ന്യൂദല്‍ഹി: ദ്രോണാചാര്യര്‍ ഏകലവ്യന്റെ തള്ളവിരല്‍ മുറിച്ചെടുത്തെന്ന പ്രതിപക്ഷ നേതാവ് രാഹുലിന്റെ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധം. രാഹുല്‍ രാഷ്‌ട്ര വിരോധിയും ഹിന്ദു വിരുദ്ധനുമാണെന്ന് നിരവധി ആചാര്യന്മാരും നേതാക്കളും പറഞ്ഞു.
ഏകലവ്യന്റെ കഥയുടെ ആശയത്തെ തെറ്റായി പ്രതിപാദിക്കുകയാണ് രാഹുല്‍ ചെയ്തതെന്ന് ശ്രീ പഞ്ചായത്തി അഖാര ബഡാ ഉദാസിന്‍ മഹാമണ്ഡലേശ്വര്‍ രൂപേന്ദ്ര പ്രകാശ് മഹാരാജ് പറഞ്ഞു. രാഹുല്‍ കഥ വളച്ചൊടിക്കുകയാണ്. ഏകലവ്യന്‍ ദ്രോണാചാര്യര്‍ക്ക് ഗുരുദക്ഷിണയായി തള്ളവിരല്‍ ദാനം ചെയ്തത് ബഹുമാനത്തിന്റെയും ഭക്തിയുടെയും പ്രതീകമായാണ്. ഇത് ഗുരു-ശിഷ്യ ബന്ധത്തിന്റെ മഹത്വമാണ് കാണിക്കുന്നത്, അദ്ദേഹം പറഞ്ഞു.
ഹിന്ദു സമൂഹത്തെ നിരന്തരം ആക്ഷേപിക്കുകയാണ് രാഹുല്‍. ഏകലവ്യനുമായി ബന്ധപ്പെട്ട പ്രസ്താവന സനാതന ധര്‍മ്മത്തിനെതിരായ ആക്രമണമാണെന്ന് അദ്ദേഹം പറഞ്ഞു.
രാഹുല്‍ വിഡ്ഢിയും ദേശവിരുദ്ധനും ഹിന്ദു വിരോധിയുമാണെന്ന് മഹന്ത് കമല്‍ നയന്‍ ദാസ് പറഞ്ഞു. രാഹുലിനെതിരെ കര്‍ശന നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സനാതന ധര്‍മ്മത്തെയാണ് രാഹുല്‍ പാര്‍ലമെന്റില്‍ അപമാനിച്ചതെന്ന് ആചാര്യ രാജു ദാസ് അഭിപ്രായപ്പെട്ടു.
ഭാരത സംസ്‌കാരത്തിലും ചരിത്രത്തിലുമുള്ള രാഹുലിന്റെ അജ്ഞതയാണ് വെളിവായതെന്നും അദ്ദേഹം പറഞ്ഞു. ദ്രോണാചാര്യര്‍ ഏകലവ്യന്റെ തള്ളവിരല്‍ മുറിച്ചുമാറ്റിയതിന് സമാനമായി, മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രാജ്യത്തെ യുവാക്കളുടെ തള്ളവിരല്‍ മുറിക്കുകയാണ് എന്നാണ് പാര്‍ലമെന്റിലെ പ്രസംഗത്തിനിടെ രാഹുല്‍ഗാന്ധി പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക