ന്യൂദല്‍ഹി: പാകിസ്ഥാനെതിരായ യുദ്ധവിജയം ഭാരതവും ബംഗ്ലാദേശും സംയുക്തമായി ആഘോഷിച്ചു. വിജയ് ദിവസിന്റെ 53-ാം വാര്‍ഷികം സായുധ സേനയിലെ ഉദ്യോഗസ്ഥരും ബംഗ്ലാദേശ് സൈന്യത്തിലെ സൈനികരും ചേര്‍ന്ന് ഇന്നലെ കൊല്‍ക്കത്തയിലെ സൈനിക ആസ്ഥാനമായ ഈസ്റ്റേണ്‍ കമാന്‍ഡിലെ വിജയ് സ്മാരകില്‍ പുഷ്പചക്രം അര്‍പ്പിച്ചു.
വിജയ് ദിവസ് ആഘോഷിക്കുന്നതിനായി ബംഗ്ലാദേശില്‍ നിന്നും എട്ട് വിശിഷ്ട മുക്തിജോദ്ധകളും (1971ല്‍ ഭാരത സൈന്യത്തിനൊപ്പം പാകിസ്ഥാനെ നേരിട്ട ബംഗ്ലാദേശ് മുക്തി ബാഹിനി സൈനികര്‍) ബംഗ്ലാദേശ് സൈന്യത്തിലെ രണ്ട് ഉദ്യോഗസ്ഥരും കഴിഞ്ഞ ദിവസമാണ് ഭാരതത്തിലെത്തിയത്. ഭാരതത്തെ പ്രതിനിധീകരിച്ച് എട്ട് സൈനികരും രണ്ട് സൈനിക ഉദ്യോഗസ്ഥരും ഢാക്കയിലും എത്തിയിട്ടുണ്ട്. ദല്‍ഹിയിലെ ദേശീയ യുദ്ധ സ്മാരകത്തില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പുഷ്പചക്രം അര്‍പ്പിച്ചു.
ഭാരതത്തിന് വിജയം ഉറപ്പാക്കിയ ധീരസൈനികര്‍ക്ക് സ്മരണാഞ്ജലികള്‍ അര്‍പ്പിക്കുന്നതായി രാഷ്‌ട്രപതി ദ്രൗപദി മുര്‍മു എക്‌സിലൂടെ അറിയിച്ചു. സൈനികരുടെ ത്യാഗത്തെ എന്നും രാജ്യം ഓര്‍മിക്കും. അവരുടെ പോരാട്ടങ്ങളും നിസ്വാര്‍ത്ഥ സേവനങ്ങളും രാജ്യത്തെ മുഴുവന്‍ പൗരന്മാര്‍ക്കും പ്രചോദനമാണ്. അഭിമാനത്തിന്റെ ഉറവിടമായി അവര്‍ എന്നും നമ്മുടെ ഹൃദയങ്ങളില്‍ നിറഞ്ഞുനില്‍ക്കുമെന്നും രാഷ്‌ട്രപതി പറഞ്ഞു.
ഭാരത സൈനികരുടെ നിസ്വാര്‍ത്ഥമായ അര്‍പ്പണബോധവും അചഞ്ചലമായ നിശ്ചയദാര്‍ഢ്യവുമാണ് 1971ലെ വിജയത്തിലേക്ക് നയിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സില്‍ കുറിച്ചു. അവര്‍ ഭാരതത്തിന് മഹത്വം കൊണ്ടുവന്നു. രാജ്യത്തിന്റെ ചരിത്രവിജയത്തിന് സംഭാവന നല്കിയ ധീരരായ സൈനികരുടെ ധീരതയെയും ത്യാഗത്തെയും ആദരിക്കുന്നു. ഈ ദിവസം അവരുടെ അസാധാരണമായ ധീരതയ്‌ക്കുള്ള ആദരാഞ്ജലിയാണ്. അവരുടെ അചഞ്ചലമായ ആത്മാവ് തലമുറകളെ പ്രചോദിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഭാരത സൈനികരുടെ ധീരതയുടെയും അചഞ്ചലമായ അര്‍പ്പണബോധത്തിന്റെയും അടയാളമാണ് വിജയ് ദിവസെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. 1971ലെ ഈ ദിവസം ശത്രുക്കളെ കീഴടക്കി ആത്മാഭിമാനത്തോടെ ത്രിവര്‍ണപതാക ഉയര്‍ത്തിയ സൈനികര്‍, ലോകഭൂപടത്തില്‍ ചരിത്രപരമായ മാറ്റം സൃഷ്ടിച്ചു. സൈനികരുടെ പോരാട്ടത്തില്‍ രാജ്യം എന്നും അഭിമാനിക്കുമെന്നും അമിത് ഷാ എക്‌സില്‍ കുറിച്ചു.
സായുധസേനയുടെ ത്യാഗവും നിസ്വാര്‍ത്ഥ സേവനവും രാജ്യം ഒരിക്കലും മറക്കില്ലെന്ന് രാജ്‌നാഥ് സിങ് എക്‌സില്‍ കുറിച്ചു. അചഞ്ചലമായ ധൈര്യത്തിനും ദേശസ്നേഹത്തിനും അഭിവാദ്യങ്ങള്‍. 1971ലെ പാകിസ്ഥാന്‍-ഭാരത യുദ്ധത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച ധീരസൈനികര്‍ക്ക് സ്മരണാഞ്ജലി അര്‍പ്പിക്കുന്നു. അവരുടെ ത്യാഗത്തെയും രാജ്യം എന്നും ഓര്‍ക്കുമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: