ലണ്ടന്‍: എണ്‍പത്തിയേഴാം മിനിറ്റ് വരെ രണ്ട് ഗോളിന് പിന്നിട്ടുനിന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് അവിശ്വസനീയ വിജയം. മാഞ്ചസ്റ്റര്‍ ഡര്‍ബിയില്‍ സിറ്റിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് യുണൈറ്റഡ് കീഴടക്കി നാടകീയ വിജയം സ്വന്തമാക്കി. സിറ്റിയുടെ തട്ടകമായ എത്തിഹാദ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ 36-ാം മിനിറ്റില്‍ ജോസ്‌കോ ഗ്വാര്‍ഡിയോളിന്റെ ഗോളില്‍ സിറ്റി മുന്നിലെത്തി. ഈ ഗോളിന് അവര്‍ വിജയം ഉറപ്പിച്ചിരിക്കെയാണ് മത്സരത്തില്‍ അപ്രതീക്ഷിത വഴിത്തിരിവ് ഉണ്ടായത്. 88-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ബ്രൂണോ ഫെര്‍ണാണ്ടസ് യുണൈറ്റഡിന്റെ സമനില ഗോള്‍ നേടിയപ്പോള്‍ 90-ാം മിനിറ്റില്‍ അമാദ് ദിയാലോ വിജയഗോളും സ്വന്തമാക്കി. അവസാന 11 മത്സരങ്ങളില്‍ സിറ്റിയുടെ എട്ടാം തോല്‍വിയാണിത്.
തുല്യശക്തികളുടെ പോരാട്ടമായിരുന്നു സിറ്റിയും യുണൈറ്റഡും തമ്മില്‍ അരങ്ങേറിയത്. 36-ാം മിനിറ്റിലാണ് എത്തിഹാദ് കാത്തിരുന്ന നിമിഷമെത്തിയത്. കോര്‍ണറില്‍നിന്നുള്ള സെറ്റ് പീസിനിടെ കെവിന്‍ ഡിബ്രൂയിനിന്റെ ഷോട്ട് അമാദ് ദിയാലോയുടെ കാലില്‍ തട്ടി ബോക്‌സിനുള്ളിലേക്ക്, ഉയര്‍ന്നുവന്ന പന്ത് ഗ്വാര്‍ഡിയോള്‍ ഹെഡ്ഡറിലൂടെ യുണൈറ്റഡിന്റെ വലയിലെത്തിക്കുകയായിരുന്നു. ഈ ഒരു ഗോളിന് സിറ്റി ആദ്യപകുതിയില്‍ മുന്നിട്ടുനില്‍ക്കുകയും ചെയ്തു. ആദ്യ പകുതിയില്‍ യുണൈറ്റഡിന് ടാര്‍ഗറ്റിലേക്ക് ഒരു ഷോട്ട് പോലും തൊടുക്കാനായില്ല.
രണ്ടാം പകുതിയില്‍ യുണൈറ്റഡ് പന്ത് കൂടുതല്‍ കൈവശം വെച്ചെങ്കിലും ഗോളിലേക്കുള്ള നീക്കങ്ങളൊന്നും ഫലം കണ്ടില്ല. സിറ്റിയുടെ ഭാഗത്തുനിന്നു കാര്യമായ മുന്നേറ്റങ്ങളൊന്നും ഉണ്ടായില്ല. ഇതിനിടെ അമദ് ദിയാലോയുടെ ഒരു ഹെഡര്‍ എഡേഴ്‌സണ്‍ പുറത്തേക്ക് തട്ടിയിട്ടു. സിറ്റി ഗോള്‍മുഖത്തെ പരീക്ഷിക്കാനാകാതെ വിയര്‍ത്ത യുനൈറ്റഡിന് 74-ാം മിനിറ്റില്‍ നല്ലൊരു അവസരം ലഭിച്ചു. എന്നാല്‍ ഹോയ്‌ലഡ് നീട്ടിനല്‍കിയ പന്തിനായി ബ്രൂണോ ഓടിക്കയറുമ്പോള്‍ താരത്തിനു മുന്നില്‍ സിറ്റി ഗോള്‍ കീപ്പര്‍ എഡേഴ്‌സണ്‍ മാത്രം. പക്ഷേ, ബ്രൂണോയുടെ ഷോട്ട് പുറത്തേക്കായിരുന്നു.
സിറ്റി ഒരു ഗോളിന് വിജയമുറപ്പിച്ചുനില്‍ക്കെയാണ് യുണൈറ്റഡിന്റെ തിരിച്ചുവരവ്. ന്യൂനസിന്റെ അലക്ഷ്യമായ പാസ് തട്ടിയെടുത്ത് എഡേഴ്‌സണെയും മറികടന്ന് ദിയാലോ ബോക്‌സിനുള്ളിലേക്ക്. അപകടം മനസ്സിലാക്കിയ ന്യൂനസ് അമാദിനെ ബോക്‌സിനുള്ളില്‍ ഫൗള്‍ ചെയ്തു. റഫറിക്ക് പെനാല്‍റ്റി വിധിക്കാന്‍ ഒരു താമസ്സവുമുണ്ടായില്ല. കിക്കെടുത്ത ബ്രൂണോ പന്ത് അനായാസം വലയിലാക്കി.
സമനില ഗോളടിച്ച് രണ്ട് മിനിറ്റ് പിന്നിടും മുന്‍പേ സിറ്റിയെ ഞെട്ടിച്ച് യുണൈറ്റഡ് വിജയഗോളും നേടി. ലിസാന്‍ഡ്രോ മാര്‍ട്ടിനസ് നീട്ടിനല്‍കിയ പന്തിനൊപ്പം സിറ്റി ബോക്
സിലേക്ക് ഓടിക്കയറിയ അമദ് ദിയാലോ പന്ത് സിറ്റി വലയിലേക്ക് തിരിച്ചുവിടുകയായിരുന്നു. ഇെന്‍ജുറി ടൈമില്‍ സമനില ഗോളിനായി സിറ്റി കിണഞ്ഞുശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ജയത്തോടെ യുണൈറ്റഡ് 23 പോയിന്റുമായി ടേബിളില്‍ 13-ാം സ്ഥാനത്തേക്ക് കയറി.
മറ്റൊരു മത്സരത്തില്‍ ചെല്‍സി വിജയം സ്വന്തമാക്കി. ബ്രെന്‍ഡ്‌ഫോഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. 43-ാം മിനിറ്റില്‍ മാര്‍ക് കുകുറെല്ല, 80-ാം മിനിറ്റില്‍ നിക്കോളാസ് ജാക്‌സന്‍ എന്നിവരാണ് ചെല്‍സിക്കായി ലക്ഷ്യം കണ്ടത്. ബ്രെന്റ്‌ഫോര്‍ഡിന്റെ ആശ്വാസ ഗോള്‍ 90-ാം മിനിറ്റില്‍ ബ്രയാന്‍ എംബ്യൂമോ നേടി. അതേസമയം, ആദ്യ ഗോള്‍ നേടിയ കുകുറെല്ല രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് പരിക്ക് സമയത്ത് പുറത്തുപോയത് ചെല്‍സിക്ക് തിരിച്ചടിയായി. 16 കളികളില്‍നിന്ന് 34 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ചെല്‍സി. മറ്റൊരു മത്സരത്തില്‍ ടോട്ടനം മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് സതാംപ്ടനെയും ക്രിസ്റ്റല്‍ പാലസ് 3-1ന് ബ്രൈറ്റണെയും പരാജയപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക