Entertainment

നയന്‍താരയ്‌ക്ക് മോഹന്‍ലാല്‍ വക നടന ക്ലാസ്; അങ്ങിനെ താന്‍ അഭിനയിക്കാന്‍ പഠിച്ചുവെന്നും നയന്‍താര

മോഹന്‍ലാല്‍ തന്നെ അഭിനയം പഠിപ്പിച്ചതെങ്ങിനെയെന്ന് വിശദീകരിച്ച് നയന്‍താര. 2004ല്‍ ഒരു സിനിമാഷൂട്ടിംഗ് സെറ്റില്‍ മോഹന്‍ലാലും നയന്‍താരയും ഒന്നിച്ച് അഭിനയിക്കുന്ന ഫാസില്‍ സിനിമയുടെ സെറ്റില്‍വെച്ചായിരുന്നു ഈ സംഭവം.

Published by

മുംബൈ: മോഹന്‍ലാല്‍ തന്നെ അഭിനയം പഠിപ്പിച്ചതെങ്ങിനെയെന്ന് വിശദീകരിച്ച് നയന്‍താര. 2004ല്‍ ഒരു സിനിമാഷൂട്ടിംഗ് സെറ്റില്‍ മോഹന്‍ലാലും നയന്‍താരയും ഒന്നിച്ച് അഭിനയിക്കുന്ന ഫാസില്‍ സിനിമയുടെ സെറ്റില്‍വെച്ചായിരുന്നു ഈ സംഭവം.

വിസ്മയത്തുമ്പത്ത് എന്ന സിനിമയുടെ ഷൂട്ടിംഗ് സൈറ്റില്‍വെച്ചായിരുന്നു നയന്‍താരയ്‌ക്ക് മോഹന്‍ലാലിന്റെ നടന ക്ലാസ്. ഹോളിവുഡ് റിപ്പോര്‍ട്ടര്‍ എന്ന യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് നയന്‍താരയുടെ ഈ വെളിപ്പെടുത്തല്‍.

വിസ്മയത്തുമ്പത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ ഒരിയ്‌ക്കല്‍ തന്റെ അഭിനയത്തില്‍ ഫാസില്‍ വലിയ നിരാശനായിരുന്നുവെന്ന് നയന്‍താര ഓര്‍മ്മിയ്‌ക്കുന്നു. പിന്നീട് മോഹന്‍ലാലിന്റെ നടനക്ലാസ് എങ്ങിനെയാണ് ഫാസിലിനെ അത്ഭുതപ്പെടുത്തുന്ന നടിയാക്കി തന്നെ മാറ്റിയതെന്ന് നയന്‍താര വിശദമാക്കി.

‘സിനിമയുടെയും ആക്ടിങ്ങിന്റെയും ഇന്‍സ്റ്റിറ്റ്യൂട്ടായാണ് ഫാസില്‍ സാര്‍ അറിയപ്പെടുന്നത്. വിസ്മയത്തുമ്പത്തിന്റെ ഷൂട്ടിനിടയില്‍ ഒരു ദിവസം അദ്ദേഹത്തിന് എന്റെ അഭിനയത്തില്‍ വലിയ അതൃപ്തി തോന്നി. കഥാപാത്രത്തെ മനസിലാക്കുന്നില്ല എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

സാധാരണ നമ്മള്‍ സംസാരിക്കുന്നതില്‍ നിന്നും വ്യത്യസ്തമാണല്ലോ സിനിമയുടെ ഭാഷ. ഞാന്‍ ഓരോ ഡയലോഗ് പറയുമ്പോഴും ‘നയന്‍, ഉള്ളില്‍ നിന്നാണ് വികാരങ്ങള്‍ പ്രകടിപ്പിക്കേണ്ടത്, ഉള്ളില്‍ നിന്നും അഭിനയം വരണം’ എന്നിങ്ങനെ മോഹന്‍ലാല്‍ സാര്‍ പറയുമായിരുന്നു. മോഹന്‍ലാല്‍ സാര്‍ ഇതിങ്ങനെ ആവര്‍ത്തിച്ചപ്പോള്‍ എനിക്ക് ദേഷ്യം വരാന്‍ തുടങ്ങിയിരുന്നു.

ഞാന്‍ എന്താണ് ചെയ്യുന്നത് എന്ന് പോലും എനിക്ക് അറിയില്ല, എന്ത് ഡയലോഗാണ് ഈ പറയുന്നത് എന്ന് പോലും മനസിലാകുന്നില്ലെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. ഈ മാര്‍ക്കില്‍ നില്‍ക്കൂ, നിഴല്‍ വരാതെ നോക്കൂ, ഈ പത്ത് വരി ഡയലോഗ് പറയൂ, ഈ വാക്കില്‍ ആക്ടറെ നോക്കൂ, അടുത്ത വാചകത്തില്‍ കണ്ണീര്‍വാര്‍ത്ത് ദുഖമഭിനയിക്കൂ. അടുത്ത നിമിഷം പ്രണയാര്‍ദ്രയായി നോക്കൂ എന്നിങ്ങനെ ഒരുപാട് നിര്‍ദേശങ്ങളാണ് തരുന്നത്.

ഇതെല്ലാം എനിക്ക് എങ്ങനെ ഓര്‍ത്തുവെക്കാനും മനസിലാക്കാനും കഴിയുമെന്ന് ഞാന്‍ ചോദിച്ചു. ഉള്ളില്‍ നിന്ന് വരണമെങ്കില്‍ എന്റെ ഉള്ളില്‍ എന്തെങ്കില്‍ വേണമല്ലോ, ആകെ പേടി മാത്രമാണ് തോന്നുന്നത്. ഞാൻ പറഞ്ഞു. ഇതെല്ലാം കേട്ടപ്പോള്‍ മോഹന്‍ലാല്‍ സാര്‍ ചിരിച്ചുപോയി.

‘ബ്രേക്ക് എടുക്കൂ എന്ന് സാര്‍ പറഞ്ഞു. ഫാസില്‍ സാര്‍ കൂടുതല്‍ നിരാശനായി. അദ്ദേഹം അവിടെ നിന്നും മാറിയിരുന്നു. പിന്നെ രണ്ട് മണിക്കൂറിന് ശേഷം തിരിച്ചുവന്നു. നിന്നില്‍ എനിക്ക് വിശ്വാസമുണ്ട്. ഇപ്പോള്‍ ബ്രേക്ക് എടുക്കൂ. നാളെ വന്നിട്ട് ഏറ്റവും മികച്ച രീതിയില്‍ പെര്‍ഫോം ചെയ്യൂ, എന്ന് പറഞ്ഞു. പിറ്റേ ദിവസം ഷൂട്ടിന് ശേഷം അദ്ദേഹം എന്നെ കെട്ടിപ്പിടിച്ചായിരുന്നു അഭിനന്ദിച്ചത്,’ നയന്‍താര തന്റെ അനുഭവം പങ്കുവെച്ചുകൊണ്ട് പറഞ്ഞു.

2004ല്‍ പുറത്തിറങ്ങിയ ചിത്രമാണ് വിസ്മയത്തുമ്പത്ത്. റീത്ത മാത്യൂസ് എന്ന കേന്ദ്ര കഥാപാത്രമായിട്ടായിരുന്നു നയന്‍താര എത്തിയത്. സൈക്കോളജിക്കല്‍ ത്രില്ലര്‍, സൂപ്പര്‍ നാച്ചുറല്‍ ഴോണറുകളില്‍ വന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയതും നിര്‍മിച്ചതും ഫാസില്‍ തന്നെയായിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക