Kerala

അവസാനിപ്പിക്കേണ്ടത് വിദ്യാർത്ഥി രാഷ്‌ട്രീയമല്ല, തടയിടേണ്ടത് രാഷ്‌ട്രീയകളികൾക്ക്; മൂന്നാഴ്ചയ്‌ക്കകം സത്യവാങ്മൂലം നൽകാൻ ഹൈക്കോടതി നിർദേശം

Published by

കൊച്ചി : വിദ്യാർഥി രാഷ്‌ട്രീയം അവസാനിപ്പിക്കേണ്ടതില്ലെന്നും വിദ്യാർത്ഥി രാഷ്‌ട്രീയവുമായി ബന്ധപ്പെട്ട രാഷ്‌ട്രീയ കളികൾക്ക് തടയിടണമെന്നും ഹൈക്കോടതി. മതവുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ പേരിൽ മതം നിരോധിക്കാറില്ലല്ലോ എന്നും ഡിവിഷൻ ബെഞ്ച് ചോദിച്ചു. കോളേജുകളിലെ വിദ്യാർത്ഥി രാഷ്‌ട്രീയം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹർജികൾ പരിഗണിക്കവെയാണ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെ പരാമർശം.

ജനാധിപത്യപരമായ രീതിയിൽ ക്യാമ്പസിനുള്ളിൽ രാഷ്‌ട്രീയ പ്രവർത്തനങ്ങൾ നടത്താം. ക്യാമ്പസിനുള്ളിലെ അക്രമണങ്ങൾ തടയാനുള്ള നടപടികൾ എടുക്കുന്നതിന് പകരം രാഷ്‌ട്രീയം തന്നെ നിരോധിക്കുക എന്ന നിലപാടിലേക്ക് പോകേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി. രാഷ്‌ട്രീയ സംഘടനകളുടെ സമരങ്ങൾ അക്കാദമിക പ്രവർത്തനങ്ങളെ തടസപ്പെടുത്തുന്നതിനെതിരെ കർശന നടപടി ആവശ്യമാണ്. കോളേജിൽ ക്രമസമാധാന പ്രശ്നമുണ്ടായാൽ ഇടപെടാൻ പോലീസ് പ്രിൻസിപ്പലിന്റെ സമ്മതത്തിനായി കാത്തിരിക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.

വിഷയത്തിൽ മൂന്നാഴ്ചയ്‌ക്കകം സത്യവാങ്മൂലം നൽകാനും സർക്കാരിനോട് ഹൈക്കോടതി നിർദ്ദേശിച്ചു. ജനുവരി 23ന് ഹൈക്കോടതി വീണ്ടും ഇതുസംബന്ധിച്ച ഹർജി പരിഗണിക്കും, അതിനു ശേഷം അന്തിമ ഉത്തരവ് ഉണ്ടാവും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by