മുംബൈയിലെ ഒരു നേഴ്സിങ് ഹോമില്‍ 1951 മാര്‍ച്ച് 9നാണ് സാക്കിര്‍ ഹുസൈന്റെ ജനനം. ആ സമയം പിതാവ് അള്ളാ രഖാ രോഗം മൂര്‍ച്ഛിച്ച് ചികിത്സയിലായിരുന്നു. മകനെ ആ പിതാവ് ആദ്യമായി കാണുന്നത് അവന് വീട്ടിലെത്തിയ ശേഷമായിരുന്നു.
ഇസ്ലാം മതവിശ്വാസ പ്രകാരം പിറന്നു വീണ കുട്ടിയുടെ ചെവിയില്‍ ഖുറാന് സൂക്തങ്ങള്‍ ഉരുവിടണം. ഇതിനായി കുഞ്ഞിനെ അല്ലാരാഖയുടെ കൈയില്‍ കൊടുത്തപ്പോള്‍ അദ്ദേഹം ചൊല്ലിയതാവട്ടെ തബലയുടെ താളമായ തധകിട് തധകിട്. അമ്മ ബാവി ബീഗം ഇത് ചോദ്യം ചെയ്തപ്പോള്‍ ഇതാണെന്റെ പ്രാര്‍ത്ഥനാ സൂക്തങ്ങള്‍. ഗണപതിയേയും ദേവി സരസ്വതിയേയും ആരാധിക്കാന്‍ എന്റെ ഗുരുനാഥന് എനിക്ക് പറഞ്ഞു തന്ന മന്ത്രങ്ങളാണിവ. ഇതെന്റെ മകനിലേക്കും പകര്‍ന്നു നല്‍കുന്നുവെന്നായിരുന്നു രഖായുടെ മറുപടി.
ഖുറേഷി എന്നാണ് അല്ലാരാഖായുടെ കുടുംബപ്പേര്. ബേബി ഖുറേഷിയെന്നാണ് സാക്കീര്‍ ആദ്യം അറിയപ്പെട്ടത്. പിന്നീട് വീട് സന്ദര്‍ശിച്ച സൂഫിവര്യനാണ് പേര് മാറ്റത്തിനുള്ള കാരണം. ഈ കുട്ടി അള്ളാ രഖാ യുടെ രോഗം ഭേദമാക്കും. അവന് ഫക്കീര്‍ ഹസ്രത്ത് ഇമാം ഹുസൈന്റെ പേരായ സാക്കിര്‍ ഹുസൈന് എന്ന പേരിടണമെന്നായിരുന്നു സൂഫി വര്യന്റെ നിര്‍ദേശം. ഇത് വീട്ടുകാര്‍ അനുസരിച്ചു. സാക്കീറിന്റെ വളര്‍ച്ചയ്ക്കൊപ്പം നാലുവര്‍ഷം കൊണ്ട് രഖായുടെ രോഗവും മാറി. ഇതോടെ ഭാഗ്യവാനായ കുട്ടിയായി സാക്കീര്‍ മാറി.
മൂന്നാം വയസുമുതല്‍ മേശകളിലും പാത്രങ്ങളിലും താളം പിടിച്ച് തുടങ്ങിയ സാക്കീറിനെ ഏഴ് വയസ്സായപ്പോള്‍ രഖാ ചിട്ടയായി പഠിപ്പിക്കാന്‍ തുടങ്ങി. 1970കളില്‍ തബല പഠിക്കാന്‍ അദ്ദേഹം കാലിഫോര്‍ണിയയില്‍ എത്തി. അവിടെവച്ചാണ് സാക്കീര്‍ തന്റെ ജീവിത സഖിയായ അന്റോണിയ മിനെക്കോളയെ കണ്ടെത്തുന്നത്. ആ സമയത്ത് കാലിഫോര്‍ണിയില്‍ കഥക് പഠിക്കാന്‍ എത്തിയതായിരുന്നു അവര്‍. അവരെ കണ്ട മാത്രയില്‍ തന്നെ സാക്കിറിന്റെയുള്ളില്‍ പ്രണയം മൊട്ടിട്ടു. എന്നാല്‍ പ്രണയ ബന്ധത്തിലേക്കു കടക്കാന്‍ അന്റോണിയ മടിച്ചു. പിന്നീട് ദിവസങ്ങളോളം കഥക് ക്ലാസിനു വെളിയില്‍ അവരുടെ വരവും കാത്ത് സാക്കിര്‍ കാത്തുനിന്നു. ഒടുവില്‍ അന്റോണിയ സാക്കീറിന്റെ പ്രണയത്തിന് മുന്നില്‍ അടിയറവ് പറഞ്ഞു.
എന്നാല്‍ ഇരുവരുടേയും വീട്ടുകാര്‍ ഈ ബന്ധത്തെ എതിര്‍ത്തു. അന്യമതത്തില്‍പ്പെട്ട യുവതിയെ മകന് വിവാഹം ചെയ്യുന്നതില്‍ അമ്മ എതിര്‍പ്പ് പ്രകടിപ്പിച്ചു. സംഗീതജ്ഞന്റെ ജീവിതത്തില്‍ സാമ്പത്തിക ഭദ്രത ഉണ്ടാകില്ലെന്ന് വിശ്വസിച്ച് അന്റോണിയയുടെ പിതാവും ഈ ബന്ധത്തില്‍ നിന്ന് പിന്മാറാന് നിര്‍ബന്ധിച്ചു. ഒടുവില്‍ എതിര്‍പ്പുകളെയൊക്കെ മറികടന്ന് 1978 ല്‍ സാക്കിര്‍ അന്റോണിയയെ വിവാഹം ചെയ്തു. വിവാഹ വിവരം അമ്മയെ അറിയിച്ചില്ല, അച്ഛന് പിന്തുണ നല്കി. ഭാരതത്തില്‍ തിരിച്ചെത്തിയപ്പോഴാണ് സാക്കീറിന്റെ വിവാഹക്കാര്യം അമ്മ അറിയുന്നത്. ക്രമേണ മകന്റെ താത്പര്യങ്ങളോട് പൊരുത്തപ്പെട്ട അമ്മ അന്റോണിയയെ മരുമകളായി സ്വീകരിച്ചു. അനിസ, ഇസബല്ല എന്നവരാണ് മക്കള്‍.
സംഗീത രംഗത്ത് സാക്കീര്‍ നിറഞ്ഞു നിന്നിരുന്നതിനാല്‍ യുഎസില്‍ കഴിഞ്ഞിരുന്ന അന്റോണിയ മക്കളുടെ കാര്യങ്ങള്‍ക്കായി നൃത്ത രംഗത്തു നിന്ന് വിട്ടുനിന്നു. വ്യത്യസ്ത സംസ്കാരങ്ങളിലും സാഹചര്യങ്ങളിലും വളര്‍ന്നവരായിട്ടും ആചാരങ്ങളും മൂല്യങ്ങളും നന്നായി മനസിലാക്കി ഇരുവരും മുന്നോട്ടു പോയി. ഒപ്പം മക്കളിലേക്കും മൂല്യങ്ങള്‍ പകര്‍ന്നു നല്കി.
മലയാളത്തോടു പ്രത്യേക ഇഷ്ടമായിരുന്നു സാക്കിര്‍ ഹുസൈന്. അദ്ദേഹത്തിന്റെ ആദ്യകാലത്തെ ആല്‍ബമായ ശക്തിയില്‍ വയലിന് വായിച്ചിരിക്കുന്ന എല്‍. ശങ്കറുടെ അച്ഛന് വി. ലക്ഷ്മിനാരായണ അയ്യര്‍ ആലപ്പുഴ സ്വദേശിയാണ്. മദ്രാസിലെ ഒരു റെക്കോര്‍ഡിങ്ങിനിടെ പാലക്കാട് മണി അയ്യരുമായി അദ്ദേഹം സംവദിച്ചിട്ടുണ്ട്.
മലയാളത്തില്‍ ഒറ്റ ചിത്രത്തിനു വേണ്ടിയേ സംഗീതം പകര്‍ന്നുള്ളൂ, മോഹന്‍ലാല്‍ നായകനായ ഷാജി എന്‍. കരുണ്‍ സംവിധാനം നിര്‍വഹിച്ച വാനപ്രസ്ഥത്തിന്. ലക്ഷക്കണക്കിന് മലയാളികളാണ് വേഗവിരലുകളുടെ മാന്ത്രികനെ ആരാധിച്ചിരുന്നത്. ഇന്‍ കസ്റ്റഡി, ദ് മിസ്റ്റിക് മസ്ച്യുര്‍, മിസ്റ്റര്‍ ആന്‍ഡ് മിസിസ് അയ്യര്‍, ഹിന്ദി ചിത്രമായ സാസ, ബ്രിട്ടീഷ് ചിത്രമായ ഹീറ്റ് ആന്‍ഡ് ഡസ്റ്റ്, മിസ് ബീട്ടിസ് ചില്‍ഡ്രന്‍, മാന്റോ എന്നീ സിനിമകള്‍ക്കു വേണ്ടിയും സംഗീത സംവിധാനം നിര്‍വഹിച്ചു. അപ്പോകാലിപ്സ് നൗ , ലിറ്റില്‍ ബുദ്ധ, എന്നി ചിത്രങ്ങള്‍ക്ക് വേണ്ടിയും അദ്ദേഹം തബല വായിച്ചിട്ടുണ്ട്. അറ്റ്ലാന്റ ഒളിംപിക്സിന്റെ (1996) ഉദ്ഘാടന ചടങ്ങുകള്‍ക്ക് സംഗീതം ചിട്ടപ്പെടുത്തിയതും സാക്കിര്‍ ഹുസൈനാണ്.
നല്ലൊരു അഭിനേതാവും കൂടിയായിരുന്നു. ഏതാനും സിനിമകളില്‍ പ്രധാനവേഷങ്ങളും കൈകാര്യം ചെയ്തിട്ടുണ്ട്. ബ്രിട്ടിഷ് ചിത്രമായ ഹീറ്റ് ആന്‍ഡ് ഡസ്റ്റ്, ദ് പെര്‍ഫെക്ട് മര്‍ഡര്‍, മിസ് ബീട്ടീസ് ചില്‍ഡ്രന്‍, ഹിന്ദി ചിത്രമായ സാസ്, ഡോക്യുമെന്ററികളായ സാക്കിര്‍ ആന്‍ഡ് ഹിസ് ഫ്രണ്ട്സ്, ദ് സ്പീക്കിങ് ഹാന്‍ഡ്സ് സക്കീര്‍ ഹുസൈന് ആന്‍ ആര്‍ട് ഓഫ് ഇന്‍ഡ്യന്‍ ഡ്രം, താളമാനം സൗണ്ട് ക്ലാഷ് -തബല ബീറ്റ് സയന്‍സ്, വേ ഓഫ് ബ്യൂട്ടി – റിമംബര്‍ ശക്തി, ദ് റിഥം ഡെവിള്‍സ് കണ്‍സേര്‍ട്ട് എ്ക്സ്പീരിയന്‍സ് എന്നിവയിലും അഭിനയിച്ചിട്ടുണ്ട്. തൊണ്ണൂറുകളിലെ പ്രശസ്തമായ താജ് മഹല്‍ ചായയുടെ വാഹ് താജ് എന്ന പരസ്യത്തിന് സംഗീതം നല്കി അതില്‍ അഭിനയിച്ചിരിക്കുന്നതും സാക്കീര്‍ ഹുസൈനാണ്.
പ്രിന്‍സ്റ്റണ്‍ സര്‍വകലാശാല, സാന്‍ഫോര്‍ഡ് സര്‍വകലാശാല എന്നിവിടങ്ങളില്‍ നിരവധി വര്‍ക്ഷോപ്പുകളും ക്ലാസുകളും സാക്കീര്‍ നയിച്ചിട്ടുണ്ട്. 2015 ല്‍ യുഎസ് ബെര്‍ക് ലി സര്‍വകലാശാലയിലെ റീജന്റ് ലെക്ചറര്‍ ആയിരുന്നു. സാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ വിസിറ്റിങ് പ്രൊഫസര്‍ കൂടിയായിരുന്നു ഇദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: