Main Article

ക്ഷേമരാജ്യ സംസ്ഥാപക: ലോകമാതാ അഹല്യാ ബായ് ഹോള്‍ക്കറുടെ ത്രിശതാബ്ദി അഘോഷങ്ങള്‍ക്ക് ഇന്ന് എറണാകുളത്ത് തുടക്കം

Published by

കെ.വി. രാജശേഖരന്‍

ജോഅന്നാ ബെയ്‌ലി എന്ന സ്‌കോട്ടിഷ് കവയത്രി 1849 ല്‍ എഴുതിയ ഇംഗ്ലീഷ് കവിതയില്‍ റാണി അഹല്യ ബായ് ഹോള്‍ക്കറുടെ ഭരണകാലത്തെ ശാന്തമായ ചരിത്രഘട്ടമായിട്ടാണ് എടുത്തുകാട്ടുന്നത്. ദേവിയുടെ സാന്നിധ്യത്താല്‍ അനുഗ്രഹിക്കപ്പെട്ട രാജ്യത്തിന്റെ അതിര്‍ത്തി വര്‍ദ്ധിച്ചതായും ശക്തരും സൗമ്യരും വൃദ്ധരും യുവാക്കളും എല്ലാം അവരുടെ മേല്‍ അനുഗ്രഹം ചൊരിഞ്ഞതായും കവി സാക്ഷ്യപ്പെടുത്തുന്നു. കുഞ്ഞുങ്ങള്‍ക്ക് താളത്തില്‍ പാടിനടക്കാന്‍, അഹല്യാദേവിയെ പുകഴ്‌ത്തിക്കൊണ്ട് അമ്മമാര്‍ പഠിപ്പിച്ച അര്‍ത്ഥപൂര്‍ണമായ വരികളെ കവി ഓര്‍മപ്പെടുത്തുന്നു: ”ബ്രഹ്മലോകത്തു നിന്ന് നമ്മുടെ നാടുവാഴാന്‍ ഒരു കാലത്ത്, കുലീനയായ ഒരു മഹതി ഇറങ്ങി വന്നു; കരുണാമയമായിരുന്നു അവളുടെ ഹൃദയം; ദീപ്തമായിരുന്നു അവളുടെ രൂപം; അഹല്യയെന്നായിരുന്നു അവളുടെ പുണ്യനാമം”.

ജോണ്‍ കേയ് എന്ന ബ്രിട്ടീഷ് ചരിത്രകാരന്‍, അഹല്യയ്‌ക്ക് ‘ദാര്‍ശനികയായ റാണിയെന്ന’ എന്ന പദവിയാണ് നല്‍കിയത്.

ആനി ബസന്റ്, റാണിയുടെ ഭരണകാലത്തെക്കുറിച്ച് ഇങ്ങനെ രേഖപ്പെടുത്തി: ”രാജ്യത്തുടനീളം പൊതുനിരത്തുകളില്‍ തണല്‍ വൃക്ഷങ്ങള്‍ നട്ടുവളര്‍ത്തി; കിണറുകള്‍ കുഴിച്ചു; യാത്രക്കാര്‍ക്കുവേണ്ടി വഴിയമ്പലങ്ങള്‍ പണിതു. പാവപ്പെട്ടവരെയും വീടില്ലാത്തവരെയും അനാഥരെയും അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് സഹായിച്ചു. വഴിയാത്രക്കാരെ പിടിച്ചുപറിച്ചിരുന്ന ഭില്ലാ വിഭാഗക്കാര്‍ക്ക് അവര്‍ കഴിഞ്ഞിരുന്ന മലയിടുക്കുകളിലെ ഒളിയിടങ്ങളില്‍ നിന്ന് പുറത്തു വന്ന് സത്യസന്ധരായ കൃഷിക്കാരായി ജീവിതം മാറ്റിയെടുക്കുവാന്‍ പ്രചോദനം നല്‍കി. ഹിന്ദുക്കളും മുസ്ലീങ്ങളും ഒരുപോലെ അവരുടെ പ്രശസ്തയായ റാണിയെ ബഹുമാനിച്ചു; അവരുടെ ദീര്‍ഘായുസ്സിനു വേണ്ടി പ്രാര്‍ത്ഥിച്ചു”.

എന്നിട്ടും സ്വാതന്ത്ര്യാനന്തര ഭാരത ചരിത്രകാരന്മാര്‍ റാണി അഹല്യയെ തമസ്‌കരിച്ചത് എന്തുകൊണ്ട്?

മൂന്നു നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഭാരതം ലോകത്തിന് മുന്നില്‍ ഉയര്‍ത്തിക്കാട്ടിയ വനിതാ ശാക്തീകരണത്തിന്റെ ഭരണ മാതൃകയായിരുന്നു, റാണി അഹല്യ ബായ് ഹോള്‍ക്കര്‍. ലോകചരിത്രത്തിലെ വനിതാ ഭരണാധികാരികളുടെ ഇടയില്‍ സ്വാഭാവികമായും ഇടം ലഭിക്കേണ്ടിയിരുന്ന വ്യക്തിത്വം! എന്നാല്‍ സ്വതന്ത്രഭാരതത്തില്‍ രാഷ്‌ട്രമീമാംസയും ചരിത്രവും പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ പാഠ പുസ്തകങ്ങളില്‍ റാണി അഹല്യ ബായ് ഹോള്‍ക്കറും അവരുടെ ഭരണക്രമവും വിപ്ലവകരമായ ധാര്‍മ്മിക-സാമൂഹിക ഇടപെടലുകളുമൊന്നും ഇതുവരെ ഇടം പിടിക്കാഞ്ഞതെന്തുകൊണ്ട്?

നൂറ്റാണ്ടുകള്‍ നീണ്ടു നിന്ന ഇസ്ലാമിക അധിനിവേശ ശക്തികളുടെ കടന്നാക്രമങ്ങള്‍ക്ക് അറുതിവരുത്തിക്കൊണ്ട് ഹിന്ദു ധര്‍മ്മത്തിന്റെയും രാഷ്‌ട്ര സങ്കല്‍പങ്ങളുടെയും അടിസ്ഥാനത്തിലുള്ള ഹിന്ദുസാമ്രാജ്യത്തിന്റെ പുനര്‍ജനിക്ക് ആധാരശിലയൊരുക്കിയ ഛത്രപതി ശിവാജി (1630-1680) സ്ഥാപിച്ച മറാത്താ ശക്തിയുടെ ദീപശിഖ അണയാതെ സൂക്ഷിച്ചവരില്‍ പ്രധാനിയായിരുന്നു അഹല്യ എന്നതാണ് ഒരു കാരണം.

ബ്രിട്ടീഷ് അധിനിവേശ ശക്തികളില്‍ നിന്ന് മോചനം നേടിയ ഭാരതത്തെ, തുടക്കം മുതല്‍ തന്നെ തങ്ങളുടെ കമ്യൂണിസ്റ്റ് ലേബലിലുള്ള ഫാസിസ്റ്റ് ഏകാധിപത്യ ഭരണകൂടങ്ങളുടെ സാമ്രാജ്യത്വ വികസന മോഹങ്ങള്‍ക്കിരയാക്കുവാന്‍ ശ്രമം നടത്തുകയായിരുന്നു അക്കാലത്തെ സോവിയറ്റ് യൂണിയനും പിന്നീട് ചൈനയും. അവരുടെ കടന്നാക്രമണങ്ങളുടെ വഴി മുടക്കുവാനുള്ള കരുത്ത് ഈ രാജ്യത്തെ ഹിന്ദുധര്‍മ്മാധിഷ്ഠിത ദേശീയ ശക്തികള്‍ക്ക് ലഭ്യമാകരുതെന്ന കമ്യൂണിസ്റ്റ് പക്ഷത്തിന്റെ ഗൂഢോദ്ദേശമാണ് മറ്റൊരു കാരണം.

ഭാരതത്തെ ഇസ്ലാമിക അധിനിവേശ ശക്തികളില്‍ നിന്ന് മോചിപ്പിക്കുന്നതില്‍ വിജയരഥം നയിച്ചത് ഛത്രപതി ശിവാജിയുടെ മറാത്താ ഹൈന്ദവശക്തിയായിരുന്നു. ഏഴാമത് മറാത്താ പേഷ്വാ ബാജിറാവു മറാത്താ സാമ്രാജ്യത്തിലെ മല്‍വാ മേഖലയില്‍ ഇന്‍ഡോര്‍ രാജ്യത്തിന്റെ ഭരണമേല്‍പിച്ച കരുത്തനായ സുബേദാറായിരുന്നു മല്‍ഹര്‍ റാവു. ആ മല്‍ഹര്‍ റാവു ഹോള്‍ക്കറുടെ കൊട്ടാരത്തിലേക്ക് പുത്രവധുവായി കടന്നുവന്നതോടെയാണ്, ശിവാജി മഹാരാജ് പുനഃസൃഷ്ടിച്ച ഹിന്ദുസാമ്രാജ്യത്തിലെ തിളക്കമാര്‍ന്ന ഭരണാധികാരിയായി അഹല്യാ ബായ് മാറുന്നത്.

തന്റെ 29-ാം വയസ്സില്‍, (1754) ഭര്‍ത്താവ്, ഖണ്ഡ റാവു ഹോള്‍ക്കര്‍ കുംഭേര്‍ യുദ്ധത്തില്‍ മരിച്ചു വീണതോടെയാണ് കാലം ദേവിയുടെ മുമ്പില്‍ പുതിയ വെല്ലുവിളികളുയര്‍ത്തിയതും അവര്‍ അതിനെ അവസരങ്ങളാക്കി മാറ്റിയതും. ഭര്‍തൃപിതാവ് മല്‍ഹര്‍ റാവു ഹോള്‍ക്കറും ഭര്‍തൃ മാതാവ് ഗൗതമ ബായിയുമാണ് നിര്‍ബന്ധപൂര്‍വ്വം അവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. 1766ല്‍ ഭര്‍തൃപിതാവ് സുബേദാര്‍ മല്‍ഹര്‍ റാവു ഹോള്‍ക്കറും 1768 ല്‍ മകന്‍ മാലേറാവ് ഹോള്‍ക്കറും മരണമടഞ്ഞതോടെയാണ് വെല്ലുവിളികളെ വെല്ലുവിളിച്ചുകൊണ്ട് 1767 ഡിസംബര്‍ 11 ന് ഇന്‍ഡോറിന്റെ സുബേദാറായി റാണി അഹല്യാ ബായ് ഭരണസാരഥ്യം ഏറ്റെടുത്തത്.

ഹോള്‍ക്കര്‍ രാജകുടുംബത്തിലെ പുത്രവധുവായി എത്തിയതുമുതല്‍ ഭര്‍തൃപിതാവ് മല്‍ഹര്‍ റാവുവിന്റെ കീഴില്‍, കൊട്ടാരം കാര്യാലയ ഭരണം, പ്രതിരോധം, സാമ്പത്തികകാര്യ നിര്‍വ്വഹണം, നീതിന്യായവ്യവസ്ഥ തുടങ്ങിയവ ഉള്‍പ്പടെ പതിനെട്ടോളം വരുന്ന വിഭാഗങ്ങള്‍ കൈകാര്യം ചെയ്തിരുന്നു. ഇങ്ങനെ ലഭിച്ച പരിശീലനം കൊണ്ട് അഹല്യ ഹോള്‍ക്കറുടെ ഭരണം മാതൃകാപരമായ നിലവാരത്തിലേക്ക് ഉയരുന്നതിനാണ് കാലം സാക്ഷിയായത്.

ക്രാന്തദര്‍ശിയായ ഭരണാധികാരി

ഭരണാധികാരിയായി സുബേദാര്‍ പദവിയിലെത്തിയ റാണി അഹല്യ ബായ് ഹോള്‍ക്കര്‍ ഭാരതീയ ഭരണാധികാരികളില്‍ നിന്ന് വ്യത്യസ്തയായിരുന്നു. രാഷ്‌ട്രീയ സാഹചര്യങ്ങളെ കുറിച്ച് പൊതുവെയും നിലനില്‍ക്കുന്നതും സംഭവിക്കാനിടയുള്ളതുമായ അധിനിവേശ സാദ്ധ്യതകളെ കുറിച്ച് കൃത്യമായ ധാരണകള്‍ അവര്‍ വച്ചുപുലര്‍ത്തി. ബ്രിട്ടീഷ് കൊളോണിയല്‍ ശക്തികളുടെ കടന്നാക്രമണ പദ്ധതികളെ കുറിച്ച് മറാത്താ പേഷ്വയേക്കാള്‍ ബോധവതിയായിരുന്നു റാണി. 1772ല്‍ റാണി, പേഷ്വയ്‌ക്ക് അയച്ച കത്തിലൂടെ നല്‍കിയ സന്ദേശം അതിന്റെ സാക്ഷ്യപത്രമാണ്. ”കടുവയെ പോലുള്ള മറ്റു വന്യമൃഗങ്ങളെ ശക്തികൊണ്ടോ തന്ത്രങ്ങള്‍ കൊണ്ടോ കൊന്നൊടുക്കാം. പക്ഷേ കരടിയെ കൊല്ലുക വളരെ ബുദ്ധിമുട്ടാണ്. അതിനെ മുഖത്തോട് നേരിട്ടുള്ള പോരാട്ടത്തിലേ കൊല്ലുവാനാകൂ. അതല്ലാ, അതിന്റെ ശക്തമായ പിടിയില്‍ പെട്ടുപോയെങ്കില്‍ കരടി അതിന്റെ ഇരയെ ഞെരിച്ചു കൊല്ലും. അതാണ് ഇംഗ്ലീഷുകാരുടെ വഴി. അങ്ങനെയിരിക്കെ അവരുടെ മുകളില്‍ വിജയം വരിക്കുന്നത് കഠിനമായിരിക്കും”. അത്തരത്തിലുള്ള ഇംഗ്ലീഷ് കടന്നാക്രമങ്ങളെ പ്രതിരോധിക്കാനുള്ള സൈനികശക്തിയും പ്രഹരശേഷിയും സമാഹരിക്കാനാണ് പേഷ്വയോട് റാണി ആവശ്യപ്പെട്ടത്. അഹല്യയുടെ ഈ മുന്നറിയിപ്പ് പേഷ്വാ ഉള്‍പ്പടെയുള്ളവര്‍ അവഗണിച്ചതും പരസ്പര കണക്കു തീര്‍ക്കലുകള്‍ക്ക് മുന്‍ഗണന നല്‍കിയതുമാണ് ഭാരതത്തിലെ കൊളോണിയല്‍ അധിനിവേശത്തിന് വഴി എളുപ്പമാക്കിയത്.

അഹല്യയിലൂടെ ഉരുത്തിരിഞ്ഞ ഹൈന്ദവ ഭരണക്രമം

അഹല്യ തന്റെ അധികാര മേഖലയില്‍ ശിവാജി മഹാരാജിന്റെ പാത കൃത്യമായി പിന്തുടര്‍ന്നു. പൗരാണിക ഹൈന്ദവ പാരമ്പര്യങ്ങളെയും മൂല്യങ്ങളെയും പുനരുജ്ജീവിപ്പിച്ചു; കാര്യക്ഷമവും പുരോഗമനപരവും ഘടനാപരവുമായി സുശക്തമായ ഭരണക്രമത്തിന്റെ രൂപപ്പെടുത്തലിലൂടെ നീതിന്യായ വ്യവസ്ഥയില്‍ സകാരാത്മക തിരുത്തലുകള്‍ക്ക് വഴിയൊരുക്കി. സ്ത്രീകള്‍ക്ക് സമൂഹത്തില്‍ മാന്യതയും ആദരവും പരിഗണനയും നല്‍കുന്ന സാഹചര്യം ഉറപ്പാക്കി. മതത്തിനും ജാതിക്കുമൊക്കെ അതീതമായി തന്റെ സൈന്യത്തിലും ഭരണകൂടത്തിലുമൊക്കെ കഴിവിന്റെയും കാര്യക്ഷമതയുടെയും അടിസ്ഥാനത്തില്‍ ആളുകളെ നിയോഗിച്ചു. പ്രതിരോധവും വ്യവസായവും ഉള്‍പ്പടെ സമഗ്രവികസനത്തിന്റെ വഴികള്‍ തുറന്നു. ഹിന്ദു ധര്‍മ്മവും സംസ്‌കൃതിയും സംരക്ഷിക്കുന്ന കാര്യത്തില്‍ അവരുടെ ശ്രദ്ധ തന്റെ രാജ്യാതിര്‍ത്തിക്കപ്പുറം ഭാരതവര്‍ഷമാകെ പടര്‍ന്നു പന്തലിച്ചു.

ഇസ്ലാമിക അധിനിവേശ ശക്തികള്‍ തച്ചുതകര്‍ത്ത കാശിവിശ്വനാഥക്ഷേത്രവും സോമനാഥ ക്ഷേത്രവുമൊക്കെ റാണി പുനര്‍ നിര്‍മ്മിച്ചത് ആവേശകരമായ ചരിത്രസംഭവങ്ങളാണ്. ഭാരതീയ സംസ്‌കൃതികോശ്, റാണി അഹല്യാ ബായ് ഹോള്‍ക്കറുടെ സംഭാവനകള്‍ ലഭിച്ച ഇടങ്ങളുടെ വിവരണത്തില്‍ കാശിയും ഗയയും സോമനാഥവും അയോദ്ധ്യയും മഥുരയും ഹരിദ്വാറും കാഞ്ചിയും അവന്തിയും ദ്വാരകയും ബദരിനാരായണവും രാമേശ്വരവും ജഗന്നാഥപുരിയുമെല്ലാം രേഖപ്പെടുത്തിക്കാണുന്നു. ദേവി അഹല്യയുടെ ഭരണം ഭാരതീയ ധര്‍മ്മത്തിനും സംസ്‌കൃതിക്കും നല്‍കിയ സംഭാവനകളുടെ വൈപുല്യം ഏതൊരു ചരിത്രാന്വേഷകനെയും വിസ്മയഭരിതനാക്കും. കൃഷിയിലും വ്യവസായത്തിലും വിദ്യാഭ്യാസത്തിലും നീതിന്യായ വ്യവസ്ഥയിലും പൊതുആരോഗ്യപരിരക്ഷയിലും കലാ സാംസ്‌കാരിക മേഖലകളുടെ വളര്‍ച്ചയിലും നഗര/ഗ്രാമ വികസനത്തിലും പരിസ്ഥിതി സംരക്ഷണത്തിലും ധനവിനിയോഗത്തിലും എല്ലാം മുന്നൂറു വര്‍ഷം മുന്‍പത്തെ റാണി അഹല്യാ ബായിയുടെ ഭരണം നല്‍കിയ മാതൃക ചരിത്രപരമാണ്. ‘വിരാസത്ത് ഔര്‍ വികാസ്’ എന്ന സങ്കല്പത്തിന്റെ സാക്ഷാത്കാരമാണ്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക