India

ശക്തികപൂറിനെ കിഡ്‌നാപ്പ് ചെയ്യാനും പദ്ധതിയിട്ടു; സിനിമാ താരങ്ങളെ തട്ടിക്കൊണ്ടുപോകുന്ന സംഘം പിടിയില്‍

Published by

ബിജ്‌നോര്‍ (ഉത്തര്‍ പ്രദേശ്): താരങ്ങളെ തട്ടിക്കൊണ്ടുപോയി പണം തട്ടുന്ന സംഘം ഉത്തര്‍പ്രദേശ് പോലീസിന്റെ പിടിയിലായി. നടന്‍ മുഷ്താഖ് മുഹമ്മദ് ഖാനെ ദല്‍ഹി വിമാനത്താവളത്തില്‍ നിന്ന് തട്ടിക്കൊണ്ടുപോയി ബന്ദിയാക്കി മോചനദ്രവ്യം ആവശ്യപ്പെട്ട കേസിലെ നാല് പേരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ നേരത്തെ ബോളിവുഡ് താരം ശക്തി കപൂറിനെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടവരാണെന്ന് പോലീസ് പറഞ്ഞു.

സാര്‍ത്ഥക് ചൗധരി, സാബിയുദ്ദീന്‍, അസിം, ശശാങ്ക് എന്നിവരാണ് പിടിയിലായത്. 1.04 ലക്ഷം രൂപയും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. പരിപാടിക്ക് ക്ഷണക്കത്ത് അയച്ച് മുന്‍കൂര്‍ പണവും വിമാന ടിക്കറ്റും അയച്ചുകൊടുത്താണ് ഇവര്‍ സിനിമാ താരങ്ങളെ തട്ടിക്കൊണ്ടുപോകുന്നത്. ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ ശക്തികപൂറിന് ഇവര്‍ അഞ്ച് ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ അദ്ദേഹം കൂടുതല്‍ തുക ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.

മുഷ്താഖ് ഖാന്റെ ഇവന്റ് മാനേജര്‍ ശിവം യാദവാണ് ഡിസംബര്‍ ഒമ്പതിന് പരാതി നല്കിയതെന്ന് ബിജ്നോര്‍ പോലീസ് സൂപ്രണ്ട് അഭിഷേക് ഝാ പറഞ്ഞു.

രാഹുല്‍ സൈനി എന്നയാള്‍ ഒക്ടോബര്‍ 15ന് മീററ്റിലെ ഒരു പരിപാടിക്ക് വേണ്ടി ഖാന് 25,000 രൂപയും വിമാന ടിക്കറ്റും മുന്‍കൂര്‍ അയച്ചിരുന്നു. നവംബര്‍ 20ന് ദല്‍ഹി വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ അദ്ദേഹത്തെ ഒരു കാറില്‍ കയറ്റി മീററ്റിലേക്ക് കൊണ്ടുപോവുകയായിരുന്നു. അവിടെനിന്ന് ഖാനെ മറ്റൊരു വാഹനത്തില്‍ കയറ്റി, തുടര്‍ന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.

മുഷ്താഖ് ഖാന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും പാസ്വേഡും ഇവര്‍ കൈക്കലാക്കി. 20ന് രാത്രി പ്രതികള്‍ അമിതമായി മദ്യപിച്ച് ഉറങ്ങിയ അവസരത്തില്‍ മുഷ്താഖ് ഖാന്‍ രക്ഷപ്പെടുകയായിരുന്നു. സമിപത്തെ ഒരു പള്ളിയിലെത്തിയ അദ്ദേഹത്തെ നാട്ടുകാരാണ് വീട്ടിലെത്താന്‍ സഹായിച്ചത്.

തട്ടിക്കൊണ്ടുപോയവര്‍ മുഷ്താഖ് ഖാന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 2.2 ലക്ഷം രൂപ പിന്‍വലിച്ചതായും അഭിഷേക് ഝാ പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക