ഡെറാഡൂണ്‍ (ഉത്തരാഖണ്ഡ്): ലോക ആയുര്‍വേദ കോണ്‍ഗ്രസ് പത്താം പതിപ്പിന്റെ ഭാഗമായി നടക്കുന്ന ആരോഗ്യ എക്സ്പോയില്‍ പാരമ്പര്യവും ആധുനികതയും സമന്വയിക്കുന്നു. പരമ്പരാഗത അറിവുകള്‍ക്കൊപ്പം അത്യാധുനിക സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തി വികസിപ്പിച്ചെടുത്ത ആയുര്‍വേദ മരുന്നുകളും ചികിത്സാരീതികളും ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ഭാരതത്തിനകത്തും പുറത്തുമുള്ള പ്രമുഖ ആയുര്‍വേദ സ്ഥാപനങ്ങളാണ് എക്സ്പോയില്‍ പങ്കാളികളായിരിക്കുന്നത്. പത്താമത് ലോക ആയുര്‍വേദ കോണ്‍ഗ്രസ് ഇന്ന് സമാപിക്കും.
ഡിജിറ്റല്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ആയുഷ് മന്ത്രാലയം ഒരുക്കിയ വലിയ സ്റ്റാള്‍ ഈ രംഗത്തെ ഏറ്റവും പുതിയ മുന്നേറ്റം വരെ അടയാളപ്പെടുത്തുന്നു. കോട്ടക്കല്‍ ആര്യവൈദ്യശാല, വൈദ്യരത്നം ഔഷധശാല, കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസി, ശ്രീധരീയം, ഔഷധി, ഹിമാലയ, നാഗാര്‍ജുന, ഡാബര്‍ തുടങ്ങിയ സ്ഥാപനങ്ങളും വിപുലമായ സ്റ്റാളുകളാണ് ഒരുക്കിയിരിക്കുന്നത്. മരുന്നുകള്‍ക്ക് പുറമെ പരിശോധന ഉള്‍പ്പെടെയുള്ള സേവനങ്ങളും കോട്ടക്കല്‍ ആര്യവൈദ്യശാല, വൈദ്യരത്നം ഔഷധശാല, കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസി, ശ്രീധരീയം തുടങ്ങിയ സ്ഥാപനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ശ്രീധരീയത്തിന്റെ മൊബൈല്‍ ആയുര്‍വേദിക് ഐ ക്ലിനിക്കിന്റെ സേവനവും എക്സ്പോയിലുണ്ട്.
ഒരു ലക്ഷം ചതുരശ്ര അടി വിസ്തൃതിയിലാണ് ആരോഗ്യ എക്സ്പോ ഒരുക്കിയിരിക്കുന്നത്. 350 ലധികം സ്റ്റാളുകളും എക്സ്പോയിലുണ്ട്. 58 രാജ്യങ്ങളില്‍ നിന്നുള്ള 320 വിദേശ പ്രതിനിധികള്‍ ഉള്‍പ്പെടെ 9600 ലധികം പേരാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. സമ്മേളന പ്രതിനിധികള്‍ക്കുപുറമെ ദിവസവും ഒന്നരലക്ഷത്തിലധികം പേരാണ് എക്സ്പോയില്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: