ചെറുതുരുത്തി: മറ്റുള്ളവര്‍ക്ക് മാതൃകയായ വ്യക്തിത്വത്തിനുടമയാണ് രാഘവന് മാസ്റ്ററെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം കുമ്മനം രാജശേഖരന്.
സ്വന്തം ജീവിതത്തില്‍ എത്രയോക്കെ തിരക്കുണ്ടെങ്കിലും അതെല്ലാം മാറ്റിവച്ച് സംഘടനയെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ സദാ സേവനരംഗത്ത് പ്രവര്‍ത്തിച്ച പാരമ്പര്യമാണ് അദ്ദേഹത്തിനുള്ളത്. കഠിനാധ്വാനത്തിലൂടെയും, നിരന്തര പരിശ്രമത്തിലൂടെയും സംഘടനയെ കെട്ടിപ്പടുക്കാനും, പൊതു പ്രവര്‍ത്തനരംഗത്ത് മികച്ച നേട്ടങ്ങള്‍ കൈവരിക്കാനും അദ്ദേഹത്തിനു കഴിഞ്ഞത് അതുകൊണ്ടാണെന്നും, ആശയാദര്‍ശങ്ങളില്‍ അടിയുറച്ച് നിന്ന് എല്ലാവരെയും ഒരുപോലെ കാണാനും, സ്നേഹിക്കാനും അദ്ദേഹത്തിന് കഴിഞ്ഞതായും കുമ്മനം കൂട്ടിച്ചേര്‍ത്തു.
ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ ചെറുതുരുത്തിയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. 1962 മുതല്‍ ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി. തൃശ്ശൂര്‍ ജില്ലാ കാര്യവാഹക്, ബിജെപി സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാരതീയ വിദ്യാനികേതന്‍ ജില്ലാ പ്രസിഡന്റ്, പേരാമംഗലം ശ്രീദുര്‍ഗാവിലാസം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സെക്രട്ടറി, പാലക്കാട് കല്ലേക്കാട് വ്യാസ വിദ്യാപീഠം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രസിഡന്റ്, ശ്രീകോഴിമാംപറമ്പ് ഭഗവതി ക്ഷേത്രം കലാസാംസ്കാരിക സമിതി പ്രസിഡന്റ് എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ചെറുതുരുത്തി നീളാഞ്ജലി ഓഡിറ്റോറിയം ഉടമ കൂടിയായ ഇദ്ദേഹം, ക്ഷേത്രങ്ങള്‍, കലാ സാംസ്കാരിക, സാമൂഹിക, സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വപരമായ പങ്കും വഹിച്ചിട്ടുണ്ട്.
അകമല ശ്രീധര്‍മശാസ്താ ക്ഷേത്രം പ്രസിഡന്റാണ്. ചേലക്കര കുറുമല എല്‍പി സ്കൂളിലെ അദ്ധ്യാപകനായി ജോലിയില്‍ പ്രവേശിച്ച രാഘവന് മാസ്റ്റര്‍ 30 വര്‍ഷം ചെറുതുരുത്തി പള്ളിക്കല്‍ യുപി സ്കൂളില്‍ അദ്ധ്യാപകനായും പിന്നീട് പ്രധാനാദ്ധ്യാപകനായും സേവനമനുഷ്ഠിച്ച ശേഷമാണ് വിരമിച്ചത്. സംസ്കാരം ഇന്ന് രാവിലെ 11ന് സ്വവസതിയില്‍. ഭാര്യ: തങ്കമണി. സഹോദരങ്ങള്‍: ഉദയന്‍, ലളിത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: