മാന്ത്രികവിരലുകളുടെ താള വിസ്മയത്താല്‍ സാക്കിര്‍ ഹുസൈന്‍ രണ്ട് തവണ സൂര്യഫെസ്റ്റിവല്ലിനെ സമ്പന്നമാക്കിയിരുന്നു. രണ്ടും വര്‍ഷങ്ങള്‍ക്കു മുമ്പാണ്. അദ്ദേഹത്തിന്റെ അച്ഛനും തബലയില്‍ ഉസ്താദുമായ അള്ളാ രഖാ ഖുറേഷിക്കൊപ്പമാണ് ആദ്യം എത്തിയത്. പിന്നെയെത്തുന്നത് ഒഡീസി നര്‍ത്തകി പ്രോത്തിമ ബേദിയുടെ ചുവടുകള്‍ക്ക് താളമൊരുക്കാനും. രണ്ട് തവണയും സാക്കിറിന്റെ താളപ്പെരുക്കത്തില്‍ സൂര്യഫെസ്റ്റിവല്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. അതിനുശേഷം അദ്ദേഹവുമായി ബന്ധം തുടരാനായില്ല. വര്‍ഷങ്ങള്‍ക്കിപ്പുറം അദ്ദേഹത്തിന്റെ അച്ഛന് പിന്നാലെ സഹോദരിയും മരണപ്പെട്ടു. ആ സമയം അദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെട്ടു. ഇരുവരുടെയും മരണം അദ്ദേഹത്തെ ഏറെ തളര്‍ത്തിയിരുന്നതായിതോന്നി. മൂന്നുവര്‍ഷം മുമ്പ് സാക്കിറിനെ ഒരിക്കല്‍കൂടി അനന്തപുരിയില്‍ എത്തിക്കണമെന്ന മോഹം തോന്നി. അദ്ദേഹത്തിന്റെ ഓഫീസുമായി ബന്ധപ്പെട്ടു. സ്ഥിരം രീതിയായ താളവിതാനത്തിന് പകരം പുതിയ രീതി എന്തെങ്കിലും വേണമെന്ന് ഓഫീസ് മറുപടി നല്‍കി. അങ്ങനെ വേദിയില്‍ സാക്കിറും അദ്ദേഹത്തിന്റെ തബലകളും ശോഭനയുടെ നൃത്തവും സമന്വയിപ്പിച്ചൊരു പ്രോജക്ട് നല്‍കി. സൂര്യക്ക് ഒപ്പം ശോഭനയും ആ പ്രോഗ്രാമിന് വേണ്ടി എറെ ശ്രമിച്ചു. പക്ഷെ കൃത്യമായ മറുപടി നല്‍കിയിരുന്നില്ല. മരണ വിവരം അറിയുമ്പോഴാണ് പ്രോജക്ട് നല്‍കുന്ന സമയത്തെല്ലാം അദ്ദേഹം അസുഖബാധിതനായി ചികിത്സയിലായിരുന്നു എന്ന് അറിയുന്നത്.
സാക്കിറിനൊപ്പം ശോഭനയുടെ നൃത്തം എന്ന സൂര്യയുടെ സ്വപ്‌നം ശേഷിപ്പിച്ചാണ് അദ്ദേഹം വിടവാങ്ങുന്നത്. സംഗീതജ്ഞര്‍ക്ക് മാത്രമല്ല, സാധാരണക്കാരനെപോലും ഏറെ സ്വാധീനിച്ച അനശ്വര കലാകാരന്‍. താജ്മഹല്‍ ടിയുടെ ‘വാഹ് താജ്’ എന്ന പരസ്യത്തിലെ സാക്കിറിന്റെ വിരലുകളുടെ താളവേഗവും അതിനനുസരിച്ചുള്ള മുടിയുടെ ചലനവും സാധാരണക്കാര്‍ക്കിടയില്‍ ഏറെ പ്രശസ്തമായിരുന്നു. ചുമരിലോ മേശയിലോ താളം പിടിക്കുന്നവരോട് സാക്കിര്‍ ഹുസൈനാണോ എന്ന് ചോദിക്കുന്ന തരത്തില്‍ ജനഹൃദയങ്ങളില്‍ ഇടംപിടിച്ചിരുന്നു അദ്ദേഹം.
നമ്മുടെ സംഗീതത്തിന് ലോകത്തിനു മുന്നില്‍ പേരും പ്രശസ്തിയും കൈവരിക്കാന്‍ ആധുനിക കാലത്ത് സാക്കീര്‍ ഹുസൈനിലൂടെ കഴിഞ്ഞിട്ടുണ്ട്. വിദേശത്തെ പ്രശസ്തരായ പല സംഗീതജ്ഞര്‍ക്കൊപ്പവും അദ്ദേഹം തബലവായിച്ചു. ഓരോ തവണ അദ്ദേഹത്തിന്റെ തബലവാദനം കേള്‍ക്കുമ്പോഴും കാണുമ്പോഴും വീണ്ടും വീണ്ടും അതു കാണാനും കേള്‍ക്കുവാനുമുള്ള പ്രേരണ സംഗീതാസ്വാദകനുണ്ടാകുന്നു. അത്രയധികം സൗന്ദര്യമായിരുന്നു അദ്ദേഹത്തിന്റെ തബലവായനയ്‌ക്ക്. കൈയുടെ ചലനവും ആ ശരീരഭാഷയും നൃത്തം ചെയ്യുന്ന മുടിയിഴകളുമെല്ലാം…ലോകത്തെ മുഴുവന്‍ വിസ്മയിപ്പിച്ച കലാകാരന്‍. ലോകത്തിന്റെ നഷ്ടമാണ് ആ വേര്‍പാട്. വ്യക്തിപരമായി എന്റെ സ്വപ്‌നങ്ങളുടെ നഷ്ടവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: