ദുബായ് : പാരീസിൽ നടന്ന വേൾഡ് ആർക്കിടെക്ചർ ആൻഡ് ഡിസൈൻ അവാർഡായ പ്രിക്സ് വെർസൈൽസിൽ ലോകത്തിലെ ഏറ്റവും മനോഹരമായ വിമാനത്താവളമായി സായിദ് ഇന്റർനാഷണൽ എയർപോർട്ട് തിരഞ്ഞെടുക്കപ്പെട്ടു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
പ്രിക്സ് വെർസൈൽസിൽ എയർപോർട്ട് വിഭാഗത്തിലാണ് അബുദാബി അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ വിശിഷ്ടമായ രൂപകൽപന കണക്കിലെടുത്ത് കൊണ്ട് ഈ അവാർഡ് നൽകിയത്. യുനെസ്കോയുടെ പാരീസിൽ സ്ഥിതി ചെയ്യുന്ന ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ഈ പ്രഖ്യാപനം.
സായിദ് ഇന്റർനാഷണൽ വിമാനത്താവളത്തിന്റെ ഒന്നാം വാർഷികം, യു എ ഇയുടെ അമ്പത്തിമൂന്നാമത് ഈദ് അൽ എത്തിഹാദ് ആഘോഷങ്ങൾ എന്നിവ നടക്കുന്ന വേളയിലാണ് ഈ നേട്ടം പ്രഖ്യാപിക്കപ്പെട്ടത്. വെറും ഒരു വർഷത്തിനിടയിലാണ് സായിദ് ഇൻ്റർനാഷണൽ എയർപോർട്ട് ഈ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയത് എന്നത് ഏറെ ശ്രദ്ധേയമാണ്.
യുഎഇയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകവുമായി അത്യാധുനിക സാങ്കേതികവിദ്യയെ തടസ്സങ്ങളില്ലാതെ സമന്വയിപ്പിക്കുന്ന സായിദ് അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ മികവാർന്ന രൂപകൽപ്പനയ്‌ക്ക് ഈ അംഗീകാരം അടിവരയിടുന്നു. 742000 ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്ന രൂപകൽപ്പനയുടെയും മികവിന്റെയും സമന്വയമാണ് ഈ വിമാനത്താവളം.
‘എക്സ്’ ആകൃതിയിലുള്ള രൂപകൽപ്പന ഈ വിമാനത്താവളത്തെ വ്യത്യസ്തമാക്കുന്നു. മണിക്കൂറിൽ 11,000 യാത്രക്കാരെയും ഒരേസമയം 79 വിമാനങ്ങളെയും ഉൾക്കൊള്ളാൻ ഈ വിമാനത്താവളത്തിന് ശേഷിയുണ്ട്.
2024-ന്റെ ഒന്നാം പകുതിയിൽ അബുദാബിയിലെ വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്തവരുടെ എണ്ണം 13 ദശലക്ഷം കടന്നതായി അബുദാബി എയർപോർട്ട്സ് അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക