Entertainment

വേട്ടക്കാരൻ നിശബ്ദമായി കാത്തിരിക്കുകയായിരുന്നു; കെഎസ്എഫ്ഡിസി ചെയർമാൻ ഷാജി എൻ കരുണിന് എതിരെ സംവിധായിക

Published by

ദേശീയ-അന്തർദേശീയ തലങ്ങളിൽ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള മലയാള ചലച്ചിത്ര സം‌വിധായകനും ക്യാമറാമാനുമാണ് ഷാജി എൻ കരുൺ. നിലവില്‍ കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്പമെന്റ് കോർപറേഷന്റെ ചെയര്‍മാനാണ്. ഇപ്പോഴിതാ ഷാജി എൻ കരുണിന് എതിരെ രം​ഗത്ത് എത്തിയിരിക്കുകയാണ് സംവിധായിക ഇന്ദു ലക്ഷ്മി. കഴിഞ്ഞ ദിവസം ഷാജി എൻ കരുൺ ഇന്ദുലക്ഷ്മിക്ക് ലീഗൽ നോട്ടീസ് അയച്ചിരുന്നു.

 

പിന്നാലെയാണ് ഷാജി എൻ കരുണിന് എതിരെ സംവിധായിക രം​ഗത്ത് എത്തിയത്. ലീഗൽ നോട്ടീസിന്റെ ഫോട്ടോയ്‌ക്കൊപ്പമായിരുന്നു ഇന്ദുലക്ഷ്മിയുടെ സോഷ്യൽമീ‍ഡിയ പോസ്റ്റ്. വേട്ടക്കാരൻ ഇരയെ നിശബ്ദമായി കാത്തിരിക്കുകയായിരുന്നു എന്നാണ് ഇന്ദുലക്ഷ്മി കുറിച്ചത്. വേട്ടക്കാരൻ ഇരയെ കാത്തിരിക്കുന്നു… നിശബ്ദമായി…. ക്ഷമയോടെ… എന്നിട്ട് കുതിക്കുന്നു.

 

എന്നാൽ പ്രിയ വേട്ടക്കാരാ, നിങ്ങൾ ഇതുവരെ നിശബ്ദമാക്കിയ എല്ലാ സ്ത്രീകളിൽ നിന്നും വ്യത്യസ്തയാണ് ഞാൻ. പ്രിയ വേട്ടക്കാരാ, നീ കെടുത്താൻ പരമാവധി ശ്രമിച്ച ആ പ്രതീക്ഷയുടെ ജ്വാല ഇപ്പോഴും എന്റെ ഹൃദയത്തിലുണ്ട്. സംവിധായകന്റെ അഭിഭാഷകനിൽ നിന്ന് ഇന്നലെ എനിക്ക് ഈ നോട്ടീസ് ലഭിച്ചു. ഒരു വശത്ത് ഐഎഫ്എഫ്‌കെയിൽ സ്ത്രീ ശാക്തീകരണവും വനിത സംവിധായകരും ആഘോഷിക്കപ്പെടുമ്പോഴും അവസരങ്ങൾ നിഷേധിക്കാനുള്ള പരിശ്രമങ്ങൾ തുടരുന്നു. ഒന്നര വർഷത്തെ കടുത്ത സംഘടന പീഡനത്തിനുശേഷം എന്റെ ആദ്യ സിനിമയായ നിലയുടെ നിർമ്മാണത്തിനിടെ അവർ നൽകിയ ആഘാതത്തിൽ നിന്ന് എനിക്ക് മുന്നോട്ട് പോകാൻ കഴിഞ്ഞു. എന്റെ സിനിമ പൂർത്തിയാകുന്നതിന് മുമ്പ് അതിനെ കൊല്ലാൻ അവരെ ഞാൻ അനുവദിച്ചില്ല എന്നതിൽ എനിക്ക് സന്തോഷമുണ്ട്

 

സിനിമാ നിർമ്മാണം എന്ന നിലയിൽ തുടങ്ങിയത് ഒരു യുദ്ധത്തിൽ കലാശിച്ചത് ഖേദകരമാണ്. എനിക്കായി പോരാടാൻ എന്റെ വാക്കുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഐഎഫ്എഫ്‌കെയുടെ മത്സര വിഭാഗത്തിൽ എന്റെ രണ്ടാമത്തെ ചിത്രം ഇടം നേടിയത് അവർക്കൊരു കയ്‌പേറിയ അമ്പരപ്പുണ്ടാക്കിയിരിക്കണം. ആ സെലക്ഷനിൽ നിന്നും എന്റെ സിനിമയെ മാറ്റാൻ അദ്ദേഹത്തിന് ഒന്നും ചെയ്യാനാവില്ല. എനിക്ക് ഇനിയൊരു സിനിമ ചെയ്യാൻ കഴിയില്ലെന്ന് തെളിയിക്കാനും അദ്ദേഹത്തിന് കഴിയില്ല.

 

അതിനാൽ സാധ്യമായ അടുത്ത ഏറ്റവും മികച്ച കാര്യം ഇതാണ്. നിശ്ശബ്ദവും മൃദുവായതും ലിബറൽ മുഖംമൂടികൾക്കും പിന്നിൽ അത്തരം അസഹിഷ്ണുതകൾ മറഞ്ഞിരിക്കുന്നുവെന്ന് പറയാനാണ് ഈ പോസ്റ്റ് പങ്കിട്ടതെന്നായിരുന്നു ഇന്ദുലക്ഷ്മിയുടെ കുറിപ്പ്. ഇന്ദു ലക്ഷ്മി സംവിധാനം ചെയ്ത അപ്പുറം 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ അന്താരാഷ്‌ട്ര വിഭാഗത്തിൽ മത്സരിക്കാൻ ഒരുങ്ങുകയാണ്.

 

കേരള സർക്കാരിന്റെ സ്ത്രീശാക്തീകരണ പദ്ധതിയുടെ ഭാ​ഗമായി സർക്കാർ ചിലവിൽ നിർമിച്ച സിനിമകളുടെ സംവിധായകരായിരുന്ന ഇന്ദു ലക്ഷ്മിയും മിനി ഐ ജിയും ഷാജി എൻ കരുണിനെതിരെ ഗുരുതര ആരോപണങ്ങൾ മുമ്പും ഉന്നയിച്ചിരുന്നു. ഒരു കാരണവുമില്ലാതെ ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയർമാൻ ഇടപെട്ട് പല തവണയായി തന്റെ സിനിമയുടെ റിലീസ് മാറ്റിവെച്ചെന്നാണ് മിനി പറഞ്ഞത്.

 

സർക്കാർ ചിലവിൽ നിർമിച്ച നാല് സിനിമകളിലേയും സ്ത്രീ സംവിധായകർക്ക് കെഎസ്എഫ്ഡിസി ചെയർമാനായ ഷാജി എൻ കരുണിൽ നിന്നും നേരിടേണ്ടി വന്നത് അങ്ങേയറ്റം വേദനാജനകമായ കാര്യങ്ങളാണെന്ന് തുറന്നു പറഞ്ഞ് നടി സജിത മഠത്തിലും മുന്നോട്ട് വന്നിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by