിലവ് കുറയ്‌ക്കാന്‍ സഹായിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിരീക്ഷണം. എന്നാല്‍ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ ഇതിനെതിരേ രംഗത്തുവന്നിരുന്നു.
ലോക്സഭ, നിയമസഭ, തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുകള്‍ എന്നിവ ഒരുമിച്ച് നടത്താന്‍ ലക്ഷ്യമിട്ടുള്ള ഒരു രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ് സംവിധാനം 2014 മുതല്‍ മോദി സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന ആശയമാണ്. ആദ്യഘട്ടത്തിൽ ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്താനും പിന്നീട് നൂറു ദിവസത്തിനുള്ളിൽ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പു നടത്താനുമാണ് കോവിന്ദ് പാനൽ നിർദേശിച്ചിരിക്കുന്നത്.
ഇന്ത്യയുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവയ്‌പ്പാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുന്നത് സമയവും വിഭവങ്ങളും ലാഭിക്കുമെന്നും ഭരണസംവിധാനത്തിന്റെ ഭാരം കുറയ്‌ക്കുമെന്നും സർക്കാർ ഉറപ്പിച്ചു പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: