തൃശൂര്‍: വാരണാസിയില്‍ നടക്കുന്ന ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ അണ്ടര്‍ 14 കേരള വോളിബോള്‍ ടീം ക്യാപ്റ്റനായി പേരാമംഗലം ശ്രീദുര്‍ഗാവിലാസം ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ അഭയ്് രാജ് സി. വി. തിരഞ്ഞെടുക്കപ്പെട്ടു.
പേരാമംഗലം ശ്രീദുര്‍ഗാവിലാസം ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്ഡിവി വോളി അക്കാദമിയില്‍ വോളിബോള്‍ പരിശീലനം നടത്തിവരുന്ന അഭയ് രാജ് കഴിഞ്ഞ നാലു വര്‍ഷമായി സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ കളിച്ചു വരുന്നു. കണ്ണൂര്‍ ജില്ലയിലെ ചന്തപ്പുര സ്വദേശികളായ അലോലത്ത് വീട്ടില്‍ ബാബുരാജിന്റെയും രമ്യയുടെയും മകനാണ് അഭയ്രാജ്.
മികച്ച പ്രകടനം കാഴ്ചവച്ച അഭയ രാജിനുള്ള അംഗീകാരം കൂടിയാണ് സംസ്ഥാന ക്യാപ്റ്റന്‍ പദവി. ശ്രീദുര്‍ഗാവിലാസം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ അനുരഞ്ജ് ഷാജി, ജോണ്‍ സാവിയോ വര്‍ഗീസ് എന്നിവരും സംസ്ഥാന ടീമില്‍ അംഗങ്ങളാണ്. സംസ്ഥാന- ദേശീയ മത്സരങ്ങളില്‍ പേരാമംഗലം ശ്രീദുര്‍ഗാ വോളിബോള്‍ അക്കാദമി നിര്‍ണായകമായ നേട്ടങ്ങളാണ് ഈ വര്‍ഷം കൈവരിച്ചത്. അണ്ടര്‍ 14,17,19 കാറ്റഗറികളിലായി 8 കുട്ടികളാണ് ഈ വര്‍ഷം സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ദേശീയ മത്സരത്തില്‍ കളിച്ചത്. ഈ മൂന്ന് കാറ്റഗറികളില്‍ ആയി തൃശൂര്‍ ജില്ലയെ പ്രതിനിധീകരിച്ച് ആകെ മത്സരിച്ച 36 കായികതാരങ്ങളില്‍ 23 പേരും പേരാമംഗലം വോളിബോള്‍ അക്കാദമിയിലെ വിദ്യാര്‍ത്ഥികള്‍ ആയിരുന്നു. ഇതില്‍ അണ്ടര്‍ 17ല്‍ തൃശൂര്‍ ജില്ലാ സംസ്ഥാന ചാമ്പ്യന്മാരായപ്പോള്‍ അണ്ടര്‍ 14വിഭാഗത്തില്‍ മൂന്നാം സ്ഥാനം നേടി.
കേരള ടീമിന്റെ മുഖ്യ പരിശീലകന്‍ പി. ശിവകുമാര്‍ ആണ്. ജിതിന്‍ രാജേന്ദ്രന്‍, മനു പി ജയന്‍,രോഹിത് ഗോപി, ഗൗതം എന്നിവര്‍ സഹപരിശീലകരാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക