India

ഫീസ് അടക്കാത്തതിന് വിദ്യാർഥികളെ ഇരുട്ടുമുറിയിൽ പൂട്ടിയിട്ടു; സ്വകാര്യ സ്കൂളിനെതിരെ പരാതിയുമായി രക്ഷിതാക്കൾ

Published by

ബെംഗളൂരു: ഫീസ് നൽകാത്തതിന്റെ പേരിൽ സ്വകാര്യ സ്കൂൾ അധികൃതർ വിദ്യാർഥികളെ ഇരുട്ടുമുറിയിൽ പൂട്ടിയിട്ടതായി പരാതി. മൈസൂരു റോഡിലെ ഓർക്കിഡ് ഇൻ്റർനാഷണൽ സ്‌കൂളിനെതിരെയാണ് രക്ഷിതാക്കൾ ആരോപണം ഉന്നയിച്ചത്. ഇത് സംബന്ധിച്ച് രക്ഷിതാക്കൾ സിറ്റി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഫീസടയ്‌ക്കാനുള്ള കാലതാമസം, പെരുമാറ്റദൂഷ്യം തുടങ്ങി വിവിധ കാരണങ്ങളാൽ ശിക്ഷയായി കുട്ടികളെ ഇരുട്ടുമുറികളിൽ പൂട്ടിയിട്ടതായാണ് പരാതി.

വിദ്യാഭ്യാസ വകുപ്പിനും ചൈൽഡ് സേഫ്റ്റി ആൻഡ് പ്രൊട്ടക്ഷൻ ഡിപ്പാർട്ട്‌മെൻ്റിനും പോലീസ് പരാതികൾ കൈമാറി. സ്‌കൂളിന്റെ ലൈസൻസ് റദ്ദാക്കണമെന്നും കരിമ്പട്ടികയിൽ പെടുത്തണമെന്നുമാണ് രക്ഷിതാക്കളുടെ ആവശ്യം. കഴിഞ്ഞ രണ്ടാഴ്‌ചയ്‌ക്കുള്ളിൽ മാത്രം, ആറ് കുട്ടികളെയാണ് സ്കൂൾ അധികൃതർ ഇത്തരത്തിൽ ശിക്ഷിച്ചിട്ടുള്ളത്. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് സ്കൂൾ മാനേജ്മെന്റിനു നോട്ടീസ് അയച്ചിട്ടുണ്ട്. ഇക്കാര്യം വിശദമായി അന്വേഷിക്കുമെന്നും ആരോപണങ്ങൾ സ്ഥിരീകരിച്ചാൽ ഉചിതമായ നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക